വിവാഹം കഴിക്കുന്നില്ല എന്നതീരുമാനവുമായി ജീവിക്കുകയായിരുന്നു ഞാൻ ആദ്യമൊക്കെ വീട്ടുകാർ നിർബന്ധിക്കുമായിരുന്നു

രചന : ഞാൻ ആദിത്യൻ
വിവാഹം കഴിക്കുന്നില്ല എന്നതീരുമാനവുമായി ജീവിക്കുകയായിരുന്നു ഞാൻ ആദ്യമൊക്കെ വീട്ടുകാർ നിർബന്ധിക്കുമായിരുന്നു,പിന്നീടവരും നിർത്തി അല്ലെങ്കിൽത്തന്നെ വയസ്സ് നാല്പതുകഴിഞ്ഞു ഇനിയാര് പെണ്ണുതരാൻ.. ഒരുദിവസം ഞാനും സുഹൃത്തും ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു അപ്പോഴാണ് കയ്യിൽ ഒരുകുഞ്ഞുമായി ഒരുപെൺകുട്ടി ബസ്സിൽ കയറുന്നത് ബസ്സിൽ സാമാന്യം തിരക്കുമുണ്ട് ആരും എഴുന്നേറ്റുകൊടുക്കുന്നില്ല പെൺകുട്ടി ചുറ്റിനും നോക്കുന്നുണ്ട് പലരും അതുകണ്ടഭാവം പോലും വെക്കുന്നില്ല ഞാൻ എഴുന്നേൽക്കാൻ നോക്കിയതും മുന്പിലുണ്ടായിരുന്ന സ്ത്രീ കുറച്ചൊതുങ്ങികൊടുത്തു, ഓരോവളവിലും കുഞ്ഞിനേയും പിടിച്ചുകൊണ്ടിരിക്കാൻ പെൺകുട്ടി നല്ല പാടുപെടുന്നുണ്ടായിരുന്നു എനിക്കതുകണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി ഞാൻ എഴുന്നേറ്റു ആ കുട്ടിയോടവിടെ ഇരുന്നോളാൻ പറഞ്ഞു .

പക്ഷെ തൊട്ടടുത്തെന്റെ സുഹൃത്തിരുന്നതിനാലാകാം അവളൊന്നുമടിച്ചു ,അവനാണെങ്കിൽ നല്ല ഉറക്കവും.. ഞാൻ പെട്ടന്നവനെ തട്ടിവിളിച്ചു ..ങേ സ്ഥലമെത്തിയോ അവൻ ചാടിയെഴുന്നേറ്റു, ഞാൻ അവളോടവിടിരുന്നോളാൻ പറഞ്ഞു, അവൾ നന്ദിസൂചകമായി എന്നെനോക്കിയൊന്നുചിരിച്ചു. അവനപ്പോളാണ് കാര്യം മനസ്സിലായത്. അവൻ കലിപ്പിലെന്നെയൊന്നുനോക്കി ഉറങ്ങിക്കൊണ്ടിരുന്ന അവനെ വിളിച്ചുണർത്തിയതും പോരാ തിരക്കിനിടയിൽ തൂങ്ങിപ്പിടിച്ചുള്ള നില്പ്പും, “ഇറങ്ങട്ടേട്ടൊ ശരിയാക്കിത്തരാം” അവനെന്റെ ചെവിയിൽ പറഞ്ഞു. അവളുടെ കയ്യിലിരുന്ന് ആ കുഞ്ഞെന്നെനോക്കിച്ചിരിക്കുന്നുണ്ടായിരുന്നു നല്ല ഓമനത്തമുള്ള കുട്ടി ..ഇടയ്ക്കിടെ എൻറെ കയ്യിൽ തൊട്ടുനോക്കുന്നുമുണ്ട് , ഞാനെൻറെ വിരലുകൾ കുഞ്ഞിന് പിടിക്കാൻ പാകത്തിന് വച്ചുകൊടുത്തു. “പെണ്ണും കെട്ടാതെ ഓരോന്ന് നടക്കും എന്നിട്ടോ ഓരോ അവളുമാരെകാണുമ്പോൾ ലോകത്തില്ലാത്ത സെന്റിമെൻസും” ബസ്സിൽ നിന്നിറങ്ങിയിട്ടും അവൻറെ ദേഷ്യം മാറിയിരുന്നില്ല. ” നീ ഇങ്ങനെ മനസ്സാക്ഷിയില്ലാത്തവനായിപ്പോയല്ലോ, കുട്ടികളെക്കൊണ്ട് ബസ്സിൽ കയറുമ്പോളുള്ള വിഷമം നിനക്കറിയാമോ, അതെങ്ങനെ അതുശരിക്കറിയാവുന്ന സ്ത്രീകൾ പോലും ഒന്നെഴുന്നേറ്റു കൊടുക്കില്ല .”എനിക്കും ദേഷ്യം വന്നു .

