ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാങ്ക് റോബറി; സിനിമയെ വെല്ലുന്ന മോഷണ രീതിയുമായി 10 യുവാക്കൾ !

പല തരത്തിലുള്ള മോഷണങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ബ്രസീലിൽ നടന്ന ഒരു മോഷണം ഏവരുടെയും ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ബ്രസീലിലെ സിയറാ സ്റ്റേറ്റിലുള്ള ഫൊര്‍ത്തലേസായില്‍ സ്ഥിതിചെയ്യുന്ന ബ്രസീലിയന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ശാഖയില്‍ 2005 ഓഗസ്റ്റ് 7 നു നടന്ന മോഷണമാണ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ബാങ്ക് റോബറി എന്ന വിശേഷണത്തിനര്‍ഹമായി മാറിയത്.

വിതരണം ചെയ്യുവാനായി ബാങ്കിനുള്ളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന അഞ്ച് കണ്ടൈനര്‍ ബോക്സുകളില്‍നിന്നു 50 റിയാലിന്റെ നോട്ടുകെട്ടുകളാണ് മോഷണം പോയത്. അതായത് 164,755,150 ബ്രസീലിയന്‍ റിയാല്‍സ്. ഇത് 2005 ലെ എക്സ്ചേഞ്ച് റേറ്റു പ്രകാരം ഏകദേശം 71.6 മില്യണ്‍ യു എസ് ഡോളറിനു തുല്യമാണ്.

ഈ നോട്ടു കെട്ടിന്റെ വെയിറ്റ് മാത്രം 3.5 ടണ്‍ ഉണ്ടായിരുന്നു എന്നറിയുമ്പോൾ ആണ് മോഷണത്തിന്റെ വ്യാപ്തി മനസ്സിലാക്കാനാവുക. മോഷണം നടന്നത് വീക്കെന്‍ഡിലായിരുന്നു. എന്നാല്‍ തിങ്കളാഴ്ച കാലത്ത് ബാങ്ക് ഓപ്പണ്‍ ചെയ്തപ്പോള്‍ മാത്രമാണ് ഈ മോഷണവിവരം പുറത്തറിയുന്നത്.

മോഷണം നടക്കുന്നതിനു ഏകദേശം മൂന്നുമാസം മുന്നേ എട്ടുപത്തു യുവാക്കള്‍ ചേര്‍ന്ന് ഫൊര്‍ത്തലേസാ ബ്രാഞ്ചിന്റെ സമീപത്തായി ഒരു കെട്ടിടം ബിസിനസ്സ് ആവശ്യത്തിനെന്നു പറഞ്ഞു വാടകയ്ക്കെടുത്തു. കൃത്രിമമായി നിര്‍മ്മിക്കുന്ന പുല്‍ത്തകിടികള്‍ വില്‍പ്പന നടത്തുന്ന ബിസ്സിനസ്സായിരുന്നു യുവാക്കള്‍ നടത്തിയിരുന്നത്. പുല്‍ത്തകിടി നിര്‍മ്മാണത്തിനും സൂക്ഷിപ്പിനും നിലമൊരുക്കുന്നതിനും മറ്റുമായി വെട്ടും കിളയും ഒക്കെ ഒരുപാട് നടത്തേണ്ടതുണ്ടായിരുന്നു. കൃത്രിമപുല്‍ത്തകിടി നിര്‍മ്മാണത്തിന്റെ മറവുപറ്റി യുവാക്കള്‍ അവിടെ ഒരു ടണല്‍ നിര്‍മ്മിക്കുകയായിരുന്നു. വീടിനുള്ളില്‍ നിന്നു ഏകദേശം 78 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ട് അവിടെനിന്നു ബാങ്കിന്റെ സ്ട്രോംഗ് റൂമിലേക്കു ഏകദേശം 300 അടിയോളം നീളത്തില്‍ സ്ട്രീറ്റ് ലെവലില്‍നിന്നു നാലുമീറ്ററോളം താഴ്ചയില്‍ സമാന്തരമായി അവര്‍ ടണല്‍ നിര്‍മ്മാണം നടത്തി.

ഓഗസ്റ്റ് 7 നു അതായത് വീക്കെന്‍ഡ് ദിവസം ടണലിലൂടെ ബാങ്കിന്റെ സ്ട്രോംഗ് റൂമിന്റെ നേരേ എത്തി ഏകദേശം 1.1 മീറ്റര്‍ കോണ്‍ക്രീറ്റ് ചുമര്‍ തുരന്ന് ഭദ്രമായി ബാങ്കിനുള്ളിലെത്തി. ബാങ്കില്‍ സൂക്ഷിച്ചിരുന്ന അഞ്ചോളം കണ്ടൈനെര്‍ ബോക്സുകളിലുണ്ടായിരുന്ന പണം മുഴുവനുമെടുത്ത് മോഷ്ടാക്കൾ ടണല്‍ വഴി തങ്ങളുടെ ബിള്‍ഡിംഗിലെത്തുകയും സുരക്ഷിതരായി കടന്നുകളയുകയും ചെയ്തു. ബാങ്കില്‍ കടക്കുന്നതിനുമുന്നേ അതിനുള്ളിലെ അലാറം സംവിധാനങ്ങളും സെന്‍സറിംഗ് സംവിധാനങ്ങളും ഒക്കെയും മോഷ്ടാക്കള്‍ ജാമാക്കിയതിനാല്‍ മോഷണവിവരം മറ്റാരുമറിഞ്ഞതുമില്ല.

source: malayali vartha

Devika Rahul