Malayalam WriteUps

ഒറ്റനാണയങ്ങൾ

“നീ എൻറെ നാട്ടിലേക്ക് വരുന്നോ ഗായത്രീ…?”

-എന്ന ബാലയുടെ ചോദ്യം കേട്ടപ്പോൾ എന്തായാലും പോകാമെന്ന് എനിക്കു തോന്നി. മഴക്കാറു ആകാശത്തെ പകുതിയോളം മൂടുന്നത് കണ്ടാണ് ഞങ്ങൾ യാത്രതിരിച്ചത്. കൈയിലാകെ ഒരു കുടയേ ഉള്ളൂ.
എന്നിട്ടും വന്ന രണ്ടു ബസുകളെ സൈഡ് സീറ്റിൽ മുഴുവനും ആളുണ്ടെന്ന കാരണത്താൽ ഞാൻ യാത്രയാക്കി. അവൾക്ക് അത് അത്ര നന്നേ രസിച്ചില്ല എന്നു മനസിലായപ്പോൾ അടുത്ത ബസിലെന്തായാലും കയറാമെന്നു ഞാൻ വാക്കുകൊടുത്തു.

ഒരു ഇടുങ്ങിയ വഴിക്കു മുൻപിലാണ് ബസ് നിർത്തിയത്.

“ഹാ..സ്ഥലത്തി..നല്ല രസാടോ..നീ വാ.. ”
-അവൾ എൻറെ കൈയും പിടിച്ചു നടക്കാൻ തുടങ്ങി.
റബ്ബർ മരങ്ങൾക്കിടയിലൂടെയുള്ള നടത്തം എനിക്കു തീരെ ഇഷ്ടപ്പെട്ടില്ല.കരിയിലകൾ കൊണ്ടു വഴി ആകെ മൂടപ്പെട്ടിരുന്നു.

“ബാലാ..ഇവിടെ പാമ്പുണ്ടാകുമോ ? ”

-എൻറെ സംശയത്തിൽ ഭയം നിഴലിക്കുന്നത് മനസിലായതുകൊണ്ടാണോയെന്നറിയില്ല.അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു.

“ഇവിടുത്ത പാമ്പുകളും വളർത്തുനായ്ക്കളും ഒരുപോലാ..കൂറുള്ളവരാ”

പാമ്പുകളുടെ തത്വശാസ്ത്രമൊന്നും എനിക്കറിയില്ല.പക്ഷേ പല രാത്രിസ്വപ്നങ്ങളിലും ആടിയാടി വന്നെന്നെ ഭയപ്പെടുത്താറുണ്ട്.
ഞാൻ ഒരു ദീർഘനിശ്വാസത്തോടെ ചുറ്റും നോക്കി. മൺതിട്ടകൾ,ചെമ്പരത്തി വേലികൾ,ഓലയും പ്ലാസ്റ്റിക്കും കൊണ്ടുള്ള വീടുകൾ,ഷീറ്റും ഓടും ഇടയ്ക്കിടെ മാത്രം തലപൊങ്ങിനിൽക്കുന്നു.

കുറച്ചുദൂരം നടന്നപ്പോൾ ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടു ഞങ്ങൾ പരസ്പരം നോക്കി.

“അടുത്ത വീട്ടിലെ ചേട്ടനോ മുത്തച്ഛനോ മരിച്ചെന്ന് തോന്നണൂ”

അവൾ പറഞ്ഞതുകേട്ടിട്ടു എനിക്ക് തിരിച്ചുപോകാൻ തോന്നി.ആ മരണവീടിനോട് ചേർന്നു കാണുന്നതാണ് അവളുടെ വീടെന്ന് അവൾ ചൂണ്ടികാട്ടി.വീടല്ല അതൊരു കുടിലാണ്.
കുടിലായതുകൊണ്ടല്ല പക്ഷേ ‘മരണം’ അതൊരു പക്ഷിയുടേതാണെങ്കിൽപോലും എന്നെ അസ്വസ്ഥപ്പെടുത്താറുണ്ട് ബാലാ..എന്നെനിക്കു പറയണമെന്നുണ്ടായിരുന്നു.പക്ഷേ ഞാൻ അവൾക്കൊപ്പം നടന്നു വീടിനകത്തേക്കു കയറി.