“ഓ മനസ്സാക്ഷിക്കാരൻ ..അങ്ങനാണെങ്കിൽ ഒരുകാര്യം ചെയ്യ് നീ അവളെ അങ്ങ് കെട്ടിക്കോ ..അവളുടെ ഭർത്താവ് മരിച്ചുപോയതാ നിന്നെക്കൊണ്ട് അങ്ങനെയെങ്കിലും ഒരുപ്രയോജനമുണ്ടാകട്ടെ ” അവൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണെങ്കിലും ആ വാക്കുകൾ ശരിക്കും എൻറെ മനസ്സിൽ കൊണ്ടു ..ആ പിഞ്ചുകുഞ്ഞിൻറെ ഓമനത്തമുള്ള മുഖം മനസ്സിൽനിന്നും മായുന്നില്ല . വിവാഹം കഴിക്കണമെന്ന ചിന്ത ആദ്യമായി മനസ്സിൽ തോന്നിയതപ്പോഴാണ് , വീട്ടിൽ കാര്യം അവതരിപ്പിക്കാൻ ഒരു മടി ,ഒടുവിൽ സുഹൃത്തിൻറെ സഹായം തേടാൻ തീരുമാനിച്ചു ,അവൻ എന്നെ ഒരുപാട് പിന്തിരിപ്പിക്കാൻ ശ്രമിച്ചു .പക്ഷെ എൻറെ തീരുമാനം ഉറച്ചതാണെന്നറിഞ്ഞപ്പോൾ അവൻ അവളുടെ വീട്ടുകാരുമായി സംസാരിക്കാമെന്നുസമ്മതിച്ചു.ഒരാഴ്ചകഴിഞ്ഞപ്പോൾ അവർക്ക് സമ്മതമാണെന്ന് അവൻ വിളിച്ചുപറഞ്ഞു . മടിച്ചുമടിച്ചാണ് അമ്മയോട് കാര്യം പറഞ്ഞത്,പക്ഷെ അമ്മ ഒരെതിർപ്പും പറഞ്ഞില്ല പിന്നീടുള്ള കാര്യങ്ങൾ പെട്ടെന്നായിരുന്നു .ആഘോഷങ്ങളൊന്നുമില്ലാതെ അമ്പലത്തിൽവച്ചു എന്റെയും ശ്രീദേവിയുടെയും വിവാഹം നടന്നു. ആദ്യരാത്രിയിൽ ഞാൻ ചെല്ലുമ്പോൾ അവൾ കുട്ടിയെ ഉറക്കുകയായിരുന്നു,പാതിയടഞ്ഞ ആ കുഞ്ഞിക്കണ്ണുകൾ ഞാൻ കുട്ടിയെ പതുക്കെ എടുത്തു, എനിക്ക് കുട്ടികളെ എടുത്തുവലിയ പരിചയമൊന്നും ഇല്ലായിരുന്നു കുട്ടി ഉണർന്ന് കരച്ചിലായി , ഞാൻ പെട്ടെന്നുതന്നെ കുട്ടിയെ അവളുടെകയ്യിലേക്കുകൊടുത്തു..അവൾ കുട്ടിയെ ഉറക്കുന്നതും നോക്കി ഞാനിരുന്നു. ശ്രീദേവിയുടെ മുഖത്ത് വല്ലാത്തൊരു ശോകഭാവം, വീട്ടുകാരുടെ നിർബന്ധത്തിന് അവൾ വഴങ്ങുകയായിരുന്നു എന്നെനിക്കുമനസ്സിലായി ..