‘ജിസ് ജോയിൽ നിന്നുമൊരിക്കലുമൊരു മുഴു നീള ക്രൈം ത്രില്ലെർ സിനിമയൊന്നും പ്രതീക്ഷിച്ചിരുന്നില്ല’

Follow Us :

പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നിൽക്കുമ്പോൾ വലിയൊരു വിജയമായി മാറുകയാണ് ബിജു മേനോൻ – ആസിഫ് അലി കോമ്പോയിൽ ജിസ് ജോയ് സംവിധാനം ചെയ്ത തലവൻ എന്ന ചിത്രം. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ജിസ് ജോയിൽ നിന്നുമൊരിക്കലുമൊരു മുഴു നീള ക്രൈം ത്രില്ലെർ സിനിമയൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആദം ലിയോ മൂവി ​ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം

ജിസ് ജോയ് എന്നാൽ ‘ഫീൽഗുഡ് സിനിമകളുടെ ആശാൻ’ എന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു..അത്കൊണ്ട് തന്നേ ജിസ് ജോയിൽ നിന്നുമൊരിക്കലുമൊരു ഫുൾ fledged ക്രൈം ത്രില്ലെർ സിനിമയൊന്നും പ്രതീക്ഷിച്ചിരുന്നില്ല.
പക്ഷെ തലവൻ ആ ചിന്തകളെ മാറ്റിക്കുറിച്ചു.
റിലീസ് ദിവസം മുതലേ നല്ല അഭിപ്രായങ്ങൾ കേൾക്കുന്നുണ്ടെങ്കിലും തിരക്കുകൾ കാരണം ഇന്നലെയാണ് സിനിമ കാണാൻ സാധിച്ചത്.. മാരക ഹൈപ്പിൽ വന്ന സിനിമയൊന്നുമല്ലാഞ്ഞിട്ടും തിരുവനന്തപുരം എരീസ് പ്ലക്സ് ഓഡി 1 ൽ രണ്ടാമാഴ്ചയിലും 75% ൽ കൂടുതൽ ഒക്കുപ്പൻസി മൈന്റൈൻ ചെയ്യുന്നുണ്ടെങ്കിൽ മൗത്ത് പബ്ലിസിറ്റി ഈ സിനിമയെ എത്ര മാത്രം ലിഫ്റ്റ് ചെയതിരിക്കുന്നുവെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
പോലീസ് സർവിസിൽ നിന്നും വിരമിച്ച DYSP ഉദയഭാനു ഒരു ടെലിവിഷൻ ചാനലിലൂടെ തന്റെ ഔദ്യോധിക ജീവിതത്തിലെ പ്രധാന കേസ് ഫയലുകളെ കുറിച്ച് സംസാരിക്കുന്ന ഒരു ഷോ നടത്തുകയാണ്. പോലീസ് സേനയിലും പൊതുജനങ്ങൾക്കിടയിലും പല വിവാദങ്ങൾക്കും കാരണമായ ചെമ്പൻ തോട്ട കൊലക്കേസിന്റെ വിവരണത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
ഒരേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന CI ജയശങ്കറും പുതുതായി ചാർജെടുത്ത SI കാർത്തിക്കും തമ്മിലുണ്ടായ ചെറിയ ചില ഉരസലുകൾ ഇരുവർക്കുമിടയിലുണ്ടാക്കിയ ഈഗോയും അതിനിടയിൽ സംഭവിക്കുന്ന ഒരു കൊലപാതകവും തുടർന്നുള്ള സംഭവങ്ങളുമാണ് കഥാപശ്ചാത്തലം.
അനാവശ്യ സീനുകളൊന്നുമില്ലാതെ പ്രധാനകഥയിൽ ഫോക്കസ് ചെയ്ത് ലൂപ്ഹോളുകളില്ലാത്ത കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് ജിസ് ജോയ് ഇത്തവണയൊരുക്കിയിരിക്കുന്നത്.
അയ്യപ്പൻ നായർക്ക് ശേഷം ബിജുമേനോന്റെ മറ്റൊരു ഗംഭീര പോലീസ് വേഷമാണ് CI ജയശങ്കർ. കൂമനു ശേഷം പോലീസ് വേഷത്തിൽ ആസിഫ് അലിയും കലക്കിയിട്ടുണ്ട്. പെർഫോമൻസിൽ ഇവർക്കൊപ്പം മികച്ചു നിന്ന മറ്റൊരാൾ കോട്ടയം നസിറാണ്.
ആക്ഷൻ സീനുകകളും പാട്ടുകളും ശരാശരിയിലൊതുങ്ങിയെങ്കിലും രണ്ടരമണിക്കൂർ ഒരു ഡീസന്റ് എക്സ്പീരിയൻസ് തരുന്ന സിനിമയാണ് തലവൻ. ധൈര്യമായി തീയറ്ററിൽ തന്നെ കാണാം.