എയർടെൽ, വൊഡാഫോൺ, ഐഡിയ, ജിയോ മൊബൈൽ താരിഫ് 47 ശതമാനം വരെ ഉയർത്തുന്നു

നാലു വർഷത്തിന് ശേഷം നിരക്ക് വർധിപ്പിക്കുകയാണ് രാജ്യത്തെ ടെലികോം കമ്പനികൾ. മൊബൈല്‍ സേവനദാതാക്കളായ വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ ഡാറ്റ, കോൾ നിരക്ക് വർധന ഡിസംബർ മൂന്ന് മുതൽ നിലവിൽ വരും. ഡാറ്റയ്ക്ക് മാത്രമല്ല മറ്റ് മൊബൈലുകളിലേക്കു വിളിക്കുന്ന അൺലിമിറ്റഡ് കോളുകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. മിക്ക പ്ലാനുകളിലെയും വർധനവ് 15-47 ശതമാനം വരെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോയും നിരക്ക് വർധന പ്രഖ്യാപിച്ചിട്ടുണ്ട്. വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ കമ്പനികള്‍ പോലെ 47 ശതമാനം വരെയുള്ള നിരക്ക് വര്‍ധനവ് തന്നെയാണ് ജിയോയും പ്രഖ്യാപിച്ചിരിക്കുന്നു.

വൊഡാഫോൺ ഐഡിയ എയർടെൽ എന്നിവയുടെ പുതിയ താരിഫ് ചൊവ്വാഴ്ച മുതൽ നിലവിൽ വരും, റിലയൻസ് ജിയോയുടെ കൂട്ടിയ താരിഫ് ഡിസംബർ 6 മുതൽ നിലവിൽ വരും. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ വർദ്ധനവുണ്ടാകുമെന്ന വിവരം ഈ ടെലികോം കമ്പനികൾ നേരത്തെ സൂചിപ്പിച്ചിരുന്നു. വരുമാനത്തില്‍ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് എയർടെൽ അടക്കമുള്ള ടെലികോം കമ്പനികൾ നിരക്കുകൾ കുത്തനെ കൂട്ടുന്നത്.

വൊഡാഫോണ്‍-ഐഡിയ പുതിയ നിരക്കുകൾ

പ്രീ പെയ്ഡ് നിരക്ക് 42 ശതമാനമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസം, 28 ദിവസം, 84 ദിവസം, 365 എന്നീ കാലയളവിലേക്കായിരിക്കും പുതിയ നിരക്ക് ബാധകമാകുക. 28 ദിവസത്തേക്കുള്ള പ്ലാനായ 129 രൂപ പ്ലാനിന്‌ 149 രൂപയാണ് ഇനി ഉപയോക്താക്കൾ അടയ്ക്കേണ്ടതായി വരിക. 199 രൂപയുടെ പ്ലാനിന്‌ 249 രൂപ നൽകേണ്ടതായി വരും.

229 രൂപയുടെ പ്ലാനിന്‌ ഡിസംബർ മൂന്ന് മുതൽ 299 രൂപ നൽകണം. 84 ദിവസത്തേക്കുള്ള 459 രൂപ പാക്കിന് ഇനി മുതൽ 599 രൂപ നൽകണം. ഒരു വർഷത്തേക്കുള്ള 999 രൂപ, 1699 പാക്കുകൾക്ക് യഥാക്രമം 1499 രൂപ, 2399 എന്നിങ്ങനെ പുതിയ വിലകൾ നൽകേണ്ടി വരും. 28 ദിവസ പ്ലാനുകളില്‍ 1000 മിനിറ്റും 84 ദിവസ പ്ലാനുകളില്‍ 3000 മിനിറ്റും 365 ദിവസ പ്ലാനുകളില്‍ 12000 മിനിറ്റുമാണ് ഇനി സൗജന്യം. ഇതിനു ശേഷമുള്ള കോളുകള്‍ക്കു മിനിറ്റിനു 6 പൈസ വീതം ഈടാക്കും