എൻറെ ഓരോ ചലനവും അവളിൽ ചെറിയ ഞെട്ടലുണ്ടാക്കികൊണ്ടിരുന്നു കുറച്ചുകഴിഞ്ഞപ്പോൾ കുട്ടി ഉറങ്ങി , അവൾ എന്നോടൊന്നും പറഞ്ഞില്ല എങ്കിലും ആ കണ്ണുകളിൽ നിന്നും ഞാനെല്ലാം മനസ്സിലാക്കി കുട്ടിയെക്കുറിച്ചുള്ള ചിന്തകൾ അവളെ വല്ലാതെ അലട്ടുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.ആ രാത്രിയിൽ ഞങ്ങളുടെ ജീവിതത്തിൽ നീതുമോൾ മാത്രം മതി എന്ന തീരുമാനം ഞാനെടുത്തു .. ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞു ചിരിച്ചു ..” രമേശൻ ഭാഗ്യവാനാ ഇത്തിരി വൈകിയാലെന്താ കല്യാണം കഴിച്ചപ്പോൾ ഗിഫ്റ്റായി ഒരു കുട്ടിയെക്കൂടി കിട്ടിയില്ലേ ”ഞാനതൊന്നും കേട്ടതായിപ്പോലും ഭാവിച്ചില്ല കാരണം എനിക്ക് ശരിക്കുംകിട്ടിയൊരു ഗിഫ്റ്റുതന്നെയായിരുന്നു എൻറെ നീതുമോൾ .എൻറെ ലോകം ശരിക്കും ഭാര്യയിലേക്കും നീതുമോളിലേക്കും ചുരുങ്ങുകയായിരുന്നു..

ആദ്യമായവളെന്നെ അച്ഛായെന്നുവിളിച്ചപ്പോൾ ഒരുകുട്ടിജനിച്ച ആനന്ദമാണ് എനിക്കുലഭിച്ചത്.ശ്രീദേവിയുടെയും കണ്ണുകളും നിറഞ്ഞു ” എനിക്കിപ്പോൾ സന്തോഷമാണോ സങ്കടമാണോ എന്നെനിക്കറിയില്ല ഏട്ടാ ” എന്നുപറഞ്ഞവൾ പൊട്ടിക്കരഞ്ഞു. നീതുമോൾ വളരുംതോറും എന്നോടുള്ള സ്നേഹം കൂടുന്നതുപോലെനിക്കുതോന്നി ശരിക്കും അവളെ ഒരുദിവസം പിരിഞ്ഞിരിക്കുന്നതുപോലും എനിക്ക് ചിന്തിക്കുവാൻ കഴിയുമായിരുന്നില്ല. ശ്രീദേവി എപ്പോഴും പറയും .. ” ഇങ്ങനൊരു അച്ഛനും മോളും രണ്ടെണ്ണത്തിന്റെയും കുട്ടിക്കളി ഇതുവരെ മാറിയിട്ടില്ല ..