Film News

അത് വിജയ്, വേറെ ലീ​ഗ്! ലിയോ വീണില്ലെങ്കിലും ഏപ്രിൽ 11 മലയാള സിനിമയ്ക്ക് കൊയ്ത്തിന്റെ ദിനം, പെട്ടിയിലാക്കി കോടികൾ

തൊടുന്നതെല്ലാം പൊന്നാക്കി സുവർണ കാലത്തിലൂടെയാണ് മലയാള സിനിമ മുന്നോട്ട് പോകുന്നത്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം തുടങ്ങിയ സിനിമകളെല്ലാം കേരളത്തിന് പുറത്തും വലിയ സ്വീകാര്യത നേടിയിരുന്നു. ഇത് കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. വിഷു, ഈദ് റിലീസായി മൂന്ന് ചിത്രങ്ങളാണ് ഇന്നലെ എത്തിയത്. വിനീത് ശ്രീനിവാസൻറെ പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ- നിവിൻ പോളി ചിത്രം വർഷങ്ങൾക്കു ശേഷം, ജിത്തു മാധവൻറെ ഫഹദ് ഫാസിൽ ചിത്രം ആവേശം, രഞ്ജിത്ത് ശങ്കറിൻറെ ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേഷ് എന്നിങ്ങനെ മൂന്ന് ചിത്രങ്ങൾ ഒരു ദിവസം എത്തി.

ആദ്യ ദിനം തന്നെ കളക്ഷനിലും പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഈ സിനിമകൾ. മലയാള ചിത്രങ്ങൾ കേരളത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സിം​ഗിൾ ഡേ കളക്ഷൻ എന്ന റെക്കോർഡ് ഇനി ഏപ്രിൽ 11ന് സ്വന്തമാണ്. ർഷങ്ങൾക്ക് ശേഷം, ആവേശം, ജയ് ഗണേഷ് എന്നിവയ്ക്കൊപ്പം ആടുജീവിതവും ചേർന്നാണ് ഈ വലിയ നേട്ടം സ്വന്തമാക്കിയത്.

ഈ ചിത്രങ്ങളെല്ലാം ചേർന്ന് കേരളത്തിൽ നിന്ന് 9- 10 കോടി രൂപയാണ് ഇന്നലെ നേടിയതെന്നാണ് റിപ്പോർട്ട്. എന്നാൽ, മലയാള ചിത്രങ്ങളെ മാത്രം പരി​ഗണിക്കുമ്പോഴാണ് ഇത് റെക്കോർഡ് ആകുന്നത്. മറുഭാഷ ചിത്രങ്ങളെയും കൂടി പരി​ഗണിച്ചാൽ ഏറ്റവും ഉയർന്ന സിം​ഗിൾ ഡേ കളക്ഷൻ 2023 ഒക്ടോബർ 19നാണ്. അന്ന് വിജയ്‍യുടെ ലിയോ ആണ് റിലീസ് ചെയ്തത്. കേരളത്തിൽ നിന്ന് മാത്രം 12 കോടി നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. പ്രേമലുവും ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്സും തിയറ്ററുകളിലുണ്ടായിരുന്ന ദിവസം കേരളത്തിൽ നിന്ന് എട്ട് നേടാൻ ഈ ചിത്രങ്ങൾക്ക് സാധിച്ചിരുന്നു.

Anu