Categories: Malayalam Article

നിങ്ങൾക്കറിയുമോ പൊള്ളലേറ്റവരുടെ ചികിത്സ എങ്ങനെയാണെന്ന്.. പൊള്ളലിനേക്കാൾ ഭീകരം മന:സാക്ഷി ഉള്ളവർക്ക് കണ്ടു നിൽക്കാൻ കഴിയില്ല.

എനിക്കറിയാമായിരുന്നു ആ പെൺകുട്ടി മരിക്കുമെന്ന് .. ശരീരത്തിന്റെ 85% വും കത്തിയിട്ട് ബാക്കി 15% കൊണ്ട് എങ്ങനെ ജീവിക്കാനാണ്.. കത്തിക്കുന്നവർക്കറിയുമോ തീപൊള്ളൽ എന്താണെന്ന്… ഇല്ലെങ്കിൽ ഒന്നു പോയി നോക്കണം. മെഡിക്കൽ കോളജിന്റെ തീപൊള്ളൽ വാർഡുകളിലേക്ക് .. ചീഞ്ഞുപഴുത്ത മുറിവുകളും പറിയുന്ന നിലവിളിയും നിങ്ങളിലെ ഏതു സൈക്കോയേയും ഇല്ലാതാക്കും. അനുഭവിക്കണമെന്നില്ല.. കണ്ടാൽ മതി. ആ ദുരിതത്തിനോടൊപ്പം അര മണിക്കൂർ ചെലവിട്ടാൽ മതി.. 40 % പൊള്ളലേറ്റ കുഞ്ഞാന്റിയോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ആ മുപ്പത് ദിവസങ്ങൾ എന്നെ ഭ്രാന്തിയാക്കി. അത്ര മാരകമാണ് പൊള്ളലേറ്റവരുടെ അവസ്ഥ ..

അടിച്ചുവാരി തീയിടുന്നതിനിടെ നൈറ്റിയിൽ കയറിപ്പിടിച്ച തീ ആന്റിയുടെ ശരീരത്തിന്റെ പിൻഭാഗം മുഴുവൻ പൊള്ളിച്ചു കളഞ്ഞു. നാഭിയുടെ ഭാഗത്തും നെഞ്ചിലുമായി വേറെയും പൊള്ളലുകൾ. ബ്രേസിയറിന്റെ പാട് അതേ പോലെ അവശേഷിപ്പിച്ച ഒരു മുലക്കണ്ണും തിന്നു. പൊള്ളലേറ്റ പിൻഭാഗം കാലുകൾ മുതൽ തോൾ വരെ തൊലി പറിച്ച് ഉരിച്ച് കളഞ്ഞത് പോലെയായിരുന്നു. നിങ്ങൾ കരുതുന്നത് പോലെ പൊള്ളലേറ്റവർ ബോധം കെട്ട് കിടക്കുകയല്ല.അവർ സംസാരിക്കും. ചിരിക്കും. മൊഴി കൊടുക്കും. ഭ്രാന്തമായ വേദന സെഡേഷന്റെ മയക്കത്തിൽ മുക്കി താഴ്ത്തുന്നത് വരെ അവർ സംസാരിക്കും. രക്ഷപ്പെടുമെന്ന് പ്രത്യാശിക്കും. പാതി കത്തിയ ശരീരമാണെങ്കിലും ജീവിച്ചിരിക്കണമെന്ന് അവർ ആഗ്രഹിച്ചു കൊണ്ടേയിരിക്കും.