പെണ്ണിനെ കല്യാണം കഴിച്ചയക്കാറായി ” ഞങ്ങളുടെ സന്തോഷകരമായ ജീവിതം കണ്ടിട്ട് ഈശ്വരനുപോലും അസൂയതോന്നിക്കാണണം . ഒരുദിവസം ശ്രീദേവിയുടെ അമ്മ വീട്ടിൽ വന്നു,പ്രത്യകിച്ചു കാരണം ഒന്നുമില്ലെങ്കിലും എന്തോ അവരെ എനിക്കിഷ്ടമല്ലായിരുന്നു .അവരുടെ ഓരോ സംസാരം കേൾക്കുമ്പോഴേ എനിക്ക് ദേഷ്യം വരും. അന്നു ഭയങ്കരമായി പനിച്ചാണ് ഞാൻ വീട്ടിലെത്തിയത് ..മരുന്നുകഴിച്ചിട്ടൊന്നും പനിക്കൊരുകുറവുമില്ല, നേരം വെളുക്കുവോളം ശ്രീദേവിയും നീതുമോളും എന്റരികിലിരുന്നു , രാവിലെതന്നെ ഞങ്ങൾ ആശുപത്രിയിൽ പോയി അവിടെ രണ്ടുദിവസം കെടക്കണമെന്ന് ഡോക്ടർ പറഞ്ഞു . ശ്രീദേവി എന്റെകൂടെ ഹോസ്പിറ്റലിൽ നിന്നു, നീതുമോൾ അമ്മൂമ്മയുടെ കൂടെ വീട്ടിലായിരുന്നു എന്നും രാവിലെയും വൈകിട്ടും അവൾ ഹോസ്പിറ്റലിൽ വന്നിട്ടേ പോകാറുള്ളൂ ..പക്ഷെ അന്ന് അവളെ അങ്ങോട്ട് കണ്ടതേയില്ല .വിളിച്ചപ്പോൾ പഠിക്കാനുണ്ടെന്നും പറഞ്ഞു പെട്ടെന്ന് ഫോൺ വച്ചു.അല്ലെങ്കിലും ആളൊരു തൊട്ടാവാടിയാണ് അതുകൊണ്ടുതന്നെ ഞാനതത്ര കാര്യമാക്കിയില്ല . ഹോസ്പിറ്റലിൽനിന്നും വന്നപ്പോഴേക്കും നീതുമോൾ കോളേജിൽ പോയിരുന്നു ..അവൾ തിരിച്ചുവന്നിട്ടും എന്റടുക്കലേക്കൊന്ന് വന്നുപോലുമില്ല . ഞാൻ അവളുടെ മുറിയിലേക്ക് ചെന്നു അവൾ ഞാൻ ചെന്നതറിഞ്ഞതായി തോന്നിയില്ല എന്തോ വലിയ ആലോചനയിലായിരുന്നു അവൾ ..” എൻറെ വാവാക്കിതെന്തുപറ്റി ” ഞാൻ അവളുടെ തോളത്തുകൈവച്ചു ..പെട്ടെന്നവൾ ഞെട്ടി എൻറെ നേരെ തിരിഞ്ഞു .” അച്ഛനൊന്നു വിളിച്ചിട്ടു മുറിയിലേക്ക് കയറിവന്നുകൂടെ ” അവളിൽ ഇതുവരെ കാണാത്തൊരു ഭാവം.

