‘ജവാനില്‍’ അല്ലു അര്‍ജ്ജുനും!! നിരസിച്ച ഓഫര്‍ വീണ്ടും സ്വീകരിച്ച് താരം

പത്താന്റെ വന്‍ വിജയത്തിന് ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പുതിയ ചിത്രമാണ് ‘ജവാന്‍’. അറ്റ്‌ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രത്തില്‍ അല്ലു അര്‍ജുന്‍ ഭാഗമാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാസങ്ങള്‍ക്ക് മുന്‍പ് നിരസിച്ച ഓഫറാണ് അല്ലു വീണ്ടും സ്വീകരിച്ചിരിക്കുന്നത്.

ഏകദേശം ഒരു മാസം അല്ലുവിന്റെ ജവാനിലെ ഭാഗം മുംബൈയില്‍ ചിത്രീകരിച്ചുവെന്നാണ് ചില ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. നേരത്തെ ‘പുഷ്പ 2’ വില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ജവാനിലെ അതിഥി വേഷം അല്ലു നിരസിച്ചിരുന്നു.

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയിട്ടാണ് ജവാന്‍ ഒരുങ്ങുന്നത്. ഇപ്പോഴേ ‘ജവാന്റെ’ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് 120 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തില്‍ സഞ്ജയ് ദത്തും പ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് സൂചന.
ജവാന്റെ വളരെ പ്രധാനപ്പെട്ട ആക്ഷന്‍ രംഗത്തിലാവും സഞ്ജയ് ദത്ത് എത്തുന്നത്. മുംബൈയിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത് എന്ന് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലനാവുന്നത്. നയന്‍താര, സാനിയ മല്‍ഹോത്ര, പ്രിയാമണി തുടങ്ങിയവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഗസ്റ്റ് റോളില്‍ ദീപിക പദുക്കോണും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Anu