Malayalam WriteUps

ഭദ്ര ഭാഗം 2

” ഇനി ഞാൻ ഈ ചെക്കനേം കൊണ്ട് നാട് ചുറ്റാൻ പോവില്യാട്ടോ സുഭദ്രാമ്മേ ”
‘എന്ത് പറ്റി മാധവാ…. ന്താ ഉണ്ടായേ ‘ സുഭദ്രാമ്മ പരിഭ്രാന്തയായി മുറ്റത്തേക്ക് ഇറങ്ങി വന്നു.
“എന്റെ കണ്ണു തെറ്റിയപ്പോൾ യക്ഷിക്കാവിലേക്കാ ഉണ്ണി ചെന്ന് കയറിയത് ” കിതപ്പ് മറച്ചുകൊണ്ട് മാധവൻ പറഞ്ഞു അവസാനിപ്പിച്ചു

‘ന്റെ ദേവ്യേ…. ന്നിട്ടോ?’ സുഭദ്രാമ്മ നെഞ്ചത്ത് കൈവെച്ചുകൊണ്ട് ചോദിച്ചു.
“എന്നിട്ടെന്താ അധികം ഉള്ളിലേക്ക് പോകും മുൻപ് ഞാൻ ചെന്ന് പിടിച്ചിങ്ങു കൊണ്ടുവന്നു. ഭാഗ്യം കൊണ്ട് രക്ഷപെട്ടൂന്നു പറഞ്ഞാൽ മതിയല്ലോ. എന്നാൽ പിന്നെ ഞാനിറങ്ങുവാ നാളെ വരാം…നേരം വൈകിയില്ലേ.. ” അതും പറഞ്ഞയാൾ പടിപ്പുര കടന്നു പോയി.

വിഷ്ണു അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ സുഭദ്രാമ്മ അവന്റെ കൈ പിടിച്ചു ചോദിച്ചു : “ന്താ കുട്ടീ നീയ്യി കാണിച്ചത്. അവിടേക്ക് പോകാൻ പാടില്ല്യാട്ടോ…അവിടെ ഒന്നും ആരും പോവാറേ ഇല്യ “‘അതെന്താ മുത്തശ്ശി പോയാൽ ? ‘ ഏതൊരു കാര്യത്തിനെയും എതിർക്കുന്ന യുവതലമുറയുടെ സ്വരത്തിൽ അവൻ ആരാഞ്ഞു
“ഇതുവരെ പോവയവരാരും തിരിച്ചു വന്നിട്ടില്ല. യക്ഷി കൊന്നതത്രേ !” തെല്ല് ഭയത്തോടെ അവർ പറഞ്ഞു നിർത്തി
‘യക്ഷി കൊന്നതോ !ഹ ഹാ !! എന്നാരു പറഞ്ഞു ‘ ചെറുപുഞ്ചിരിയോടെ അവൻ ചോദിച്ചു

“ആരാ പറയേണ്ടത്. പോയവരൊക്കെയും അടുത്ത ദിവസം വിഷം തീണ്ടി കാവിനു വെളിയിൽ കിടക്കുകയായിരുന്നു ” മുത്തശ്ശി എന്തോ ഓർത്തെടുക്കുന്ന പോലെ പറഞ്ഞു.
‘അത് പാമ്പ് കൊത്തിയതല്ലേ അല്ലാതെ യക്ഷി ഒന്നുമല്ലലോ ‘ തനിക്കൊരു പരിചയവും ഇല്ലാത്ത യക്ഷിയെ എന്തിനോവേണ്ടി ന്യായീകരിക്കുന്നപോലെ അവൻ ചോദിച്ചു
“അതേ. യക്ഷിക്ക് പല രൂപത്തിലും വരാൻ കഴിയും ” അത് പറയുമ്പോൾ അവരുടെ മുഖത്തു ഭയം നിഴലിച്ചിരുന്നു.