“മോളെ ഞാൻ …” ഞാൻപറഞ്ഞതൊന്നും കേൾക്കാതെ അവൾ ദേഷ്യത്തിൽ മുറിയിൽനിന്നിറങ്ങിപ്പോയി,‘’ ഈ പെണ്ണിനെന്തുപറ്റി ’’ എനിക്കൊരുപിടുത്തവും കിട്ടിയില്ല. കുറച്ചുകഴിഞ്ഞപ്പോൾ ശ്രീദേവിയും, അമ്മയും നീതുമോളും എന്തൊക്കെയോ സംസാരിക്കുന്നു .എന്നെക്കുറിച്ചാണ് സംസാരം എന്നറിഞ്ഞപ്പോൾ ഞാൻ ശ്രദ്ധിച്ചു . ” അമ്മ ഇങ്ങനെ ഓരോന്നും പറഞ്ഞു അവളെ വെറുതെ പേടിപ്പിക്കല്ലേ, ഇവളെന്ന്പറഞ്ഞാൽ മരിക്കും ഏട്ടൻ, ഒരിക്കലും ഏട്ടനവളെ വേറൊരു കണ്ണുകൊണ്ട് കാണാൻ കഴിയില്ലെന്നെനിക്കുറപ്പുണ്ട് …ഇതെങ്ങാനും ഏട്ടനറിഞ്ഞാൽ അപ്പോൾത്തന്നെ ഹൃദയം പൊട്ടിമരിക്കും ആ മനുഷ്യൻ ” ..ശ്രീദേവിയുടെ ശബ്‌ദം ഇടിവെട്ടേറ്റ പൊലയായെനിക്ക് കൈകാലുകൾ കുഴയുന്നപോലെ.. ” ഞാൻ ആരേയും പേടിപ്പിക്കാൻ വേണ്ടിപറഞ്ഞതല്ല,കാലം അത്ര നല്ലതല്ല സൂക്ഷിക്കണം അതേ ഞാൻ പറഞ്ഞുള്ളു, എന്തായാലും സ്വന്തം അച്ഛനൊന്നുമല്ലല്ലോ ” ശ്രീദേവിയുടെ അമ്മയാണ് .. ” അമ്മ ഇത്രയും നാളെന്തിനാ എന്നിൽനിന്നും ഇതൊക്കെ മറച്ചുപിടിച്ചത് ..അല്ലെങ്കിലും എന്റച്ഛൻ മരിച്ചപ്പോൾ അമ്മയെന്തിനാ വേറെ കല്യാണം കഴിച്ചത് നമുക്കിവിടുന്ന് എങ്ങോട്ടെങ്കിലും പോകാം അമ്മേ ” നീതുമോൾ കരയുന്നുണ്ടായിരുന്നു.. ” അമ്മക്കിപ്പോൾ സന്തോഷമായല്ലോ അല്ലേ .. ഞാൻ എന്തിനാണ് വേറെ കല്യാണം കഴിച്ചതെന്ന്നിനക്കറിയണം അല്ലേ .നിൻറെ മുത്തശ്ശി അതൊന്നും പറഞ്ഞുതന്നില്ലേ , അല്ലെങ്കിലും എങ്ങിനെ പറയും ഒരു ബാധ്യത ഒഴിപ്പിക്കുംപോലെ എന്നെ അദ്ദേഹത്തിന്റെ തലയിൽ കെട്ടിവെച്ചതാണിവർ, ആ മനുഷ്യനില്ലെങ്കിൽ തെരുവിൽ അലയേണ്ടിവരുമായിരുന്നു ഞാനും നീയും.. ആർക്കുവേണമെങ്കിലും പോകാം പക്ഷെ എൻറെ മരണംവരെ ഞാൻ ഇവിടെത്തന്നെ കഴിയും ..” അറിയാതെ ശബ്‌ദം ഉയർന്നുപോയതിനാലാവും അവൾ ചുറ്റുപാടുമൊന്നു നോക്കി. ഞാൻ തൂമ്പയുമായി പറമ്പിലേക്കിറങ്ങി ..ഹൃദയം നുറുങ്ങുന്നവേദന ഒന്നുപോട്ടിക്കരയാൻ കഴിഞ്ഞെങ്കിലെന്ന് ഞാനാശിച്ചുപോയി ..ആകെയൊരു വെപ്രാളം ഒന്നിലും മനസ്സുറക്കുന്നില്ല , ഒരുനിമിഷംകൊണ്ട് ആരുമില്ലാത്തവനായി മാറിയപോലെ , എത്രനേരം അവിടിരുന്നു എന്നെനിക്കറിയില്ല രാത്രിയായിത്തുടങ്ങി , മനസ്സ് തെല്ലൊന്ന് ശാന്തമായപ്പോൾ പതുക്കെ വീട്ടിലേക്കുനടന്നു . വീട്ടിൽ ചെന്നപ്പോൾ ശ്രീദേവി പൂമുഖത്തുതന്നെയുണ്ടായിരുന്നു ”

