മമ്മൂട്ടിയും ലാലും ബഹുമാനിക്കുന്ന സംവിധായകനോട്, കാലിന്മേല്‍ കാല്‍ വച്ചിരുന്ന് മംമ്ത പറഞ്ഞു, ‘കഥ പറ’ !

മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹന്‍ദാസ് എന്ന നടിയെ സിനിമാ ലോകത്തിന് കിട്ടിയത്. ഹരിഹരന്റെ കണ്ടെത്തല്‍!! മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും വിജയം കണ്ട മംമ്ത നായിക എന്നതിനപ്പുറം മികച്ചൊരു ഗായിക കൂടെയാണ്.

ബഹറിനില്‍ ജനിച്ചു വളര്‍ന്ന മംമ്ത മോഹന്‍ദാസ്, സിനിമയുമായി യാതൊരു ബന്ധവുമില്ലാതെ എങ്ങിനെ മയൂഖത്തിലെത്തി? അതൊരു വലിയ കഥയാണെന്ന് മംമ്ത പറയുന്നു. മോനിഷയുടെ അമ്മയാണ് ഇന്ന് ഞാന്‍ ഒരു നടിയാവാന്‍ കാരണം എന്ന് മംമ്ത പറഞ്ഞു.. ആ വലിയ കഥയിലേക്ക്.

അച്ഛന്‍ മോഹന്‍ദാസ് ആ സമയം മുതലേ ബഹറനില്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. എനിക്ക് സഹോദരി – സഹോദരങ്ങളൊന്നുമില്ല. സ്‌കൂള്‍ വെക്കേഷന് എല്ലാ വര്‍ഷവും അച്ഛന്‍ എന്നെയും അമ്മയെയും നാട്ടിലേക്കയക്കും. അതൊരിക്കലും മുടങ്ങാറില്ല.

അങ്ങനെ മൂന്നാം ക്ലാസില്‍ എത്തിയപ്പോള്‍ നാട്ടില്‍ പഠിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് ഞാന്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചത്. എനിക്കോര്‍മ്മയുണ്ട്, ആ വര്‍ഷം മലയാളത്തിന് ക്ലാസില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് എനിക്കായിരുന്നു.

തിരിച്ച് ബഹറിനിലെത്തി.. പഠനം പൂര്‍ത്തിയാക്കി. ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരിലെത്തി. മൗണ്ട് കാര്‍മല്‍ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. ദീപിക പദുക്കോണ്‍ അടക്കമുള്ള നായികമാര്‍ പഠിച്ച കോളേജാണത്. പക്ഷെ ഞാന്‍ സയന്‍സ് ആയതുകൊണ്ട് എക്‌സ്ട്രാ കരിക്കുലര്‍ ആക്ടീവിറ്റീസില്‍ ഒന്നും പങ്കെടുക്കാനായില്ല.

ഞാന്‍ ഫൈനല്‍ ഇയര്‍ കഴിയാറാവുമ്പോഴാണ് അച്ഛനും അമ്മയും നടന്‍ വിനീതിന്റെ കല്യാണത്തിന് നടി മോനിഷയുടെ അമ്മയും ഡാന്‍സറുമായ ശ്രീദേവി ഉണ്ണിയെ കാണുന്നത്. അന്ന് അവര്‍ സംസാരിച്ചു, മക്കളെ കുറിച്ചൊക്കെ ശ്രീദേവി ആന്റി ചോദിച്ചു.. ‘ഒരു മോളാണ്.. ബാംഗ്ലൂരില്‍ പഠിക്കുകയാണ്.. ഫൈനല്‍ ആയതുകൊണ്ട് അവള്‍ വന്നിട്ടില്ല’ എന്ന് പറഞ്ഞു.  ‘ആഹാ., ഞാനും ബാംഗ്ലൂരിലാണ്.. മകള്‍ക്കൊപ്പം വീട്ടിലേക്ക് വരൂ എന്ന് ആന്റി പറഞ്ഞു.

ബാംഗ്ലൂരിലെത്തിയപ്പോള്‍ ശ്രീദേവി ആന്റി വീണ്ടും വിളിച്ചു.. മകളെ കാണണം എന്ന് പറഞ്ഞു.. അങ്ങനെ ഞങ്ങള്‍ ആന്റിയുടെ വീട്ടില്‍ പോയി.. ഒരു ചായയൊക്കെ കുടിച്ചു.. കുറേ സംസാരിച്ചു.. വീട്ടില്‍ നിന്ന് ഇറങ്ങി…

ആന്റിയുടെ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് ഞാന്‍ ഷേക്ക് ഹാന്റ് കൊടുത്തു.. അപ്പോഴാണ് ആന്റിക്കൊരു ഫോണ്‍ കോള്‍ വന്നത്.. എന്റെ കൈ അപ്പോഴും വിട്ടിരുന്നില്ല.. ആന്റി ഫോണില്‍ സംസാരിച്ചു, ‘എന്റെ ഡാന്‍സ് സ്റ്റുഡന്‍സിന്റെ കുറച്ച് ഫോട്ടോ അയച്ചിരുന്നില്ലേ.. അത് പറ്റില്ലേ’ എന്നൊക്കെ ചോദിക്കുന്നു. ഇല്ല എന്ന് അപ്പുറത്ത് നിന്ന് പറഞ്ഞു കാണും, പെട്ടന്ന് ആന്റി എന്റെ കൈ ഒന്നുകൂടെ മുറുകെ പിടിച്ചിട്ട് ഫോണില്‍ പറഞ്ഞു, ‘ആ എന്റെ മുന്നിലൊരു കുട്ടിയുണ്ട്.. ഞാനൊന്ന് ചോദിച്ച് നോക്കട്ടെ’ എന്ന്. അതും പറഞ്ഞ് എന്നെ അകത്തേക്ക് വലിച്ചു..