“ബാഗും സാധനവും ദേ ഇവിടെ വയ്ക്ക്..നമുക്ക് അപ്പുറം വരെ പോകാം ”

-അവൾ എന്നെയും വിളിച്ച് മരണവീട്ടിലെ ചെറിയ ആൾക്കൂട്ടങ്ങളെ വകഞ്ഞുമാറ്റി.

ഒരു ചെറിയ കീറിയ പായയിലാണ് ശവം കെടത്തിയിരിക്കുന്നത്. തലയ്ക്ക് മുകളിൽ ചിരട്ടയിൽ ഒരു വിളക്കും തെളിയിച്ചിട്ടുണ്ട്. ഇതെല്ലാം നോക്കി നിന്ന എന്നേം തട്ടി മാറ്റി ഒരു മെലിഞ്ഞ വൃദ്ധൻ മുറുക്കാൻ തെറിക്കുന്ന രീതിയിൽ സംസാരിച്ചു.

“തങ്കേ…ഒരു നാണയമെടുത്ത് നിൻറെ കെട്ടിയോൻറെ നെറ്റിയിൽ വയ്ക്ക് ”

മുഷിഞ്ഞ നൈറ്റിയിൽ കണ്ണീരു തുടച്ചു അവർ എഴുന്നേറ്റു. ഒറ്റമുറി വീട്ടിൽ ഒരറ്റത്തു കൂട്ടിവച്ചിരിക്കുന്ന അടുപ്പിനു മുകളിലെ ടിന്നിൽ അവർ കൈയിട്ടു . ഒന്നും ഉണ്ടായിരിക്കില്ല അതായിരിക്കാം അവർ പരുങ്ങുന്നതെന്ന് എനിക്കു തോന്നി.

“തമ്പൂ.. അതിങ്ങെടുക്ക്.. അപ്പാൻറെ കീശേന്നെടുത്തതിങ്ങെടുക്ക് ”

അവർ മറ്റൊരു സ്ത്രീയുടെ മടിയിലിരുന്ന കുട്ടിയെ നോക്കി പറഞ്ഞു.

“ഇല്ല..നാ തരൂല..അതേ അപ്പ എക്ക് മുട്ടായി വാച്ചാൻ തന്ന താ..”
-അവൻ രണ്ടു കൈയും കാലിനിടയിൽ പൂഴ്ത്തി ചിണുങ്ങി നിന്നു.

“കൊച്ചല്ലേ..തങ്കേ..അവൻ വച്ചേക്കട്ട്..നീ വേറെയൊണ്ടോ നോക്ക് ”
-അടുത്തിരുന്ന സ്ത്രീ പറഞ്ഞതും കേട്ടവർ ചുറ്റും നോക്കി.

“ഇല്ല..ഒണ്ടേൽ പാമ്പ് കടിച്ച് കിടന്നപ്പോ ഇങ്ങേരെ ഞാൻ എവിടേലും കൊണ്ട്വാവൂലായിരുന്നോ”
-അവർ തലതല്ലി കരയാൻ തുടങ്ങി.

“അവനവൻറെ പൈസ തന്നെ ചാകുമ്പോ വയ്ക്കണം ”
-അയാൾ വീണ്ടും പറഞ്ഞു.

ബാല എൻറെരികിൽ വന്ന് എൻറേൽ പൈസയുണ്ടേൽ തരാൻ ആവശ്യപ്പെട്ടു.കയ്യിലിരുന്ന പേഴ്സിൽ നിന്നും ഇരുപതു രൂപ ഞാൻ നീട്ടി.

“മോനേ..ദേ ഇത് വച്ചിട്ട് ആ രണ്ടുരൂപ ഇങ്ങുതന്നേ”
-അവൾ അവൻറെ കവിളിൽ പിടിച്ചു ചിരിച്ചു ചോദിച്ചു.

“എക്ക് ബേണ്ട..അപ്പ തന്ന മതി ”

ഇരുപതുരൂപ വാങ്ങാതെ രണ്ടുരൂപയും കൈയിൽ വച്ചു പിണങ്ങുന്ന കുട്ടിയെ കണ്ടപ്പോൾ എനിക്ക് അത്ഭുതവും സഹതാപവും തോന്നി. പെട്ടെന്നാണ് ഒരു മെലിഞ്ഞ ചെക്കൻ വന്ന് അവൻറെ കൈയിലിരുന്ന പൈസ ബലമായി പിടിച്ചുവാങ്ങിയത്.എന്നിട്ടവൻ അതവരുടെ കൈയിൽ കൊടുത്തു. അയാളുടെ കീശയിൽ അവസാനമുണ്ടായിരുന്ന പൈസ അവർ നെറ്റിമേൽ വച്ചു. പക്ഷേ കുട്ടിയുടെ കരച്ചിൽ അവരെയാകെ ദേഷ്യം പിടിപ്പിച്ചു. അടുത്തിരുന്ന സ്ത്രീ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അവൻ വഴങ്ങിയില്ല.