ഏട്ടനിതെവിടായിരുന്നു ഇത്രനേരം ഞാൻ പേടിച്ചുപോയി ” ഞാൻ ഒന്നും മിണ്ടിയില്ല ..മോളെവിടെ അറിയാതെ പതിവുചോദ്യം പുറത്തുവന്നു. ” അവൾ അമ്മയുടെ കൂടെ പോയി അവൾക്ക് രണ്ടുദിവസം അവിടെ നിൽക്കണമെന്ന് ..ഏട്ടൻവന്നു ചോദിച്ചിട്ടുപോകാൻ നിന്നതാ നേരം വൈകിയതുകൊണ്ട് ഞാൻ പറഞ്ഞു പൊയ്ക്കോളാൻ ” ഉം ..ഞാനൊന്നു മൂളുകമാത്രം ചെയ്തു. കിടന്നിട്ടുറക്കം വരുന്നില്ല ..ഒറ്റദിവസംകൊണ്ട് എല്ലാസന്തോഷവും അവസാനിച്ചു .ശ്രീദേവി അപ്പോഴും കരയുന്നുണ്ടായിരുന്നു ..” താൻ വിഷമിക്കേണ്ടെടോ കുറച്ചുദിവസം കഴിയട്ടെ നമുക്ക് അവളെ പറഞ്ഞു മനസിലാക്കാം ” ഞാനവളെ ആശ്വസിപ്പിച്ചു . രണ്ടുദിവസം എന്നുപറഞ്ഞുപോയ നീതുമോൾ ഒരാഴ്ചയായിട്ടും വന്നില്ല ..ശ്രീദേവി പലവട്ടം വിളിച്ചു എന്നിട്ടും അവൾ വന്നില്ല , അവൾ അവിടെനിന്നും കോളേജിൽ പോകുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു.. എന്നോടൊന്ന് സംസാരിക്കാൻപോലും അവൾ കൂട്ടാക്കുന്നില്ല. അപ്രതീക്ഷിതമായി ഒരുദിവസം ഞാൻ നീതുമോളെ ടൗണിൽ വച്ചുകൊണ്ടു , കൂടെ ഒരുപയ്യനും അവരുടെ നിൽപ്പും സംസാരവും എനിക്കത്ര പന്തിയായിതോന്നിയില്ല.അവരറിയാതെ ഞാനവരെ ശ്രദ്ധിച്ചു, അവർ രണ്ടുപേരും സംസാരിച്ചുകൊണ്ട് ആളൊഴിഞ്ഞ ഭാഗത്തേക്ക് നടന്ന് ഒരു കാറിനടുത്തെത്തി അവൻ ചുറ്റുപാടും നോക്കുന്നുണ്ട് നീതുമോളതൊന്നും ശ്രദ്ധിക്കുന്നേയില്ല ഫോണിലെന്തോ നോക്കികൊണ്ടുനിൽക്കുകയാണവൾ .അവൾ ഡോറുതുറന്നകത്തുകയറി,എനിക്കൊന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല.അവൻ കാറിലേക്ക് കയറാൻ തുടങ്ങിയതും ഞാൻ കാറിനടുത്തേക്കോടി.ഞാനവിടെ ചെന്നപ്പോൾ നീതുമോൾ

കാറിനകത്തുകിടക്കുകയായിരുന്നു,ബോധംനഷ്ടപെട്ടവളെപ്പോലെ അവളെന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. കൂടെയുണ്ടായിരുന്ന പയ്യൻ എൻറെ അടുത്തേക്ക് വന്നു ” ഹേ ആരാ നിങ്ങൾ ” അവൻ എൻറെ ഷർട്ടിൽ പിടിച്ചു വലിച്ചു എന്നെ തള്ളിമാറ്റാൻ ശ്രമിച്ചു , ഞാൻ അവൻറെമുഖമടച്ചൊന്നുകൊടുത്തു. കാര്യം