സിനിമയുടെ ഗ്ലാമര്‍ ലോകത്ത് കത്തിജ്ജ്വലിച്ച് നില്‍ക്കുന്നതിനിടെ ആത്മീയ ലോകത്തേക്ക് ചേക്കേറിയ നിരവധി നടിമാരുണ്ട്. സൈറ വസീം, സന ഖാന് തുടങ്ങിയ മുന്‍നിര നടിമാരെല്ലാം ബോളിവുഡിന്റെ ത്രസിപ്പിക്കുന്ന ജീവിതം വിട്ട് ആത്മീയതയെ കൂട്ടുപിടിച്ചവരാണ്.
ഇവരുടെ കൂട്ടത്തിലേക്ക് ഭോജ്പുരി നടി സഹര്‍ അഫ്ഷയും ചേര്‍ന്നിരിക്കുകയാണ്. സഹര്‍ അഫ്ഷ സിനിമാ ലോകം ഉപേക്ഷിച്ച് ആത്മീയ പാതയിലാണെന്ന് അറിയിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് സഹര്‍ സിനിമാ ലോകം വിടുന്നതായി അറിയിച്ചത്.
ഇസ്ലാമിലേക്ക് പോകാന്‍ തീരുമാനിച്ചത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടി ലോകത്തോട് വിളിച്ചു പറഞ്ഞത്. താന്‍ സിനിമാ ലോകം ഉപേക്ഷിക്കുകയാണെന്നും ഇനി എനിക്ക് ഈ രംഗത്ത് ഒന്നും ചെയ്യാനില്ലെന്നും നടി പറയുന്നു.
ഇനിയുള്ള നാളുകള്‍ ഇസ്ലാാമിക വിദ്യാഭ്യാസത്തിനും അല്ലാഹുവിന്റെ അല്ഹാമിനും അനുസരിച്ചുള്ള ജീവിതം നയിക്കാനാണ് ഉദ്ദേശിക്കുന്നത്. ജീവിതത്തെ സംബന്ധിച്ചുള്ള എന്റെ ഉത്കണ്ഠ ഞാന്‍ ഉപേക്ഷിക്കുന്നു. ഞാന്‍ അല്ലാഹുവിനു മുന്നില്‍ പശ്ചാത്തപിക്കുന്നു. ഞാന്‍ അല്ലാഹുവിനോട് പാപമോചനം തേടുകയാണെന്നും അഫ്ഷ പറയുന്നു.
യാദൃശ്ചികമായാണ് ഞാന്‍ സിനിമാ രംഗത്തേക്ക് വന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അടുത്ത ജീവിതം അല്ലാഹുവിന്റെ നാമത്തിലായിരിക്കും. ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ച് ഇനി നടക്കാന്‍ പോകുന്നത് അള്ളാഹു കാണിച്ചു തന്ന വഴിയിലൂടെ മാത്രമാണെന്നും താരം പറയുന്നു.
2018ല്‍ കര്‍ത്താ-കര്‍മ-ക്രിയ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സഹര്‍ സിനിമയിലേക്ക് എത്തിയത്. 2020-ല്‍ നടന് ഖേസരി ലാല്‍ യാദവിനൊപ്പം മെഹന്ദി ലഗാ കെ രക്ന 3 എന്ന ചിത്രത്തിലൂടെയാണ് സഹര്‍ അഫ്ഷ ഭോജ്പുരി സിനിമയിലും ശ്രദ്ധേയയായി.