നടി അന്നേ പറഞ്ഞിരുന്നു: ഷവര്‍മയില്‍ ഒളിച്ചിരിക്കുന്ന അപകടത്തില്‍ ശ്രേയ രമേഷ് രണ്ട് വര്‍ഷം മുമ്പിട്ട പോസ്റ്റ് ചര്‍ച്ചയാകുന്നു

സംസ്ഥാനത്ത് ഭക്ഷ്യ വിഷ ബാധയേറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനിക്ക് ജീവന്‍ നഷ്ടമായതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പ് വലിയ പരിശോധനകളാണ് നടത്തിവരുന്നത്.

റെയ്ഡുകളില്‍ നിരവധി ഹോട്ടലുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുകയും പല ഹോട്ടലുകളും അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. നൂറിലധികം കിലോ കണക്കിന് പഴകിയ ഭക്ഷണങ്ങളാണ് റെയ്ഡുകളില്‍ പിടിച്ചെടുത്ത് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വില്ലനായി അവതരിച്ച ഷവര്‍മയെ കുറിച്ച് നടി ശ്രേയ രമേഷ് രണ്ട് വര്‍ഷം മുമ്പ് ഇട്ട പോസ്റ്റ് വീണ്ടും ചര്‍ച്ചയാവുകയാണ്.

രണ്ട് വര്‍ഷം മുമ്പ് താന്‍ തന്നെ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും വീണ്ടും ഷെയര്‍ ചെയ്തുകൊണ്ട് ഭക്ഷ്യ സുരക്ഷയില്‍ നമ്മുടെ സിസ്റ്റത്തിന് സംഭവിച്ച കുറവിനെയും നടി ചോദ്യം ചെയ്യുന്നുണ്ട്. വലിയ രീതിയിലാണ് നടിയെ രണ്ട് പോസ്റ്റുകളും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

2020 ഒക്‌ടോബര്‍ എട്ടിന് നടി ഇട്ട പോസ്റ്റില്‍ റോഡിനോട് ചേര്‍ന്ന് ഒരു മറയും ഇല്ലാത്തെ റോഡിലെ പൊടികളേല്ലാം ഏറ്റെടുത്തുകൊണ്ട് ഭക്ഷണം വാങ്ങാന്‍ എത്തുന്നവരെ കാത്തിരിക്കുന്ന ഷവര്‍മയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. അതിന് താഴെ നടി ഇങ്ങനെ കുറിച്ചു: കുറച്ചു ദിവസ്സം മുന്‍പ് കൊല്ലം ബൈ പാസില്‍ കണ്ട ഒരു കാഴ്ച…റോഡിന്റെ തൊട്ടടുത്തേ കടയില്‍ ഉള്ള ഷവര്‍മ്മ…ഒരു മറവും ഇല്ലാതെ പൊടിയും അടിച്ചു വില്‍ക്കുന്നു….അതു വാങ്ങാനും നമ്മള്‍ മലയാളികള്‍ ?? നമ്മള്‍ എങ്ങോട്ട് സുഹൃത്തുക്കളേ ???

ഷവര്‍മ്മ കഴിച്ച് ഒരു കുട്ടിക്ക് ജീവന്‍ നഷ്ടപ്പെടുകയും ഷവര്‍മയില്‍ ഒളിച്ചിരിക്കുന്ന അപകട സാധ്യത വീണ്ടും ചര്‍ച്ചയായതോടെ നടിയുടെ പഴയ പോസ്റ്റ് ചര്‍ച്ചാവിഷയമായി. ഇതോടെ പഴയ ചിത്രത്തിനൊപ്പം കുറിപ്പുമായി നടി വീണ്ടും രംഗത്തെത്തി. ഷവര്‍മ്മയല്ല മറിച്ച് മായം കലര്‍ത്തുന്നത് തടയാത്ത സിസ്റ്റമാണ് യഥാര്‍ത്ഥ വില്ലന്‍ എന്ന് നടി ആരോപിച്ചു. ഷവര്‍മ്മ കഴിച്ച ചിലര്‍ മരിക്കുന്നു, ഒരുപാട് പേര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാര്‍ത്തകള്‍ ആവര്‍ത്തിച്ചു വരുമ്പോള്‍ കാര്യക്ഷമല്ലാത്ത കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടെ? ഒപ്പം മന്ത്രിക്ക് രാജിവച്ചു കൂടെ ?എന്നും നടി ചോദിക്കുന്നു.

ഗള്‍ഫില്‍ ധാരാളം ഷവര്‍മ്മ കടകള്‍ ഉണ്ട് അവിടെ ഒത്തിരി ആളുകള്‍ ഷവര്‍മ്മ കഴിക്കുന്നുമുണ്ട് എന്നാല്‍ ഭക്ഷ്യ വിഷബാധയും മരണവും സംഭവിക്കുന്നതായുള്ള വാര്‍ത്തകള്‍ എന്തുകൊണ്ട് അവിടെ നിന്നും ഉണ്ടാകുന്നില്ല എന്നു ശ്രദ്ധിച്ചിട്ടുണ്ടോ? സങ്കുചിതമായ മത – രാഷ്ടീയ താല്പര്യങ്ങള്‍ മാറ്റി സമൂഹത്തിന്റെ പൊതു താല്പര്യമായി ഇതിനെ കാണുക. ഷവര്‍മയിലും പൊതിച്ചോറിലും മായവും മതവും കലര്‍ത്താതിരിക്കുക എന്നും നടി ഓര്‍മ്മിപ്പിച്ചു.

Vishnu