‘നന്മ എന്ന വാക്കിന് ഈ സിനിമയില്‍ വെറും പുല്ലു വിലയാണ് കൊടുത്തിരിക്കുന്നത്’

‘ഗോദ’, ‘ആനന്ദം’ തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായകിന്റെ ആദ്യ സംവിധാന സംരഭമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. കഥ പറച്ചിലില്‍ ആദ്യ ചിത്രത്തില്‍ തന്നെ സ്വന്തം കയ്യൊപ്പിടാന്‍ അഭിനവ് സുന്ദര്‍ നായകിന് സാധിച്ചിരിക്കുന്നു. മികച്ച അഭിപ്രായമാണ് വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ ഈ ചിത്രത്തിന് ലഭിക്കുന്നത്.
‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സി’ല്‍ വിനീത് ശ്രീനിവാസന്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ വെറുപ്പ് വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രമാണ് ‘മുകുന്ദന്‍ ഉണ്ണി’. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പും അത് ശരിവെക്കുന്നു. ‘പടം തുടങ്ങി അവസാനം വരെ ഒരേ മീറ്ററില്‍ പോകുന്ന യാത്ര. നന്മ എന്ന വാക്ക് ഈ സിനിമയില്‍ വെറും പുല്ലു വിലയാണ് കൊടുത്തിരിക്കുന്നതെന്ന് മുഹമ്മദ് അജ്‌നാസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘നാര്‍കോസ് സീരീസ് കാണുമ്പോള്‍ പാബ്ലോ എസ്‌കോബാര്‍ എത്ര ക്രൂരത കാണിച്ചിട്ടും അവസാനം അങ്ങേര് രക്ഷപെടണം എന്നായിരുന്നു ആഗ്രഹം.. ഇത് ശരിക്കും സംഭവിച്ചതാണ് എന്നൊന്നും എനിക്ക് ഒരു വിഷയമേ അല്ലായിരുന്നു..
മങ്കാത്ത സിനിമ, ഒരു പക്ഷേ ആ സിനിമ നൂറിലധികം തവണ ഞാന്‍ കണ്ടിട്ടുണ്ടാകും.. കാരണം അതില്‍ നായകന്‍ ഒരിക്കലും നന്മ മരം അല്ലായിരുന്നു. തന്റെ ആഗ്രഹത്തിനും നില നില്‍പ്പിനും ഏതറ്റം വരെയും പോകാന്‍ കഴിയുന്ന ആളായിരുന്നു വിനായക് മഹാദേവ്..
ആ കൂട്ടത്തിലേക്ക് ഞാന്‍ അഡ്വ. മുകുന്ദന്‍ ഉണ്ണിയേയും ചേര്‍ക്കുന്നു..
എന്തൊരു കഥാപാത്രമാണ് വിനീത് ശ്രീനിവാസന് കിട്ടിയത്, അതിനോട് നൂറ് ശതമാനവും നീതി പുലര്‍ത്തിയ പ്രകടനം..
പടം തുടങ്ങി അവസാനം വരെ ഒരേ മീറ്ററില്‍ പോകുന്ന യാത്ര.
നന്മ എന്ന വാക്ക് ഈ സിനിമയില്‍ വെറും പുല്ലു വിലയാണ് കൊടുത്തിരിക്കുന്നത്..
അവസാനം എല്ലാ നന്മ മരങ്ങളുടെയും അണ്ണാക്കില്‍ അടിച്ചൊരു ഡയലോഗ് കൊണ്ട് സിനിമ അവസാനിപ്പിക്കുന്നു..
പ്രേക്ഷകര്‍ എന്ത് വിചാരിക്കും എന്ന് കരുതി തന്റെ സിനിമയില്‍ ഒരു മാറ്റവും വരാതെ എന്താണോ പറയാന്‍ ഉദ്ദേശിച്ചത് അത് വെടിപ്പായി പറഞ്ഞ സംവിധായകന് കയ്യടികള്‍..
അഡ്വ. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്, ഈ വര്‍ഷം കണ്ട മറ്റൊരു മികച്ച സിനിമ എന്നു പറഞ്ഞാണ് അജ്‌നാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദിനി ബൈജു , നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.

Gargi