ഖുറേഷി അബ്രാമിന്റെ വില്ലനായി എത്തുന്നത് അര്‍ജുന്‍ ദാസ്!!

Follow Us :

ആരാധക ലോകം വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുക്കെട്ടിലെത്തുന്ന എമ്പുരാന്‍. വന്‍ വിജയമായ ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍. ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിയ്ക്കുകയാണ്. തിരുവനന്തപുരത്താണ് ചിത്രീകരണം നടക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ വില്ലനായി തമിഴ് താരം എത്തുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലെ ഏറെ ആരാധകരുള്ള അര്‍ജുന്‍ ദാസാണ് ചിത്രത്തില്‍ അബ്രാം ഖുറേഷിയുടെ വില്ലനായി എത്തുന്നത്.

കൈതി, മാസ്റ്റര്‍, വിക്രം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് അര്‍ജുന്‍ ദാസ്. അര്‍ജുന്റെ മലയാള സിനിമാ അരങ്ങേറ്റവുമാണ് എമ്പുരാന്‍. ലൂസിഫറില്‍ ഇല്ലാത്ത താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും എമ്പുരാനില്‍ എത്തുന്നുണ്ട്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയി, സായ്കുമാര്‍, നന്ദു തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.