ഭാരതി എയർടെൽ പുതിയ നിരക്കുകൾ

ഭാരതി എയർടെൽ 42 ശതമാനം വരെ നിരക്ക് വർധനയാണ് പ്രഖ്യാപിച്ചത്. പ്രീ-പെയ്ഡ് ഉപഭോക്താക്കൾക്കാണ് ആദ്യം നിരക്ക് വർധന ഏർപ്പെടുത്തുന്നത്. ഇപ്പോൾ അൺലിമിറ്റഡ് സേവനങ്ങൾ ലഭിക്കുന്ന പ്ലാനിലാണ് 42 ശതമാനം വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസം 50 പൈസ മുതല്‍ 2.85 രൂപ വരെ വര്‍ധനയാണ് എയര്‍ടെല്‍ പ്ലാനുകളില്‍ വരുന്നത്. ചൊവ്വാഴ്ച അര്‍ദ്ധരാതി മുതല്‍ പുതിക്കിയ നിരക്കുകള്‍ നിലവില്‍ വരും. പരിധിക്ക് മുകളിലുള്ള ഡാറ്റ ഉപയോഗത്തിന് കൂടുതല്‍ നിരക്ക് അടയ്ക്കേണ്ടതായി വരും. 35 രൂപ പ്ലാനിന്‌ 49 രൂപ,129 രൂപ പ്ലാനിന്‌ 148 രൂപ, 169 രൂപ പ്ലാനിന്‌ 248 രൂപ, 199 രൂപ പ്ലാനിന്‌ 298 രൂപ എന്നിങ്ങനെയാണ് എയർടെലിന്റെ 28 ദിവസത്തേക്കുള്ള പ്ലാനുകൾ പുതുക്കിയത്. 82 ദിവസത്തേക്കുള്ള 448 രൂപ പാക്കിന് 598 രൂപയാക്കിയിട്ടുണ്ട്, 82 ദിവസത്തേക്കുള്ള 499 രൂപ പാക്കിന് 698 രൂപയാണ്. 336 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന്റെ വില 998 രൂപയിൽ നിന്നും 1498 രൂപയാക്കിയും 365 ദിവസത്തെ 1699 രൂപയുടെ പ്ലാനിന്റെ വില 2398 രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്. എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റ് നെറ്റ്‌വര്‍ക്കിലേക്കുള്ള അണ്‍ലിമിറ്റഡ് കോളിങ്ങിനും തുക ഈടാക്കും. നിരക്ക്

വർധനയുണ്ടെങ്കിലും എയർടെൽ എക്‌സ്ട്രീം വഴി പ്രീമിയം കണ്ടന്റുകൾ നൽകാനും കമ്പനി ശ്രമിക്കുന്നുണ്ട്. ഇതുകൂടാതെ എയർടെൽ താങ്ക്സ് പ്ലാറ്റ്ഫോം വഴി 10,000 സിനിമകൾ, എക്സ്ക്ലൂസീവ് ഷോകൾ, 400 ടിവി ചാനലുകൾ, വിങ്ക് മ്യൂസിക്, ആന്റി- വൈറസ് പരിരക്ഷ എന്നിവയെല്ലാം വരിക്കാർക്ക് കമ്പനി ലഭ്യമാക്കുന്നുണ്ട്.

റിലയന്‍സ് ജിയോ പുതിയ നിരക്കുകൾ

റിലയന്‍സ് ജിയോയുടെ നിരക്കില്‍ 40% വരെ വര്‍ധനവ് വെള്ളിയാഴ്ച മുതൽ നിലവില്‍ വരും. പുതിയ ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ച ജിയോ ഇത് വഴി കൂടുതല്‍ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും പറയുന്നു. മറ്റു നെറ്റ് വർക്കുകളിലേക്ക് വിളിക്കുന്നവരിൽ നിന്നും ടെലികോം റെഗുലേറ്ററി അതേറിട്ടി (ട്രായ്) നിർദ്ദേശിക്കുന്ന ഇന്റർകണക്ട് യൂസേജ് ചാർജ് (ഐയുസി) ഈടാക്കും എന്ന് ജിയോ വ്യക്തമാക്കിയിട്ടുണ്ട്. ഓൺ-നെറ്റ് കോളുകൾ, ഓഫ്-നെറ്റ് കോളുകൾ, ഡാറ്റ എന്നിവ ഉൾപ്പെടുന്ന പുതിയ ഓൾ-ഇൻ-വൺ പ്ലാനുകൾ ഒക്ടോബറിലാണ് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്. 222 രൂപയിൽ ആരംഭിക്കുന്ന പ്ലാനിൽ 2 ജിബി പ്രതിദിന 4 ജി ഡാറ്റയും ഇന്ത്യയിലുടനീളമുള്ള മറ്റ് ജിയോ നമ്പറുകളിലേക്കുള്ള അൺലിമിറ്റഡ് കോളുകളും മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളിലേക്ക് 1000 മിനിറ്റ് വോയ്‌സ് കോളുകൾ, അൺലിമിറ്റഡ് എസ്എംഎസുകൾ എന്നിവയാണ് ലഭിക്കുക.

Krithika Kannan