കൈവിട്ടുപോകുകയാണെന്ന് മനസ്സിലാക്കിയ അവൻ ഇറങ്ങിയോടി നീതുമോൾ കുടിച്ചവെള്ളത്തിൽ മയക്കുമരുന്നുപോലെന്തോ കലർത്തിയിട്ടുണ്ടായിരുന്നു എന്നെനിക്ക് മനസ്സിലായി പകുതി കാലിയായ കുപ്പി കാറിൽ കിടപ്പുണ്ടായിരുന്നു. ഉടൻ തന്നെ ഞാനൊരു ടാക്സി വിളിച്ചു മോളെ വീട്ടിലേക്ക് കൊണ്ടുപോയി , വീട്ടിലെത്തിയിട്ടും ഒരുപാട് സമയമെടുത്തു മോൾക്ക് ബോധം തിരിച്ചുകിട്ടാൻ,എല്ലാം മനസ്സിലായപ്പോൾ അവളെന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു. ” അച്ഛനെന്നോടു പൊറുക്കണം, പെട്ടൊന്നൊരുദിവസം എൻറെ അച്ഛനല്ലെന്നറിഞ്ഞപ്പോൾ മനസ്സിൽതോന്നിയ വിഷമം വെറുപ്പായിമാറുകയായിരുന്നു എല്ലാത്തിനോടും ഒരുതരം വെറുപ്പ് ,പിന്നെ അമ്മൂമ്മ ഓരോന്ന് പറഞ്ഞപ്പോൾ അച്ഛൻ എന്നോടുകാണിച്ചസ്നേഹംപോലും അഭിനയമായിരുന്നോ എന്നുഞാൻ സംശയിച്ചുപോയി അച്ഛനടുത്തുവരുമ്പോൾ എന്തോ ഒരു പേടി ..എനിക്കിങ്ങോട്ട് വരാൻതന്നെ ഭയമായിരുന്നു. വിഷ്ണു അവൻറെ ബെസ്ററ് ഫ്രണ്ട് ആയിരുന്നു ഞാനവനോടെല്ലാം തുറന്നുപറഞ്ഞിരുന്നു ..സഹതാപംനടിച്ചടുത്തുകൂടി അവനെന്നെ ചതിക്കുകയായിരുന്നു എന്നെനിക്ക് മനസ്സിലായില്ല ” ഞാനവളുടെ മുടിയിൽ മെല്ലെ തലോടി,

” ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒരുനിമിഷംകൊണ്ട് നിനക്ക് ഞാനച്ഛനല്ലാതായി മാറുമോ വാവേ.. സാരമില്ല നീ ഒരു കുസൃതി കാണിച്ചതായിക്കണ്ട് അച്ഛനിതു മറന്നോളം..”എൻറെ കണ്ണുകളും നിറഞ്ഞു . എവിടെയൊക്കെയോ ചിലരെല്ലാം മക്കളാണെന്നുപോലും നോക്കാതെ ചെയ്തുകൂട്ടുന്ന വൃത്തികേടുകൾകാരണം കുട്ടികൾ സ്വന്തം അച്ഛനെയും സഹോദരനേയും പോലും സംശയത്തോടെ നോക്കുന്ന അവസ്ഥ, എവിടെയൊക്കെയോ ഇരുന്നു ആരെല്ലാമോ അവരുടെ മനസ്സിൽ വിഷം കുത്തിവെക്കുന്നു ..ഒരു ചെറിയ സാഹചര്യം ഒത്തുവന്നാൽ അവരെ കുടുക്കാൻ വലവിരിക്കുന്ന കഴുകൻ കണ്ണുകളാണെങ്ങും ..നല്ലതേത് ചീത്തയേതെന്ന് തിരിച്ചറിയാൻ കഴിയാതെപോകുന്നത് അവരുടെ കുറ്റമല്ല ….അതുവിരൽചൂണ്ടുന്നത് നമ്മുടെ സംസ്ക്കാരത്തിന്റെ അധഃപതനത്തിലേക്കാണ്.. സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…

Devika Rahul