ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്. പിന്നാലെ സാമൂഹിക വിഷങ്ങളിലെല്ലാം താരം നിലപാട് വ്യക്തമാക്കിയെത്താറുണ്ട്. ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബിഗ് ബോസ് ഷോയിലെ മത്സരാര്‍ഥികളെ പിന്തുണച്ചും ഷോയുടെ അണിയറപ്രവര്‍ത്തകരെ വിമര്‍ശിച്ചുമെല്ലാം അഖില്‍ മാരാര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു പരാമര്‍ശമാണ് ശ്രദ്ധേയമാകുന്നത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് അഖില്‍. കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയാണ് അഖില്‍.

സോഷ്യല്‍ മീഡിയയില്‍ 90 ശതമാനം പേരും സുരേഷ് ഗോപിയെ കുറിച്ച് നെഗറ്റീവ് പറയുന്ന സമയത്താണ് താന്‍ അദ്ദേഹത്തെ പിന്തുണച്ച് എത്തിയത്. അങ്ങനെയാണ് താന്‍ ആദ്യമായി സംഘിയായതെന്നും അഖില്‍ പറയുന്നു. നമ്മുടെ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയെ അനുകൂലിക്കുന്നതെന്നും താരം പറയുന്നു. പുള്ളിയുടെ ഉള്ളില്‍ നന്മയുള്ള ഒരു മനുഷ്യനുണ്ടല്ലോ, അതുപോലെ ദിലീപിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് മാറ്റി പറയേണ്ടി വരുമെന്നും അഖില്‍ മാരാര്‍ പറയുന്നു.

താന്‍ ദിലീപേട്ടന് വേണ്ടി സംസാരിക്കുന്ന വ്യക്തിയാണ്. എന്റെ ശരികളാണ് ഞാന്‍ പറയുന്നത്. പുള്ളിയെ കേരളത്തില്‍ ആരും പിന്തുണയ്ക്കുന്ന ഒരു സമയം ഒന്നും അല്ലല്ലോ. അദ്ദേഹം ഒരുപാട് നെഗറ്റീവായി നില്‍ക്കുന്ന സമയം കൂടിയാണിതെന്നും അഖില്‍ മാരാര്‍ പറയുന്നു.

ദിലീപ് എന്ന മനുഷ്യനെ നാളെ കോടതി വെറുതെ വിടുമ്പോള്‍ നിങ്ങള്‍ക്ക് മാറ്റി പറയേണ്ടി വരും. അതില്‍ നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങളുണ്ട്. അതൊക്കെ നാളെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ദിലീപിനോട് പോയി മാപ്പ് പറയും. ആരൊക്കെ അയാളെ ആക്രമിച്ചിട്ടുണ്ടോ, അവരൊക്കെ ഉള്ളില്‍ നിന്നുള്ള തോന്നല്‍ കാരണം തന്നെ പരസ്യമായി അയാളോട് പോയി മാപ്പ് പറയും. കാലം ഒന്നും വിട്ടുപോവില്ലെന്നാണ് അഖില്‍ പറയുന്നത്.

സുരേഷ് ഗോപിയുടെ കാര്യത്തിലെന്ന പോലെ അന്ന് നിങ്ങള്‍ എന്റെ അടുത്ത് വന്ന് പറയും, അഖിലേട്ടാ നിങ്ങള്‍ പറഞ്ഞ കാര്യം ശരിയായെന്ന്. പണ്ട് ഒരു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്ന് പറയുന്ന സംഭവത്തില്‍ പോസ്റ്റിട്ടിരുന്നു. ഒരിക്കലും അത്തരമൊരു ഘട്ടത്തില്‍ ഒരു പെണ്‍കുട്ടിക്ക് അങ്ങനെ ചെയ്യാനാവില്ലെന്നായിരുന്നു പോസ്റ്റ്.

ഞാന്‍ തന്നെ കുറെ പ്രാക്ടീസ് ചെയ്തു നോക്കിയിരുന്നു. എങ്ങനെ വെട്ടാന്‍ പറ്റുമെന്ന്. ഒന്നുകില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വെട്ടിമാറ്റാം, അല്ലെങ്കില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ചതിയിലൂടെ ചെയ്യാം. അങ്ങനെയാണ് അത് സംഭവിച്ചത്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ധീരവനിത അല്ല, ക്രിമിനലാണ് അവള്‍. കാവിയിട്ട സന്ന്യാസിയെ പിന്തുണച്ചതിന് അന്ന് തന്നെ സംഘിയാക്കി. പക്ഷെ അവസാനം താന്‍ പറഞ്ഞത് തന്നെ ശരിയായില്ലേയെന്നും അഖില്‍ ചോദിക്കുന്നുണ്ട്.

ചില കാര്യങ്ങളില്‍ ശരിയുണ്ടെന്ന് നമുക്ക് തന്നെ തോന്നും. അനിയന്‍ മിഥുന്റെ കാര്യത്തില്‍ എല്ലാവരും പരിഹസിക്കുന്ന സമയത്താണ് താന്‍ ഷോയ്ക്ക് ഉള്ളില്‍ വെച്ച് തന്നെ പിന്തുണച്ചത്. ലാഭ നഷ്ടങ്ങളൊന്നും നോക്കിയല്ല അവിടെ സംസാരിച്ചിരുന്നത്. സിബിന്റെ കാര്യത്തില്‍ അവനോട് തന്നെ നേരിട്ട് സംസാരിച്ച ശേഷമാണ് താന്‍ പിന്തുണയുമായെത്തിയതെന്നും അഖില്‍ പറയുന്നു.