Malayalam WriteUps

തന്റെ പ്രിയപെട്ടവരെ വർഷത്തിലൊരിക്കൽ വിധിക്കപ്പെട്ട സ്ത്രീ !

തന്റെ പ്രിയപെട്ടവരെ വർഷത്തിലൊരിക്കൽ വിധിക്കപ്പെട്ട സ്ത്രീ !

പെണ്ണായി പിറന്നവർ…

പത്തിരുപ്പത്തിയഞ്ചു വർഷം വളർത്തിയിട്ട് ഒരു ദിവസം ഒരു മരം വേരോടെ മറ്റൊരു സ്ഥലത്തു നട്ടാൽ അത് ഒരുപക്ഷേ പഴയതു പോലെ നന്നായി വളരും. ചിലപ്പോൾ ചില മരങ്ങൾ ആ മണ്ണും കാലാവസ്ഥയും പിടിക്കാതെ ഉണങ്ങി പോകും.ഇതുപോലെയാണ് ഓരോ പെണ്കുട്ടിയുടേയും ജീവിതവും. വർഷങ്ങൾ വളർത്തിയ മകളെ ഒരു ദിവസം കെട്ടിച്ചു ഒരു പുതിയ വീട്ടിലേയ്ക്ക് പറഞ്ഞു വിടും. തികച്ചും അപരിചിതമായ ആൾക്കാരും, വീടും, കുടുംബാന്തരീക്ഷവുമാകാം അവിടെ.

പക്ഷെ മകനെ നമ്മൾ കൂടെ നിർത്തും. അവനാണ് രക്ഷക്കാർത്താക്കളെ നോക്കേണ്ടതും ആ വീടിന്റെ അവകാശിയും എന്നതാണ് മറ്റൊരു കാര്യം.കയറി ചെല്ലുന്ന വീട്ടിൽ ശ്വാസം മുട്ടി ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ടാവും. നിവർത്തികേട് കൊണ്ട് ഒരക്ഷരം മറുത്തു പറയാതെ ജീവിക്കുന്നവരും ഉണ്ട്. വേറെ ചിലർ സ്വസ്ഥതയോർത്തു വേറെ വീട്ടിലേയ്ക്ക് താമസം മാറുന്നവരുമുണ്ട്.

മിക്ക വീടുകളിലുമിന്ന് അമ്മയും, അച്ഛനും, മക്കളും മാത്രമേയുണ്ടാകു. അണുകുടുംബം.
കോഴി കൂവുന്നതിന് മുൻപേ മിക്ക വീടുകളിലും അതിരാവിലെ എഴുന്നേറ്റ് ചോറും കറിയും വെക്കുന്ന സ്ത്രീകളെ കാണാം. ഭർത്താവിന് ജോലിയ്ക്ക് പോകണം, മക്കൾക്ക് സ്കൂളിൽ പോകണം. ഇവർക്കൊക്കെ പ്രഭാത ഭക്ഷണവും, ചോറും പൊതിഞ്ഞ് കൊടുത്തതിന് ശേഷം തയ്യാറായി ജോലിയ്ക്ക് പോകുന്ന ഒരു കൂട്ടം സ്ത്രീകൾ. മറ്റ് ചിലർ വീട്ടു ജോലികളിൽ രാപകൽ ഇല്ലാതെ കഷ്ട്ടപ്പെടുന്നവർ.

വിവാഹ ശേഷം അച്ഛനേയും അമ്മയെയും, കൂടപ്പിറപ്പിനെയും കുടുംബത്തിനേയും വർഷത്തിൽ ഓണത്തിനോ, ക്രിസ്തുമസിനോ, വിഷുവിനോ കാണുവാൻ മാത്രം വിധിക്കപ്പെട്ട സ്ത്രീ ജന്മങ്ങൾ. അതും കുട്ടികളുടെ അവധി കഴിയുന്നത് വരെ മാത്രം.അമ്മയുടെ കൈപുണ്യം നിറഞ്ഞ ഭക്ഷണം കഴിച്ചു കൊതി തീരും മുൻപേ അവധി കഴിയും. സംസാരിച്ചു കൊതി തീരും മുൻപേ ദിവസങ്ങൾ ഓടി മറയും. പണ്ട് കൂടെ കളിച്ചവരെ ഒരു നോക്ക് കാണാതെ മടങ്ങേണ്ടി വരും.

തിരികെ വണ്ടിയിൽ കയറി മടങ്ങുമ്പോൾ നെഞ്ചിൽ എന്തെന്നില്ലാത്ത ഭാരം തോന്നും. പക്ഷെ ആ ഭാരവും പേറി അവൾ യാത്രയാവും. യാത്രയായേ പറ്റു. നാളെ ഭർത്താവിനും മക്കൾക്കും ജോലിയ്ക്ക് പോകണം. രാവിലെ എഴുന്നേൽക്കണം. പൂവൻ കോഴിയെ പോലെ കൂകി വിളിക്കുന്ന ഒരു അലാറമുണ്ട് ഓരോ സ്ത്രീയുടെയും ഉള്ളിൽ.
നിങ്ങൾക്ക് പെണ്മക്കൾ ഉണ്ടോ? അവരെ പിരിഞ്ഞിരിക്കുവാൻ നാളെ നിങ്ങൾക്കും സാധിക്കുമോ? പക്ഷെ കഴിയുമെങ്കിൽ അവരോടൊപ്പം തന്നെ ജീവിക്കുക. അവർ ഓടുന്ന ഓട്ടത്തിനിടയ്ക്ക് നിങ്ങൾ കൂടെ ഉള്ളപ്പോൾ അവൾക്ക് തളരില്ല.

ഇത് വായിക്കുമ്പോൾ നാളെ സ്വന്തം മകളുടെ കാര്യം ഓർത്തു പോകുന്നത് ഞാൻ മാത്രമാണോ? മകളുടെ കാര്യം മാത്രം ഓർത്താൽ പോര, അമ്മയും, ഭാര്യയും, മരുമകളും എല്ലാം ഇത് അനുഭവിച്ചിട്ടുണ്ട്..

ഡോ. ഷിനു ശ്യാമളൻ

Devika Rahul