Film News

‘അവാർഡ് തട്ടിത്തെറിപ്പിച്ചത് ആ മാധ്യമപ്രവർത്തകൻ’; അവാർഡ് കിട്ടാഞ്ഞതിനെപ്പറ്റി അശോകൻ

പത്മരാജൻ എന്ന അതുല്യ പ്രതിഭ മലയാളികൾക്ക്‌ സമ്മാനിച്ച താരമാണ് അശോകൻ. 1979 ല്‍ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ വെറും  പതിനേഴ് വയസ്സ് മാത്രമായിരുന്നു അശോകന്റെ പ്രായം. മികച്ച ചിത്രത്തിനുള്ള ആ വർഷത്തെ ദേസീയ അവാർഡ് നേടിയ ചിത്രം കൂടിയായിരുന്നു പെരുവഴിയമ്പലം. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ അശോകനും ദേശീയ അവാർഡ് ലഭിക്കേണ്ടതായിരുന്നെങ്കിലും മറ്റ് ചില ഇടപെടലുകളാല്‍ അത് വഴി മാറിപ്പോകയായിരുന്നു. അതേക്കുറിച്ച് ഇപ്പോള്‍ അശോകൻ  തന്നെ തുറന്ന് പറയുകയാണ്. തന്നെയും അവാർഡിന് പരിഗണിച്ചിരുന്നതായി സംവിധായകനും നിർമ്മാതാവും അന്ന് തന്നെ പറഞ്ഞിരുന്നു എന്നും  പ്രായത്തിന്റെ പ്രശ്നമായിരുന്നു അന്ന് ഉയർന്ന് വന്നിരുന്നത് എന്നും അശോകൻ പറയുന്നു. പതിനേഴ് വയസ്സുള്ളയാള്‍ ബാല നടനാണോ അതോ  യുവനടനാണോയെന്ന കണ്‍ഫ്യൂഷന്‍ ജ്യൂറിയില്‍ ഉയർന്ന് വന്നിരുന്നു. യുവാവും ബാലനടനും അല്ലാത്ത അവസ്ഥയായിരുന്നു അന്ന് തന്റേത് .

വാണിയ സമുദായത്തില്‍ നിന്നുള്ള ഒരാളുടെ വേഷമായിരുന്നു  ചെയ്തത്. ചിത്രം കണ്ട് ആ സമുദായത്തില്‍ നിന്ന് തന്നെയുള്ള ആള്‍ തന്നെയാണോ അഭിനയച്ചതെന്നും ജ്യൂറി ചോദിച്ചു. എന്തായാലും പ്രായത്തിന്റെ പ്രശ്നത്തില്‍ തനിക്ക് അവാർഡ് കിട്ടിയില്ലെങ്കില്‍ കൂടിയും  ഈ പരാമർശങ്ങള്‍  ഒക്കെ ഒരു അവാർഡ് തന്നെയായിരുന്നുവെന്നും അശോകന്‍ പറയുന്നു. ഒരു ഓൺലൈൻ  മീഡിയയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അനന്തരം എന്ന ചിത്രത്തിലെ അഭിനയത്തില്‍ സംസ്ഥാന അവാർഡിനും പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം തന്റെ പേര് വെട്ടിക്കളയുകയായിരുന്നു എന്നും അശോകൻ പറയുന്നു. അതിന് കാരണം കേരളത്തിലെ ഒരു പ്രമുഖ പത്രപ്രവർത്തകനാണ് എന്നും  ഇക്കാര്യം താൻ  നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും  അതില്‍ ഇന്നും താൻ  ഉറച്ച് നില്‍ക്കുന്നുവെന്നും അശോകൻ പറയുന്നു. ആ മാധ്യമപ്രവർത്തകൻ  ഇപ്പോഴുമുണ്ട് എന്നും  പേര് എന്തായാലും പറയുന്നില്ല എന്നുമാണ് അശ്ശോകൻ പറയുന്നത് . താനുമായി  അദ്ദേഹത്തിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ജൂറിയിലും അയാൾ  ഉണ്ടായിരുന്നില്ല പക്ഷെ  തനിക്ക് അവാർഡ തരരുത് എന്ന് അദ്ദേഹം വാദിച്ചു. അതിന് മുമ്പും  തമ്മില്‍ പരിചയം ഉണ്ടായിരുന്നു. എന്താണ് തനിക്ക് അവാർഡ് നിഷേധിച്ചതിന് പിന്നിലെ കാരണം എന്ന് ഇതുവരെ വ്യക്തമല്ല. ആ മാധ്യമപ്രവർത്തകന്റെ  ബോസാണ് തന്നോട് ഇക്കാര്യം പറയുന്നത് എന്നും  അതുകൊണ്ട് അത് സത്യമായിരിക്കും എന്നും  തന്നോട് ഇത് പറഞ്ഞ ആള്‍ മരിച്ചുപോയി എന്നും അശോകൻ പറഞ്ഞു.

