പീഡനക്കേസില്‍ വിചാരണയ്ക്ക് മുമ്ബ് നിരപരാധിത്വം തെളിയിക്കാന്‍ ഉണ്ണിമുകുന്ദന് അവസരമൊരുങ്ങി

കൊച്ചി: ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസില്‍ പുതിയ ട്വിസ്റ്റ്. പരാതിക്കാരി അടക്കമുള്ള സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗത്തിന് എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കി. ഇതോടെ കേസ് പുതിയ തലത്തിലെത്തുകയാണ്. നേരത്തെ സാക്ഷികളെ ക്രോസ് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം സ്വകാര്യ അന്യായം പരിഗണിക്കുന്ന ഉണ്ണിമുകുന്ദന് അനുദിച്ച്‌ നല്‍കി. ഇതോടെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് പുതിയ തലത്തിലെത്തുകയാണ്.
വിചാരണ ഘട്ടത്തിന് മുമ്ബ് തന്നെ പരാതിയില്‍ കഴമ്ബില്ലെന്ന് തെളിയിക്കാനുള്ള ഉണ്ണി മുകുന്ദന്റെ ശ്രമത്തിന് പുതിയ പ്രതീക്ഷയാണ് കോടതിയുടെ ഉത്തരവ്. തനിക്കെതിരെ അപവാദപ്രചരണം നടത്തുകയും വിവാഹം കഴിച്ചില്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുമെന്നും യുവതി ഭീഷണിപ്പെടുത്തുന്നതായി ഉണ്ണി മുകുന്ദനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബലാല്‍സംഗ ശ്രമമുള്‍പ്പെടെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ണി മുകുന്ദനെതിരെ ഉന്നയിച്ചിരിക്കുന്നത്. കേസും മറ്റും ഉണ്ണി മുകുന്ദന്റെ കരിയറിനെ ബാധിക്കാത്ത തരത്തിലാണ് മുന്നോട്ട് നീങ്ങുന്നത്.ഇത് എത്രയും വേഗം തീര്‍ക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് പരാതിക്കാരെ വിചാരണയ്ക്ക് മുമ്ബ് തന്നെ വിസ്തരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. ഇതാണ് ജില്ലാകോടതി അംഗീകരിച്ചത്.

കേസ്സിലെ പ്രതിയായ ഉണ്ണി മുകുന്ദന്‍ എറണാകുളത്ത് ചേരനല്ലൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഇവിടെ താമസിച്ചുവരവേ ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നും ആയതിനുള്ള കഥ തന്റെ പക്കലുണ്ടെന്നും, സ്‌ക്രിപ്റ്റുമായി വരാമെന്നും പറഞ്ഞ് ഉണ്ണി മുകുന്ദന്റെ വാടക വീട്ടില്‍ പരാതിക്കാരി ചെന്നുവെന്നും ആ സമയം ഉണ്ണി മുകുന്ദന്‍ ടവനിതയെ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ചെന്ന് ആയിരുന്നു കേസിലെ ആരോപണം. ദിവസങ്ങള്‍ക്ക് ശേഷം എറണാകുളം 9-ാം നമ്ബര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് കേസ് കൊടുക്കുകയാണ് ചെയ്തത്.

തുടര്‍ന്ന് കോടതി സ്ത്രീയുടേയും രണ്ട് സാക്ഷികളായ അലക്സ്, റിനോ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തി ഉണ്ണി മുകുന്ദന്റെ പേരില്‍ നടപടിയെടുത്തു. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സാന്നിദ്ധ്യത്തില്‍ പിന്നീട് മജിസ്ട്രേറ്റ് ആദ്യം വിസ്തരിച്ച മൂന്ന് സാക്ഷികളേയും വിസ്തരിച്ചു. ആസമയം ആ സാക്ഷികളെ ക്രോസ് ചെയ്യാന്‍ അനുവദിക്കണം. അത് അവകാശമാണ് എന്ന് പ്രതിയുടെ വക്കീല്‍ പറഞ്ഞെങ്കിലും മജിസ്ട്രേറ്റ് സമ്മതിച്ചില്ല. പൊലീസ് ചാര്‍ജ്ജ് ചെയ്യാത്ത സ്വകാര്യ അന്യായത്തില്‍ സാക്ഷികളെ ക്രോസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള അവകാശം പ്രതിക്ക് മാത്രമേ ഉള്ളൂ എന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ കുറ്റപത്രം വായിച്ചതിന് ശേഷം മാത്രമേ പ്രതിക്ക് ക്രോസ് ചെയ്യാനുള്ള അവകാശമുള്ളൂ എന്ന് മജിസ്ട്രേറ്റ് ഉത്തരവിട്ടു.