‘പിന്നെ ഈ കമ്പ്യൂട്ടർ യുഗത്തിലല്ലേ യക്ഷി. മുത്തശ്ശി കഴിക്കാനെടുത്തു വയ്ക്കു നല്ല വിശപ്പ്. ‘ അവൻ അവരു പറഞ്ഞതൊക്കെയും നിസാരമായി തള്ളിക്കളഞ്ഞുകൊണ്ട്‌ മുറിയുടെ അകത്തേക്ക് കയറി.
മൊബൈലിൽ പകർത്തിയ ആ കാവിന്റെ മനോഹരമായ ഫോട്ടോസ് തന്റെ ലാപ് ടോപ്പിൽ കോപ്പി ചെയ്തു, വിഷ്ണു കുറച്ചു സമയം അതിലേക്കു നോക്കിയിരുന്നു.
‘ ഇത് കൊള്ളാലോ സംഭവം. നാട്ടുകാരൊക്കെ ഇങ്ങനെ ഭയക്കണമെങ്കിൽ ഇതിനകത്ത് എന്തോ നിഗൂഢതയുണ്ട്. ഇത്രയൊക്കെ അറിഞ്ഞ സ്ഥിതിക്ക് ഒന്ന് പോയി നോക്കിയിട്ട് തന്നെ കാര്യം.

എന്തായാലും നാളെയാവട്ടെ. ജേർണലിസം പഠിച്ച തനിക്ക് ഇതിൽ നിന്നും എന്തൊക്കെയോ കിട്ടാൻ സാധ്യതയുണ്ട്. ‘ തന്റെ ഉള്ളിൽ എരിയുന്ന വലിയൊരു ദുഃഖത്തെ മറന്നെന്നോണം അവൻ പലതും ആലോചിച്ചു കൂട്ടി….
വിഷ്ണു ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മുത്തശ്ശി മുറിയിലേക്ക് കയറി വന്നത്. ലാപ്ടോപ് മുത്തശ്ശിയിൽ നിന്നും മറിച്ചു വയ്ക്കും മുൻപേ തന്നെ അവരത് കണ്ടു കഴിഞ്ഞിരുന്നു.

‘ന്റെ ദേവ്യേ…. എന്താ ഉണ്ണി ഇത്. യക്ഷിക്കാവിൽ പോയതും പോരാഞ്ഞിട്ട് അതിന്റെ ചിത്രോം പകർത്തിയിരിക്കുന്നോ….’ മുത്തശ്ശിയുടെ മുഖത്തെ ഭയം കണ്ടപ്പോൾ അവനും ആദ്യമൊന്നു ഭയന്നു പിന്നെയത് മറച്ചു വെച്ചുകൊണ്ട് പറഞ്ഞു,
” ന്റെ സുഭദ്രക്കുട്ടി….. ഞാൻ മൊബൈലിൽ ഒരു ഫോട്ടോ എടുത്തതാണോ ഇത്രേം വലിയ തെറ്റ്. മുത്തശ്ശിയുടെ മുഖം കണ്ടാൽ തോന്നും ഞാനാ കാവ് തീയ്യിട്ട് നശിപ്പിച്ചൂന്ന് ”

‘നീയ്യിത് എന്തറിഞ്ഞിട്ടാ കുട്ടീ……. തെറ്റ് തന്നെയാ നീ ചെയ്തത് . യക്ഷിക്കാവിൽ മനുഷ്യർ പോകാൻ പാടില്ലെന്നാ. ഇനി എന്തൊക്കെയാണാവോ സംഭവിക്കാൻ പോണത്. ന്റെ കുട്ട്യേ കാത്തോളണേ ദേവീ….’ അവർ മുകളിലേക്ക് നോക്കി കൈകൂപ്പി.
“ഹോ ന്റെ മുത്തശ്ശി, ഇങ്ങനെ പേടിക്കാതെ യക്ഷിയും പ്രേതവും ഒക്കെ മനുഷ്യർ തന്നെ ആളുകളെ പേടിപ്പിക്കാൻ സൃഷ്ട്ടിക്കുന്ന ഒന്നാണ്. അങ്ങനൊന്നു ഈ ഭൂമിയിലില്ല.

‘മിണ്ടരുത് നീയ്യ്. നിനക്ക് ഇതിനെപ്പറ്റിയൊന്നും അറിയാഞ്ഞിട്ടാ. ഉണ്ണിക്ക്‌ അറിയോ ഒരു കാര്യം…പണ്ടെങ്ങോ കേട്ടറിഞ്ഞ കാര്യം അവർ ഓർത്തെടുത്തുകൊണ്ട് പറഞ്ഞു : നാലു തരം സ്ഥലങ്ങളാണുള്ളത് ലോകത്തിൽ… നെയ്യിന്റെ ഗന്ധവും ശുഭ്ര നിറവും ഉള്ളത് ബ്രാഹ്മണഭൂമി, ചുവന്നതും രക്തഗന്ധവും ഉള്ളത് ക്ഷത്രിയഭൂമി, ചാരനിറവും ചാരത്തിന്റെ ഗന്ധവുമുള്ളത് വൈശ്യഭൂമിക്കാണ്‌…”ഒന്ന് നിറുത്തിക്കൊണ്ട് അവർ തുടർന്നു,
” കറുത്തതും ശ്മശാനത്തിന്റെ ഗന്ധം വഹിക്കുന്നതും ശുദ്രഭൂമി… യക്ഷിയുടെ വാസസ്ഥലം…. ”
നന്നേ ഭയന്നുകൊണ്ട് അവർ പറഞ്ഞവസാനിപ്പിച്ചു….