മലയാളികളുടെ സ്വന്തം തോമസുകുട്ടിയാണ് നടൻ അശോകൻ.  ഒരുപിടി മികച്ച സംവിധായകരുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അപൂർവം നടന്മാരിൽ ഒരാൾ കൂടിയാണ് അശോകൻ. മലയാള ചലച്ചിത്ര ലോകത്ത് നാല് പതിറ്റാണ്ടിന്റെ അഭിനയപരിചയമുള്ള കലാകാരനാണ് അശോകന്‍. ആദ്യ ചിത്രമായ പെരുവഴിയമ്പലം മുതല്‍ കലാമൂല്യമുള്ളതും ജനപ്രീതിയാർജ്ജിച്ചതുമായി നിരവധി സിനിമകളില്‍ താരം വേഷമിട്ടു. ഇടക്ക് സിനിമകളില്‍ നിന്ന് അല്‍പം മാറിനില്‍ക്കേണ്ടി വന്നെങ്കിലും ഇപ്പോള്‍ വീണ്ടും മലയാള ചലച്ചിത്ര ലോകത്ത് സജീവമാണ് അശോകന്‍. പത്മരാജനുമായി വലിയ ആത്മബന്ധമുണ്ടായിരുന്ന അദ്ദേഹം പത്മരാജന്‍ സിനിമകളിലെ നിറസാന്നിധ്യവുമായിരുന്നു. പെരുവഴിയമ്പലത്തിന് പുറമെ, ഒരിടത്തൊരു ഫയല്‍വാന്‍, ഇടവേള, അരപ്പട്ടക്കെട്ടിയ ഗ്രാമത്തില്‍, തൂവാനത്തുമ്പികള്‍, മൂന്നാംപക്കം, സീസണ്‍ തുടങ്ങിയ സിനിമകളില്‍ അശോകന്‍ പത്മരാജനുമായി സഹകരിച്ചു. ഒരുപിടി മികച്ച സംവിധായകരുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അപൂർവം നടന്മാരിൽ ഒരാൾ കൂടിയാണ് അശോകൻ.കാസർ ഗോഡ്‌ കാദർ ഭായ്‌, പൊന്നുച്ചാമി, സ്ഫടികം, സുന്ദരകിലാഡി, പാപ്പി അപ്പച്ച, കുഞ്ഞളിയൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷങ്ങളും അശോകൻ ചെയ്തിട്ടുണ്ട്.  നല്ലൊരു ​ഗായകൻ കൂടിയായ അശോകൻ ഇപ്പോൾ വളരെ സെലക്ടീവായി മാത്രമെ സിനിമകൾ ചെയ്യാറുള്ളു. താരം അഭിനയിച്ച് റിലീസ് ചെയ്ത ഏറ്റവും പുതിയ വെബ് സീരിസ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലെ മാസ്റ്റർപീസാണ്. ഇതിന് മുമ്പ് നൻപകൽ നേരത്ത് മയക്കം, ന്റെ ഇക്കാക്ക് ഒരു പ്രമണ്ടാർന്ന് എന്നിവയാണ് അശോകൻ അഭിനയിച്ച് റിലീസ് ചെയ്ത സിനിമകൾ.

Sreekumar R