‘ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മനസ് നിറക്കുന്ന ലളിതവും സുന്ദരുമായൊരു ചിത്രം’

അമിത് ചക്കാലക്കലും അനു സിതാരയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘സന്തോഷം’. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അജിത് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാഭാവന്‍ ഷാജോണിന്റെ കഥാപാത്രത്തിന്റെ മകളായിട്ടാണ് അനു സിത്താര അഭിനയിക്കുന്നത്. അര്‍ജുന്‍ സത്യനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. കുടുംബബന്ധങ്ങളുടെ ആഴത്തെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ മല്ലിക സുകുമാരന്‍, ബേബി ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരും അഭിനയിക്കുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മനസ് നിറക്കുന്ന ലളിതവും സുന്ദരുമായൊരു ചിത്രം’ എന്നാണ് അരുണ്‍ സുരേന്ദ്രന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇന്ന് രാവിലെ തിരുവനന്തപുരം ശ്രീ പദ്മനാഭ തീയേറ്ററില്‍ നിന്ന് ‘സന്തോഷം’ എന്ന സിനിമ കണ്ടു…
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മനസ് നിറക്കുന്ന ലളിതവും സുന്ദരുമായൊരു ചിത്രം ????
പക്ഷെ സിനിമയെ കുറിച്ച് പറയാനല്ല ഈ പോസ്റ്റ് ഞാന്‍ എഴുതുന്നത്.
മറിച്ച് എന്നെ ഞെട്ടിച്ച ഒരു കലാകാരനെ കുറിച്ച് പറയാനാണ്.
മാറ്റാരുമല്ല.. നമ്മുടെ സ്വന്തം കലാഭവന്‍ ഷാജോണ്‍…
കോമടി സ്റ്റേജ് ഷോകളിലൂടെയും വീഡിയോ കാസറ്റുകളിലൂടെയുമൊക്കെ എന്റെ കുട്ടികാലത്ത് തന്നെ എനിക്ക് പ്രിയങ്കരനായിരുന്ന ഒരാളാണ് ഷാജോണ്‍ ചേട്ടന്‍. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ പടി പടി ആയി ഉയര്‍ന്ന് ദൃശ്യം എന്ന സിനിമയിലെ സഹദേവനായി നമ്മളെയെല്ലാം ഞെട്ടിച്ച കലാകാരന്‍.
പിന്നീടും പുള്ളി പല സിനിമകളിലും നെഗറ്റീവ് ടച്ച് ഉള്ള പോലീസ് വേഷങ്ങളില്‍ എത്തിയിരുന്നു.
എന്നാല്‍ സന്തോഷത്തിലേക്ക് വരുമ്പോള്‍ ഷാജോണ്‍ ചേട്ടന്റെ കഥാപാത്രം വളരെ കൂള്‍ ആയ ഒരു അച്ഛന്‍ കഥാപാത്രമാണ്. തന്റെ മക്കളെയും കുടുംബത്തെയും ജീവനായി സ്‌നേഹിക്കുന്ന, അവരുടെ ആഗ്രഹങ്ങള്‍ക്ക് എതിര് നില്‍ക്കാത്ത വളരെ പുരോഗമന ചിന്താഗതികളുള്ള സാധാരണക്കാരനായ ഒരു അച്ഛന്‍.
എന്ത് രസമായിട്ടാണ് ആ കാരക്റ്ററിനെ പുള്ളി അവതരിപ്പിച്ചിരിക്കുന്നത്. കൗണ്ടര്‍ പറഞ്ഞ് ചിരിപ്പിക്കുന്നുണ്ട്… ഇമോഷണല്‍ രംഗങ്ങളില്‍ പ്രേക്ഷകരുടെയും കണ്ണ് നിറപ്പിക്കുന്നുണ്ട്…ടൈമിംഗും ഇമോഷന്‍സും ഒക്കെ കിറു കൃത്യമായി പുള്ളി കൈ കാര്യം ചെയ്യുന്നുണ്ട്.
പോലീസ് വേഷങ്ങളിലും നെഗറ്റീവ് വേഷങ്ങളിലും സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടേണ്ട ആളല്ല ഇദ്ദേഹം.. ഏത് തരത്തിലുള്ള റോളുകളും പുള്ളിയുടെ കയ്യില്‍ ഭദ്രമാണ്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ് ജയ്ഹരിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മൈസ്-എന്‍ -സീന്‍ എന്റര്‍ടെയ്ന്‍മെന്റ്‌ന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അര്‍ജുന്‍ സത്യന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് എ. കാര്‍ത്തിക്കാണ്. ചിത്രസംയോജനം ജോര്‍ജുകുട്ടി.

Gargi