News

ആഘോഷത്തിനിടെ അപ്രതീക്ഷിതമായി എത്തിയത് ദുരന്തം; കുസാറ്റില്‍ ജീവന്‍ നഷ്ടമായത് 4 പേര്‍ക്ക്, 10ഓളം പേരുടെ നിലഗുരുതരം

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലില്‍ നാട്. കുസാറ്റില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെയാണ് അപ്രതീക്ഷിതമായ സംഭവങ്ങള്‍. കനത്ത മഴയെത്തിയതോടെയുണ്ടായ തിക്കും തിരക്കുമാണ് അപകടത്തിന് കാരണമെന്നാണ് വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്. നാല് പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും മരണപ്പെട്ടുവെന്നാണ് വ്യക്തമായിട്ടുള്ളത്.

എന്നാല്‍, ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തിക്കിലും തിരക്കിലും പെട്ട് അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പത്തോളം പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികളാണ് കുസാറ്റില്‍ പഠിക്കുന്നത്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ആഘോഷ തിമിര്‍പ്പിലായിരുന്നു ക്യാമ്പസ്. അവസാന ദിനമായ ഇന്ന് ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.

മഴ പെയ്തപ്പോള്‍ പുറത്ത് നിന്നവര്‍ കൂടെ അകത്തേക്ക് കയറിപ്പോഴുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായത്. സംഭവത്തെതുടര്‍ന്ന് കോഴിക്കോട് നടക്കുന്ന നവകേരള സദസ്സിലെ പരിപാടി ഒഴിവാക്കി മന്ത്രിമാര്‍ കളമശ്ശേരിയിലേക്ക് തിരിച്ചു. മന്ത്രിമാരായ പി. രാജീവ്, ആര്‍. ബിന്ദു എന്നിവരാണ് കോഴിക്കോട്ടുനിന്നും കളമശ്ശേരിയിലേക്ക് പുറപ്പെട്ടത്. ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആരോഗ്യമന്ത്രി കോഴിക്കോടുനിന്ന് ഏകോപനം ചെയ്യും.

Gargi