അങ്ങനെ ആന്റി എന്നോട് ഹരിഹരന്‍ സാറിന്റെ ഓഡിഷനെ കുറിച്ച് പറഞ്ഞു. പക്ഷെ ഇപ്പോള്‍ പഠിക്കാനുള്ള സമയമല്ലേ എന്നായി അച്ഛന്‍. എന്നാല്‍ എനിക്ക് ഹരിഹരന്‍ സാറിനെ കാണണം എന്ന് നിര്‍ബന്ധമായി. കാരണം അദ്ദേഹത്തിന്റെ സര്‍ഗ്ഗം എന്ന സിനിമ കാരണമാണ് ഞാന്‍ കര്‍ണാടിക് സംഗീതം പഠിച്ചത്. എനിക്ക് അദ്ദേഹത്തെ കാണണം എന്ന് ഞാന്‍ വാശി പിടിച്ചു..

ഒടുവില്‍ ഞാനും അച്ഛനും അമ്മയും ഹരിഹരന്‍ സാറിനെ കാണാന്‍ പോയി. സര്‍ വരുമ്പോള്‍ ഞാന്‍ ഒരു കസേരയില്‍ കാലിന്മേല്‍ കാല് കയറ്റിവച്ച് ഇരിക്കുകയാണ്.. എന്നിട്ട് സാറോട് അധികാരത്തില്‍ പറഞ്ഞു, ‘സര്‍ കഥ പറ’ എന്ന്. കഥയൊക്കെ പറയാം, ആദ്യം കുറച്ച് ഫോട്ടോസ് എടുക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കഥ പറഞ്ഞു.. ഇഷ്ടമായി.. അങ്ങനെ ഇന്ദിരയായി മയൂഖത്തിലെത്തി. ഷൂട്ടിങിനിടെ ഒരു ദിവസം ഹരിഹരന്‍ സര്‍ പറഞ്ഞു, ‘ആദ്യമായി കണ്ടപ്പോള്‍ മംമ്ത ‘സര്‍ കഥ പറ’ എന്ന് പറഞ്ഞില്ലേ.. ആ ഒരു അറ്റിറ്റിയൂഡാണ് എന്റെ കഥാപാത്രത്തിന് വേണ്ടിയിരുന്നത്. ഞാന്‍ ഓഡിഷന്‍ ചെയ്ത കുട്ടികളിലൊന്നും അത് നാച്വറലായി കണ്ടില്ല. ആ ആറ്റിറ്റിയൂഡ് കാരണമാണ് മംമ്തയെ സെലക്ട് ചെയ്തത്’ എന്ന്.

പിന്നെ മംമ്തയ്ക്ക് മലയാള സിനിമയില്‍ തിരക്കായി. ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായെത്തി. ലങ്ക, മധുചന്ദ്രലേഖ, ബാബ കല്യാണി, ബിഗ് ബി, പാസഞ്ചര്‍, കഥ തുടരുന്നു, അന്‍വര്‍, മൈ ബോസ്സ്, സെല്ലുലോയ്ഡ്, ലേഡീസ് ആന്റ് ജെന്റില്‍മാന്‍, ടു കണ്‍ട്രീസ്, തോപ്പില്‍ ജോപ്പന്‍– അങ്ങനെ മംമ്തയുടെ പേരിലുള്ള ഹിറ്റുകള്‍ ഏറെ.

മലയാളം കഴിഞ്ഞാല്‍ മംമ്ത ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തിയത് തെലുങ്ക് സിനിമയിലാണ്. എട്ട് തെലുങ്ക് സിനിമകളും നാല് തമിഴ് ചിത്രങ്ങളും അഭിനയിച്ച മംമ്ത ഗോലി എന്ന ചിത്രത്തിലൂടെ കന്നടയിലും സാന്നിധ്യം അറിയിച്ചു.

ചെറിയ വയസ്സിലേ കര്‍ണാടിക് സംഗീതം പഠിക്കുന്ന മംമ്ത സിനിമയിലെത്തിയപ്പോള്‍ വെസ്‌റ്റേണ്‍ സ്‌റ്റൈലിലാണ് പാടിയത്. വില്ലയിലെ ‘ഡാഡി മമ്മി വീട്ടില്‍ ഇല്ല’ എന്ന ഫാസ്റ്റ് ട്രാക്ക് പാട്ട് ഭാഷകള്‍ക്കപ്പുറത്തെ ഹിറ്റാകുകയും ചെയ്തു.

കഥ തുടരുന്നു എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മംമ്ത മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. രണ്ട് തവണ ഏഷ്യനെറ്റ് പുരസ്‌കാരവും, ഫിലിം ഫെയര്‍ പുരസ്‌കാരവും, ഏഷ്യാ വിഷന്‍ പുരസ്‌കാരവും, വനിത പുരസ്‌കാരവും ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ മംമ്ത നേടി.

source: filmibeat

Devika Rahul