‘അതല്ല ആ പറഞ്ഞതിൻറെ അർഥം, ഞങ്ങളുടെ ഇടയിൽ വലിയ പ്രശ്നമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ…’; വിഷമം പങ്കുവെച്ച് ആസിഫ് അലി

Follow Us :

പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരെ നായകന്മാരാക്കി നാദിർഷ ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. 2015ലെ മലയാളത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറാനും ചിത്രത്തിന് കഴിഞ്ഞിരുന്നു. മലയാളത്തിലെ മൂന്ന് യുവതാരങ്ങൾ ഒന്നിച്ച സിനിമയ്ക്ക് വലിയ കയ്യടിയാണ് ലഭിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം സംവിധായകൻ നാദിർഷയുടെ ഈ ചിത്രത്തെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായി മാറിയിരുന്നു.

സിനിമയിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളിലൊരാളായി അഭിനയിക്കേണ്ടിയിരുന്നത് ആസിഫലി ആയിരുന്നുവെന്നാണ് നാദിർഷ പറഞ്ഞത്. ഇപ്പോൾ ഇതിന് മറുപടി നൽകിയിരിക്കുകയാണ് ആസിഫ് അലി. പൃഥ്വി തന്നെ മാറ്റണമെന്ന അർഥത്തിലല്ല അങ്ങനെ പറഞ്ഞതെന്ന് ആസിഫ് വ്യക്തമാക്കുന്നു. “അതൊരു ഭയങ്കര തെറ്റിദ്ധാരണയാണ്. ഒരിക്കലും അതല്ല ആ പറഞ്ഞതിൻറെ അർഥം. അവർ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് വച്ച് ആ കഥാപാത്രങ്ങളായി അവർ മൂന്ന് പേർ ആണെങ്കിൽ അത് കറക്റ്റ് ആയിരിക്കും. ആ സ്ക്രീൻ സ്പേസിൽ ഞാൻ പോയിനിന്നാൽ ആളുകൾ കാണുമ്പോൾ ഞാൻ ഒരു അനിയനെപ്പോലെ തോന്നിയേക്കാം. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ ഒരിക്കലും എന്നെ ആ സിനിമയിൽ നിന്ന് മാറ്റണമെന്നല്ല പറഞ്ഞത്” ആസിഫ് അലി പറഞ്ഞു.

“എൻറെ ഒരു പേഴ്സണൽ വിഷമം എന്ന് പറഞ്ഞാൽ, എനിക്ക് ഒരു ആക്സിഡൻറ് ആയ സമയത്ത് ആ ദിവസം മുതൽ എല്ലാ ദിവസവും എന്നെ വിളിച്ചുകൊണ്ടിരിരുന്ന രണ്ട് പേരാണ് രാജു ചേട്ടനും പ്രിയ ചേച്ചിയും (സുപ്രിയ മേനോൻ). ഞങ്ങളുടെ ഇടയിൽ വലിയ പ്രശ്നമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ ഭയങ്കര വിഷമമായി” – ആസിഫ് അലി കൂട്ടിച്ചേർത്തു. നാദിർഷയുടെ വെളിപ്പെടുത്തലിനെ തുടർന്ന് പൃഥ്വിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.

‘ആസിഫിനോട് തനിക്ക് വലിയ കടപ്പാടുണ്ട്. കാരണം അമർ അക്ബർ അന്തോണിയുടെ കഥ എഴുതിയപ്പോൾ സിനിമയിലെ മൂന്ന് കഥാപാത്രങ്ങളിൽ ഒരാൾ ആസിഫായിരുന്നു. പിന്നീടാണ് കഥ പൃഥിയിലേക്ക് എത്തുന്നത്. കഥ കേട്ടുകഴിഞ്ഞപ്പോൾ രാജു പറഞ്ഞത് ആസിഫിനോട് എടാ, പോടാ എന്നൊക്കെ വിളിക്കുമ്പോൾ ഡിസ്റ്റൻസ് ഫീൽ ചെയ്യുമെന്നും ക്ലാസ്‌മേറ്റ്‌സ് ടീമിനെ തന്നെ കിട്ടിയാൽ കംഫർട്ട് ആയിരിക്കുമെന്നാണ്. ഇക്കാര്യം ആസിഫിനോട് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ അവൻ പിന്മാറി. സിനിമയിൽ ഫൈസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ഒരു പരാതിയുമില്ലാതെയാണ് ആസിഫ് ആ സിനിമ ചെയ്തത്’ – ഇങ്ങനെയാണ് നാദിർഷ പറഞ്ഞു.