ആ ഉത്തരവിനെതിരെ പ്രതി ടിയാളുടെ അഭിഭാഷകര്‍ മുഖേന എറണാകുളം സെഷന്‍സ് കോടതിയില്‍ കൊടുത്ത റിവിഷന്‍ ഹര്‍ജിയെത്തുടര്‍ന്ന് കീഴ്കോടതി നടപടികള്‍ തല്‍ക്കാലം സ്റ്റേ ചെയ്യുകയും ടി ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കൗസര്‍ എടപ്പകത്ത് പ്രതിയുടെ ഭാഗം വാദമുഖങ്ങള്‍ നിയമവശാല്‍ ശരിയാണെന്ന് കണ്ട് കീഴ്ക്കോടതി ഉത്തരവ് അസ്ഥിരപ്പെടുത്തി കേസിലെ മൂന്ന് സാക്ഷികളേയും ക്രോസ് ചെയ്യാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവായി. പ്രതിക്ക് വേണ്ടി അഡ്വ: സി. എം. ടോമി ചെറുവള്ളി, മാത്യൂസ് സ്‌കറിയ, മനു ടോം, ബാലു ടോം, ജിതിന്‍ കെ. ബി. അടങ്ങിയ ടീമാണ് ഹാജരായത്.

ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം. അതുകൊണ്ടുതന്നെ ഞാനും കുടുംബവും വല്ലാതെ പതറിപ്പോയി. ഇപ്പോള്‍ എല്ലാം ശരിയായി വരുന്നു. ഇനി നിയമനടപടികളുമായി മുന്നോട്ടുപോകും. പ്രശ്‌നനങ്ങള്‍ തീരുന്ന ഒരുനാള്‍ വരും. അന്ന് എല്ലാം തുറന്ന് സംസാരിക്കും’ – തനിക്കെതിരായ കേസിനെ കുറിച്ച്‌ ഉണ്ണിമുകുന്ദന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. മലയാളത്തിന്റെ മസില്‍സ്റ്റാറാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിലും തമിഴിലും തെലുഗിലുമായി കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. മലയാളത്തിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി തുടരുന്നതിനിടെയാണ് കേസും പൊല്ലാപ്പുമെത്തുന്നത്. ചിത്രത്തിന്റെ കഥ പറയാന്‍ വീട്ടിലെത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരുന്നത്.

ഉണ്ണി മുകുന്ദനെതിരെ യുവതി വ്യക്തമാക്കിയ കാര്യങ്ങള്‍ ഇങ്ങനെ:

ഉണ്ണിമുകുന്ദനെ കണ്ട് കഥ പറയാന്‍ വേണ്ടി ഞാന്‍ ഓഗസ്റ്റ് 23ന് സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് വരാനായിരുന്നു ഉണ്ണിമുകുന്ദന്‍ ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോണ്‍ വിളിച്ചാണ് കാണാന്‍ സമയം വാങ്ങിയത്. വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടില്‍ ഉണ്ണിയെ കാണാന്‍ എത്തി. സിനിമാ മേഖലയില്‍ ഇത്രയും നല്ല പയ്യന്‍ ഇല്ലെന്നും തനിച്ച്‌ പോയാല്‍ മതിയെന്നും സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഇത്രയും ഇമേജുള്ള പയ്യന്‍ ഇല്ല. അങ്ങോട്ട് പെണ്‍കുട്ടികള്‍ ചെന്നാല്‍ പോലും ഒഴിഞ്ഞുമാറുന്നയാള്‍ എന്നൊക്കെയായിരുന്നു കേട്ടിരുന്നത്. നേരത്തെ തന്നെ ഉണ്ണിയെക്കുറിച്ച്‌ ചില പരാതികള്‍ കേട്ടിരുന്നെങ്കിലും അവയെല്ലാം വ്യാജമാണെന്നാണ് കരുതിയത്. അവിടെ ചെന്നപ്പോള്‍ അയാള്‍ അല്‍പ്പം ക്ഷോഭത്തിലായിരുന്നു.

കഥ കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം സ്‌ക്രിപ്റ്റ് ചോദിച്ചു. അത് ഞാന്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് പോകാന്‍ എഴുന്നേറ്റപ്പോള്‍ അയാള്‍ എന്നെ കയറിപ്പിടിച്ചു. ഞാന്‍ ബഹളം വെച്ചപ്പോള്‍ അയാള്‍ കൈവിട്ടു. പോകുന്നോ എന്ന് ചോദിച്ചു. ഞാന്‍ പോകുന്നുവെന്ന് പറഞ്ഞു. കഥ കേള്‍ക്കാന്‍ അയാള്‍ തയാറാകാത്തതിനാല്‍ പത്ത് മിനിറ്റ് സമയമേ ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യങ്ങളെല്ലാം കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. 354, 354 (ബി) വകുപ്പുകള്‍ പ്രകാരമാണ് കേസ്. സുഹൃത്തിനെ വിളിച്ച്‌ ഉടന്‍ തന്നെ ഞാന്‍ ലുലുവിലെത്തി. എന്നെ കണ്ടപ്പോള്‍ തന്നെ സുഹൃത്തിന് എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലായി. പ്രശ്നം പറഞ്ഞപ്പോള്‍ അവനെ പോയി അടിക്കണോ അതോ പൊലീസില്‍ പോകണോ എന്ന് അവന്‍ ചോദിച്ചു. ഞാന്‍ ആകെ ഷോക്കിലായിരുന്നു. പ്രശ്നമാകുമെന്ന് മനസിലാക്കിയ ഉണ്ണി എന്നെ ഫോണില്‍ വിളിച്ചു.