ഒരു കഥ കേൾക്കുന്ന ലാഘവത്തോടെ അവൻ എല്ലാം കേട്ടിരുന്നു…
‘ഉടനെ ആ പണിക്കരെ പോയെന്നു കാണണം ‘സുഭദ്രാമ്മ വെപ്രാളപ്പെട്ട് ആ മുറിവിട്ടു പോയി .
വിഷ്ണു പിന്നെയും ആ ഫോട്ടോയിൽ തന്നെ നോക്കിയിരുന്നു. തന്നെ ആകർഷിക്കും വിധം എന്തോ ഒന്ന് ആ കാവിലുണ്ട്. അത് പക്ഷേ ഇവര് പറയുംപോലെ യക്ഷിയോ ഭൂതമോ ഒന്നുമല്ല. അവൻ മനസ്സിൽ ഓരോന്ന് ആലോചിച്ചിരിക്കുമ്പോൾ പുറത്തു നടക്കുന്ന സംഭാഷണങ്ങൾ കേട്ടു.

“സുഭദ്രാമ്മ ഒന്ന് സമാധാനിക്ക്. ഞാൻ പണിക്കരെ വിളിച്ചു പറഞ്ഞിട്ടുണ്ട്. നാളെ കാലത്തു തന്നെ എത്താംന്നാ പറഞ്ഞത് ” മാധവേട്ടനാണ്…എന്തോ മുത്തശ്ശിയോട് പറയാൻ വന്നതാണ്‌ . വിഷ്ണു ഒന്നൂടെ കാതുകൂർപ്പിച്ചു അവർക്കിടയിലെ സംഭാഷണം അവനെ ആകർഷിച്ചു.
‘അവനു ഞാൻ പറയണതൊട്ടും മനസിലാവണില്ല മാധവാ. ഇനിയും അവൻ അവിടേക്ക് പോകുമോന്നാ ന്റെ പേടി ‘

“നമ്മുക്ക് പരിഹാരമുണ്ടാക്കാംന്നെ. നാളെ പണിക്കരൊന്നിവിടെ എത്തട്ടെ. എന്നാപ്പിന്നെ ഞാൻ ഇറങ്ങുവാ. എന്തേലുമുണ്ടേൽ വിളിച്ചാൽ മതി “മാധവേട്ടൻ പടിപ്പുര കടന്നു പോകുന്നത് വിഷ്ണു ജനാലയിലൂടെ കണ്ടു. അവന്റെ മനസ്സിൽ സംശയങ്ങൾ കുന്നുകൂടി. നാളെ എന്തായാലും പണിക്കര് വരും അപ്പോളറിയാം ബാക്കി കാര്യങ്ങൾ. ഇനി യക്ഷിയുണ്ടെന്ന് പറഞ്ഞു വല്ല മന്ത്രവാദവും നടത്തുവാണേൽ അത് ഷൂട്ട് ചെയ്യാനുള്ള നല്ലൊരവസരവും ലഭിക്കുമല്ലോ. അവൻ മനസ്സിൽ കണക്കുകൂട്ടി. ഇടയ്ക്കിടെ അവളുടെ ഓർമ്മകൾ അവന്റെ

മനസ്സിലേക്ക് കടന്നുവന്നു… തന്റെയുള്ളിൽ നീറിപുകഞ്ഞിരുന്ന ഒരു കനലിനെ താൽകാലികമായി മറന്ന് അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.സ്വപ്നങ്ങളുടെ പറുദീസയിൽ അവ്യക്തങ്ങളായ പല മുഖങ്ങളും മിന്നിമാഞ്ഞു… അപ്പോളും കാവിൽ നിന്നുള്ള അവ്യക്തമായ ചിരി അവന്റെ കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു.! തന്നെ അങ്ങോട്ടേക്ക് ക്ഷണിക്കുന്നപോലെ.

(തുടരും) അപർണ

Devika Rahul