“അസത്ത്.തന്ത ചത്തു കിടക്കുമ്പോ കണ്ടില്ലേ ..”

-അവർ അതും പറഞ്ഞ് തൻറെ ശ്രമം നിർത്തി വച്ചു. വായ്ക്കരിയിടാൻ റേഷനരി മാത്രമേ ഉള്ളൂവെന്നു പറഞ്ഞ് ആ സ്ത്രീ സങ്കടപ്പെട്ടപ്പോൾ ബാല ആ ഇരുപതു രൂപ അവർക്കു നേരെ നീട്ടി.
എന്നിട്ടവൾ കരയുന്ന കുട്ടിയേയും എടുത്ത് പുറത്തേക്കിറങ്ങി.

“നീ വരുന്നില്ലേ..വാ..അപ്പുറം പോയിരിക്കാം ”

ഞാനും അവളോടൊപ്പം പുറത്തിറങ്ങി. ആ കുട്ടിയുടെ കരച്ചിൽ നിന്നിട്ടില്ല. അവൻ മിഠായി വാങ്ങാനുള്ള പൈസയ്ക്കുവേണ്ടി കിടന്നു കരയുകയാണ്.

“വാ..നമുക്കാ പുഴയുടെ അരികിലിരിക്കാം”

-പക്ഷേ അത് പുഴയായിരുന്നില്ല..ഒരു ചാല്.. എന്താണിവൾ ഇങ്ങനെ കുടിലിനെ വീടെന്നും തോടിനെ പുഴയെന്നുമൊക്കെ വിളിക്കുന്നത്.ഞാൻ പിറുപിറുത്തു.

കുട്ടിയുടെ കരച്ചിൽ മാറ്റുക രണ്ടുപേരുടെയും ലക്ഷ്യമായി എനിക്കു തോന്നി.

“തമ്പൂ…മോന് ചേച്ചി കുറേ മിഠായി വാങ്ങിതരാട്ടോ…”

“മേണ്ട..”
-എന്നും പറഞ്ഞവൻ വീണ്ടും കരയാൻ തുടങ്ങി.

ഞാൻ പേഴ്സിന് അമ്പതുരൂപ നോട്ടെടുത്ത് അവനൻറെ കൈയിൽ തിരുകി.

“നോക്കിയേ..ആ രണ്ടു രൂപയെക്കാൾ കുറേ മിഠായി ഈ പൈസയ്ക്ക് മോനു കിട്ടും”

“വാണ്ടാ..എനിച്ചെൻറ അപ്പ തന്ന പാച്ച മതീ..”
-എന്നും പറഞ്ഞവൻ അമ്പതുരൂപ വെള്ളത്തിലിട്ടു.

“രണ്ടുരൂപയെക്കാൾ മൂല്യം കുറവാണോ അമ്പതുരൂപയ്ക്ക്…”

“നീ എന്താ കാണിച്ചേ..കൊച്ചേ..”
-എന്നും പറഞ്ഞവൾ കുട്ടിയുടെ കൈയിൽ നുള്ളി.പക്ഷേ അവൻ കൈകൊട്ടി ചിരിക്കുകയായിരുന്നു.
അവൻറെ കണ്ണുകൾ ശ്രദ്ധിക്കുന്നത് ഒഴുകിപോകുന്ന അമ്പതുരൂപയെയായിരുന്നു.

അമ്പതുരൂപയെക്കാൾ വലുതായിരുന്നു അവനാ രണ്ടുരൂപ..!!!!

നമുക്കെന്തെങ്കിലും അങ്ങനെയുണ്ടോ ?
എത്ര വിലയിട്ടാലും അതിനൊപ്പം നിൽക്കാത്ത പ്രിയപ്പെട്ട , നമ്മുടേത് മാത്രമായ ചില ഒറ്റനാണയങ്ങൾ?

-സൂര്യഗായത്രി

 

Devika Rahul