മിനി സ്ക്രീനിലെ രാമനെയും സീതയെയും ലക്ഷ്മണനെയും വരവേറ്റ് അയോധ്യ; ചിത്രങ്ങൾ വൈറൽ

രാമാനന്ദ് സാഗറിൻറെ വിഖ്യാത ടിവി സീരിയൽ രാമായണം ഇന്നും ഒരുപാട് പേരുടെ മനസുകളിൽ തിളങ്ങുന്ന ഓർമ്മയാണ്. രാമായണത്തിൽ ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും അവതരിപ്പിച്ച അരുൺ ഗോവിൽ, ദീപിക ചിഖ്ലിയ, സുനിൽ ലാഹ്‌രി എന്നിവർ ഇപ്പോൾ രാമക്ഷേത്രത്തിലെ ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിന് മുന്നോടിയായി അയോധ്യയിലെത്തിയിരിക്കുകയാണ്. “ഹാമാരേ റാം ആയേംഗേ” എന്ന പേരിൽ ഒരു സംഗീത ആൽബം അയോധ്യയിൽ ചിത്രീകരിക്കാനാണ് ഇവർ എത്തിയത്. “ഹമാരേ റാം ആയേംഗേ” എന്ന ഗാനം ആലപിച്ചിരിക്കുന്നത് സോനു നിഗമാണ്, ഗുപ്തർ ഘട്ട്, ഹനുമാൻഗർഹി, ലതാ ചൗക്ക് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

അരുൺ ഗോവിൽ, ദീപിക ചിഖ്ലിയ, സുനിൽ ലാഹ്‌രി എന്നിവർ അടക്കം അഭിനയലോകത്ത് നിന്ന് നിരവധി പേരെ രാമക്ഷേത്രത്തിലെ ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. അയോധ്യയിൽ പഴയ സീരിയലിലെ താരങ്ങൾ നടക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരം​ഗമാണ്. അയോധ്യയിലെ രാമക്ഷേത്രം നമ്മുടെ രാഷ്ട്ര ക്ഷേത്രമായി മാറും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകമെമ്പാടും മങ്ങിപ്പോയ നമ്മുടെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്ന ഒരു സന്ദേശം ഈ ക്ഷേത്രം നൽകുന്നുണ്ട് എന്നായിരുന്നു അരുൺ ഗോവിൽ നേരത്തെ പറഞ്ഞത്.