ഞാന്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തു. സുഹൃത്തിന്റെ ഫോണില്‍ വിളിച്ച്‌ അയാള്‍ ഭീഷണി മുഴക്കി. പൊതുജനം അറിഞ്ഞാല്‍ ഇത് എന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസില്‍ പരാതി നല്‍കിയില്ല. സെപ്റ്റംബര്‍ 15ന് ഉള്ളില്‍ കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ എത്തി പരാതി നല്‍കി. കോടതി കെട്ടിടം മാറുന്നതിനാല്‍ രഹസ്യമൊഴിയെടുക്കാന്‍ ഒരു മാസം സമയമെടുക്കും എന്നാണ് കോടതിയിലുള്ളവര്‍ പറഞ്ഞത്. പരസ്യ മൊഴിയാണെങ്കില്‍ ഉടന്‍ നല്‍കാനാകുമെന്നും പറഞ്ഞു. എന്നാല്‍ രഹസ്യമൊഴി നല്‍കാനാണ് ഞാന്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് ഒക്ടോബര്‍ ഏഴിന് കോടതിയില്‍ എത്തി രഹസ്യമൊഴിയും നല്‍കി.

പരാതിയുമായി മുന്നോട്ടുപോകുന്നതില്‍ എന്റെ രക്ഷിതാക്കള്‍ എതിരായതിനാല്‍ രഹസ്യമൊഴി മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ് രഹസ്യമൊഴി നല്‍കിയത്. ഐഡന്റിറ്റി തിരിച്ചറിയുമെന്ന് ഭയന്നാണ് പൊലീസിനെ സമീപിക്കാതിരുന്നത്. പരാതി സ്വീകരിച്ച കോടതി ഡിസംബര്‍ എട്ടിന് ഉണ്ണി മുകുന്ദനോട് ഹാജരാകാന്‍ പറഞ്ഞു. മഹാരാജാസ് കോളജിനടുത്തുള്ള ജില്ലാ കോടതിയില്‍ എത്തിയ ഉണ്ണി രണ്ടാള്‍ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. കേസില്‍ ജനുവരി ആറിന് വിചാരണ തുടങ്ങും. – യുവതി പറയുന്നു.

ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി ഇപ്രകാരം

തിരക്കഥ നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ ഒരു യുവതി തനിക്കെതിരെ പീഡനപരാതി ഉന്നയിക്കുകയും നഷ്ടപരിഹാരം ചോദിക്കുകയും ചെയ്തുവെന്നാണ് ഉണ്ണി മുകുന്ദന്‍ പരാതി നല്‍കിയത്. യുവതിക്കും ഇവരുടെ അഭിഭാഷകന്‍ എന്ന് പരിചയപ്പെടുത്തി പണം ആവശ്യപ്പെട്ട് ഫോണ്‍ചെയ്ത ആള്‍ക്കുമെതിരെ ഉണ്ണിമുകുന്ദന്റെ പരാതി.

ഒറ്റപ്പാലം സ്വദേശിനിയായ യുവതിക്ക് എതിരെയാണ് പരാതി നല്‍കിയത്. പീഡിപ്പിച്ചുവെന്ന് പരാതി നല്‍കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇതിന് പിന്നാലെ അഭിഭാഷകനും രംഗത്തെത്തിയെന്നും പറഞ്ഞാണ് ഉണ്ണി മുകുന്ദന്റെ ആക്ഷേപം. സംഭവത്തിന് പിന്നാലെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ ഉണ്ണി മുകുന്ദന്‍ പരാതി നല്‍കുകയും കേസ് പിന്നീട് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.

തിരക്കഥ വായിച്ച്‌ കേള്‍പ്പിക്കാന്‍ എത്തിയ യുവതിയാണ് പിന്നെ തനിക്കെതിരെ തിരിഞ്ഞതെന്നും ഭീഷണി തുടങ്ങിയതെന്നുമാണ് ഉണ്ണി മുകുന്ദന്റെ പരാതി. തിരക്കഥ മോശമായതിനാല്‍ അത് നിരസിച്ചു. ഇതിന് പിന്നാലെയാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരമൊരുക്കണമെന്നും അല്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നും 25 ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തി യുവതി രംഗത്തെത്തുകയായിരുന്നു എന്നാണ് താരത്തിന്റെ ആക്ഷേപം.

Devika Rahul