നിങ്ങൾക്കറിയുമോ പൊള്ളലേറ്റവരുടെ ചികിത്സ എങ്ങനെയാണെന്ന്.. പൊള്ളലിനേക്കാൾ ഭീകരം മന:സാക്ഷി ഉള്ളവർക്ക് കണ്ടു നിൽക്കാൻ കഴിയില്ല. പൊള്ളലേറ്റ ചുവന്ന ഭാഗത്ത് മഞ്ഞപഴുപ്പ് വന്ന് നിറയും. ഇൻഫെക്ഷൻ അത് പാടില്ല . ഉരച്ചു കഴുകി കളയണം. സോപ്പും ചകിരിയും കൊണ്ട് ഉരച്ചുരച്ച് ചുവന്ന രക്തം പൊടിപ്പിക്കണം. തരിപ്പിക്കാതെ ബോധം കെടുത്താതെ പച്ച ജീവനുള്ള രോഗിയെ കൈപൂട്ടിട്ട് പിടിച്ച് നിർത്തി ഉരയ്ക്കണം. അലറി തുളളിപ്പിടഞ്ഞ് നിലത്തു വീണ് കിടന്നുരുളുന്ന രോഗിയെ ക്രൂരമായി ഉരയ്ക്കണം. വാശിയോടെ പടരുന്ന മഞ്ഞക്കളർ ചുവപ്പിക്കാൻ മണിക്കൂറുകളെടുക്കും വേദനയുടെ ആധിക്യത്തിൽ കരയാൻ കഴിയാത്ത കല്ലിപ്പായിരിക്കും പൊള്ളലേറ്റവരെ ശുശ്രൂഷിക്കുന്നവർക്ക്. എത്ര മരുന്നു വെച്ചു കെട്ടിയാലും നൊന്തു നീറുന്ന മുറിവുകൾ പഴുക്കാൻ തുടങ്ങും. ദേഹത്ത് നീരുകെട്ടും. പഴുത്ത ഇറച്ചി പട്ടി ചത്ത് ചീഞ്ഞത് പോലെ നാറ്റം വമിപ്പിക്കും. ഒരു മനുഷ്യജീവി പാതിജീവനോടെ പഴുത്ത് പഴുത്ത് വീങ്ങി ഇല്ലാതാകുന്നത് നിങ്ങൾക്ക് സങ്കൽപിക്കാൻ കഴിയുമോ. ക്രമേണ വൃക്കകളെ .. ഹൃദയത്തെ .. ആന്തരാവയവങ്ങളെ പൊള്ളൽ ബാധിച്ചു കൊണ്ടിരിക്കും.

അപ്പോഴും അവർ ചിരിക്കും.. സംസാരിക്കും.. കരയും.. ഭ്രാന്തു പറയും.. എഴുന്നേറ്റോടാൻ ശ്രമിക്കും.. പ്രതീക്ഷിക്കും .. ജീവനോടെ പുഴുത്ത് നാറുമ്പോഴും ജീവിതത്തിലേക്ക് ഉറ്റുനോക്കുന്നവരുടെ കണ്ണുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ.. മങ്ങി മങ്ങിപ്പോകുന്ന ആ നോട്ടത്തിലെ നിരാശ കണ്ടിട്ടുണ്ടോ. ആദ്യം മുറിക്ക് പുറത്ത്.. കർട്ടന് പിന്നിൽ പതുങ്ങുന്ന മരണം അവരുമായി നേർക്കുനേർ നിൽക്കുന്നത് കണ്ടിട്ടുണ്ടോ.. ലോകത്തിലേറ്റവും വലിയ വേദനയുടെ കുരിശ് ചുമന്ന് നരകിക്കാവുന്നതിന്റെ പരമാവധി നരകിച്ച് കിടക്കുന്ന അവരുടെ തൊണ്ടയിൽ മരണം പെരുവിരൽ കുത്തി അമർത്തുന്നത് കാണണം. അവൾക്കു നേരെ പെട്രോൾ വീശിയൊഴിക്കുന്നതിന് മുമ്പ് നിങ്ങൾ ആ കാഴ്ചകൾ ഒന്ന് കണ്ടു നോക്കണം. കൈ വിറയ്ക്കും. എന്നിട്ടും കൊല്ലാൻ തോന്നുന്നെങ്കിൽ ആത്മഹത്യ ചെയ്തേക്കുക.

കടപ്പാട് : Sheril Thiruvalla

Devika Rahul