Malayalam WriteUps

ജൈസൺ വാട്ടർ ടാപ്പ്

നാലാം ക്ലാസ് വരെ പഠിച്ച സ്കൂളിൽ വെള്ളസംഭരണി ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അഞ്ചാം ക്ലാസ്സിൽ പുതിയ സ്കൂളിൽ എത്തിയപ്പോൾ അവിടെ എന്നെ ഏറ്റവും ആകർഷിച്ച കാര്യങ്ങളിൽ ഒന്ന് ഒരു കൂറ്റൻ ജലസംഭരണിയും അതിലെ നിരവധി ടാപ്പുകളുമായിരുന്നു. അതുവരെ കണ്ടു ശീലിച്ച തരം ടാപ്പുകൾ തുറക്കാനും അടക്കാനും, ടാപ്പിനു മുകളിലെ ഒരു ചെറിയ വടി പോലെയൊന്ന് തിരിക്കുക എന്നതായിരുന്നു. എന്നാൽ പുതിയ സ്കൂളിലെ ടാപ്പുകൾ അങ്ങനെയായിരുന്നില്ല. വെള്ളം വരണം എങ്കിൽ ടാപ്പ് തന്നെ ചെറുതായി പൊക്കുക, വെള്ളത്തിന്റെ വരവ് നിർത്തണമെങ്കിൽ കൈയ് വിടുക, വെള്ളത്തിന്റെ വരവ് അതോടെ നിൽക്കും. പിന്നീട് നമ്മുടെ നാട്ടിലെ കുടിവെള്ള പദ്ധതിയിലും അത്തരം ടാപ്പുകൾ ആണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കി. വർഷങ്ങൾ കഴിഞ്ഞാണ് ഈ ടാപ്പുകളുടെ ഉറവിടം നമ്മുടെ കേരളം തന്നെയായിരുന്നു എന്നറിഞ്ഞത്. ഈ പ്രത്യേക ടാപ്പിനൊരു കിടിലൻ പേരുണ്ട്, ജൈസൺ വാട്ടർ ടാപ്പ്.

സാധാരണയായി കുടിവെള്ള വിതരണത്തിനായി നമ്മൾ ഉപയോഗിക്കുന്ന ടാപ്പിന്റെ ഒരു പ്രശ്നമായിരുന്നു വെള്ളം പാഴാവുക എന്നത്. പ്രത്യേകിച്ച് പൊതുവിടങ്ങളിലെ ടാപ്പ് ആകുമ്പോൾ പൈപ്പ് തുറന്നാൽ അടക്കാൻ മറന്നു പോകും. അതായത് ടാപ്പിന്റെ പ്രശ്നമല്ല, ഉപയോഗിക്കുന്ന ആളുകളുടെ പ്രശ്നമായിരുന്നു. അങ്ങനെ കുടിവെള്ളം പാഴായി പോകുന്നതു കണ്ടിട്ടാണ്, പഴയ തിരുവിതാംകൂറുകാരനായ സുബ്രമണ്യ അയ്യർ എന്താണ് ഇതിനൊരു പരിഹാരം എന്ന് ചിന്തിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു ഇത്. ഇൻഷുറൻസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആവശ്യം കഴിഞ്ഞാൽ സ്വയം അടയുന്ന ഒരു ടാപ്പ് ഡിസൈൻ ചെയ്തു. അതിനു ശേഷം തന്റെ എഞ്ചിനീയർ സുഹൃത്തുക്കളായ ശ്രീ രാജംഗത്തിന്റെയും നാരായണന്റെയും സഹായത്തോടു കൂടി സുബ്രമണ്യ അയ്യർ താൻ മനസ്സിൽ കണ്ട ടാപ്പ് പ്രാവർത്തികമാക്കി. ജൈസൺ വാട്ടർ ടാപ്പിന്റെ പ്രായോഗികത കാരണം അതൊരു ‘Instant Hit’ ആയി മാറി. പൊതു സ്ഥലങ്ങളിലെ ടാപ്പുകളെല്ലാം വളരെ പെട്ടെന്ന് തന്നെ ജൈസൺ വാട്ടർ ടാപ്പ് ആയി മാറി. റെയിൽവേ എഞ്ചിനീയർ ആയിരുന്ന ശ്രീ രാജംഗത്തിന്റെ ശ്രമബലമായി റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഈ ടാപ്പ് ഉപയോഗിക്കാൻ തുടങ്ങി.

സുബ്രമണ്യ അയ്യർ, ജൈസൺ വാട്ടർ ടാപ്പിന്റെ വ്യവസായിക അടിസ്‌ഥാനത്തിനുള്ള ഉല്പാദനത്തിന് വേണ്ടി കരമനയിൽ ഒരു ഫാക്ടറി തുടങ്ങിയെങ്കിലും തൊഴിൽ പ്രശ്നങ്ങൾ കാരണം വളരെ വേഗത്തിൽ തന്നെ ഫാക്ടറി കോയമ്പത്തൂരിലേക്ക് മാറ്റി. ഇതിനിടയിൽ തന്റെ കണ്ടു പിടുത്തതിന് പേറ്റന്റ് എടുക്കാനും സുബ്രമണ്യ അയ്യർ മറന്നില്ല. ഇന്ത്യയെ കൂടാതെ ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലും ജൈസൺ വാട്ടർ ടാപ്പ് ഉപയോഗിച്ച് തുടങ്ങി. പിൽക്കാലത്തു ഇന്ത്യയിലും ശ്രീലങ്കയിലും ഒഴിച് ഈ ടാപ്പ് നിർമിക്കാനും വിതരണം ചെയ്യാനുമുള്ള അവകാശം ഹൈഡ്രോപ്ലാൻ എന്ന ജർമൻ കമ്പനി കരസ്ഥമാക്കി. അങ്ങനെ യൂറോപ്യൻ രാജ്യങ്ങളിലേക്കും നമ്മുടെ കേരളത്തിൽ ഉത്ഭവിച്ച ടാപ്പുകൾ യാത്ര തുടങ്ങി

Devika Rahul