കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

Follow Us :

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ് പ്രധാനമന്ത്രി അഞ്ച് മാസം മുന്‍പ് തുറന്നുകൊടുത്തത്. രണ്ടടി മുതൽ മൂന്നടി വരെ നീളമുള്ള വിള്ളലുകളാണ് പാലത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം, ഏറ്റവും നീളം കൂടിയ കടൽപ്പാലം എന്നീ റെ​ക്കോഡുകൾ അടൽസേതു നേടിയിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്..ഇപ്പോഴിതാ അടല്‍ സേതുവില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടത് വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ സ്ഥലം സന്ദര്‍ശിച്ച് വിള്ളലുകള്‍ പരിശോധിക്കുകയും യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കയും പ്രകടിപ്പിച്ചു.

മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് എന്നറിയപ്പെടുന്ന അടല്‍ ബിഹാരി വാജ്പേയി സെവ്രി-നവ ഷെവ അടല്‍ സേതു, നവി മുംബൈയിലെ ഉള്‍വെയിലേക്കുള്ള ടാര്‍ റോഡിന്റെ എക്‌സിറ്റിലാണ് വിള്ളലുകള്‍ കാണപ്പെട്ടത്. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ അടല്‍ സേതു അഞ്ച് മാസം മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.പുതുതായി ഉദ്ഘാടനം ചെയ്ത പാലത്തിന് വിള്ളലുണ്ടായത് വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അടൽ സേതുവിൽ കണ്ടെത്തിയ വിള്ളലുകൾ മഹാരാഷ്ട്ര കോൺഗ്രസ് ​പ്രസിഡന്റ് നാനാ പടോലെ പരിശോധിച്ചു.മുംബൈയിലും നവി മുംബൈയിലുമായി നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിലെല്ലാം വലിയ അഴിമതിയാണ് നാനാ പടോലെ ചൂണ്ടിക്കാട്ടിയത്. അടൽ ബിഹാരി വാജ്‌പേയിയെ ഇന്ത്യയിലെ ജനങ്ങൾ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ പേരിൽ പോലും അഴിമതി നടത്താൻ ബിജെപിക്ക് മടിയില്ലെന്നും മഹാരാഷ്ട്ര അമിത് ഷായുടെയും നരേന്ദ്രമോദിയുടെയും എ ടിഎം ആയി മാറിയിരിക്കുകയാ​ണെന്നും പടോലെ ആരോപിച്ചു. അതിനാലാണ് അവർ ഇരുവരും മഹാരാഷ്ട്രയെ പുകഴ്ത്തിപ്പറയുന്ന​തെന്നും അദ്ദേഹം പരിഹസിച്ചു.എന്നാൽ പാലത്തിൽ വിള്ളലുണ്ടെന്ന പ്രചാരണം കിവദന്തി മാത്രമാണെന്നാണ് മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി നൽകുന്ന വിശദീകരണം.

വിള്ളലുകൾ പാലത്തിലല്ലെന്നും മുംബൈയിലേക്കുള്ള അപ്രോച്ച് റോഡിലാണെന്നുമാണ് അധികൃതർ പറയുന്നത്.മുംബൈയിലെ സെവ്‌രിയിൽ നിന്ന് ആരംഭിച്ച് റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ നവാ ഷെവയിൽ അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. 16.50 കിലോമീറ്റർ കടലിലും 5.5 കിലോമീറ്റർ കരയിലുമായാണ് ഈ ആറുവരി കടൽപ്പാലം സ്ഥിതിചെയ്യുന്നത്.22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി പാതയാണ് എംടിഎച്ച്എല്‍. ലോകത്തിലെ പന്ത്രണ്ടാമത്തെ നീളം കൂടിയ പാലവും ഇതാണ്. മുംബൈയില്‍ നിന്നും നവിമുംബൈയിലേക്ക് 20 മിനിട്ട് കൊണ്ട് എത്താന്‍ കഴിയും എന്നതാണ് പ്രത്യേകത. റോഡിലൂടെ രണ്ട് മണിക്കൂറാണ് ഈ ദൂരം പിന്നിടാന്‍ എടുക്കുന്നത്. മുംബൈയിലെ ഗതാഗതക്കുരുക്ക് കാരണം 1990കളില്‍ ആലോചന തുടങ്ങിയ പദ്ധതിയാണിത്. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. ഏകദേശം 17,840 കോടി മുടക്കിയാണ് പാലത്തിന്‍റെ പണി പൂർത്തീകരിച്ചത്.

അടിയിലൂടെ കപ്പലുകള്‍ക്ക് തടസ്സമില്ലാതെ പോകാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മാണം. ജനുവരി 12നായിരുന്നു പാലത്തിന്‍റെ ഉദ്ഘാടനം. ദിവസേന 75,000 വാഹനങ്ങള്‍ കടന്നുപോകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും 30000 വാഹനങ്ങള്‍ മാത്രമാണ് പോകുന്നത്. പാലത്തിൽ ഫോർ വീലറുകളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 ​​കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ട്. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. മോട്ടോർ ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടർ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ, സാവധാനത്തിൽ ഓടുന്ന വാഹനങ്ങൾ എന്നിവക്ക് കടൽപ്പാലത്തിൽ വിലക്കുമുണ്ട്. ആദ്യ മാസത്തിൽ അടൽ സേതു പരമാവധി വരുമാനം നേടിയത് ഫാസ്റ്റ് ടാഗിൽ നിന്നാണ്. 13,70,96,815 രൂപയാണ് ഫാസ്റ്റ് ടാഗ് വഴി ടോൾ ഇനത്തിൽ ലഭിച്ചത്. ഇതേ കാലയളവിൽ പാലത്തിൽ നിന്ന് 87,04,925 രൂപ പണമായും ടോൾ ഇനത്തിൽ പിരിച്ചെടുതിരുന്നു