മ്യൂസിക് ഷോയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് സംഗീതജ്ഞന് എ ആര് റഹ്മാന്. സെപ്തംബര്‍ 10ന് ചെന്നൈ ആദിത്യറാം പാലസില്‍ ആരാധകര്‍ക്കായി സംഘടിപ്പിച്ച മറക്കുമാ നെഞ്ചം സംഗീത പരിപാടിയാണ് വിവാദമായത്.
ആയിരങ്ങള്‍ മുടക്കി ടിക്കറ്റെടുത്ത നിരവധി പേര്‍ക്ക് ഷോയില്‍ പ്രവേശിക്കാന്‍ പോലും സാധിച്ചില്ല, പ്രവേശിച്ചവര്‍ക്കാകട്ടെ മോശം ശബ്ദ സംവിധാനമടക്കമുള്ള പ്രശ്നങ്ങളാല്‍ ഷോ ആസ്വദിക്കാനുമായില്ലെന്നായിരുന്നു പരാതികള്‍ ഉയര്‍ന്നത്. പരിപാടിക്കെത്തിയ ആരാധകര്‍ വേദിക്ക് അകത്ത് നിന്ന് പുറത്ത് നിന്നും പ്രശ്നങ്ങളും വിഷമങ്ങളും വിവരിച്ച് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
പലരും വീഡിയോയില്‍ എആര്‍ റഹ്മാനെയും ടാഗ് ചെയ്തിരിന്നു. പ്രശ്നം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആയതോടെയാണ് എആര്‍ റഹ്മാന് തന്നെ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
ഷോയ്ക്കായി ടിക്കറ്റെടുത്തവര്‍ അതിന്റെ പകര്‍പ്പ് ഈ മെയില്‍ സന്ദേശമായി അയയ്ക്കാനാണ് എആര്‍ റഹ്മാന്റെ നിര്‍ദേശം. പകര്‍പ്പ് ലഭിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട പരാതികളോട് വേണ്ടപ്പെട്ടവര്‍ എത്രയും വേഗം പ്രതികരിക്കുമെന്ന് എ ആര് റഹ്മാന് എക്സില്‍ കുറിച്ചു.
മാത്രമല്ല, പരിപാടിയിലുണ്ടായ എല്ലാ പ്രശ്നങ്ങളുടേയും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘാടകര്‍ രംഗത്തെത്തി. പരിപാടിയില്‍ പങ്കെടുക്കാനാവാതിരുന്നവരോട് സംഘാടകര്‍ ക്ഷമ ചോദിക്കുകയും ചെയ്തു.