Malayalam Article

മല കേറിയതിന് സൈന്യം രക്ഷിച്ച ബാബു വീണ്ടും വിവാദത്തില്‍?: ഇത്തവണ അടിച്ചത് മദ്യമോ കഞ്ചാവോ എന്ന് സോഷ്യല്‍ മീഡിയ, വീഡിയോ

ബാബുവിനെ ഓര്‍മ്മയില്ലേ… അത്ര വേഗം മറക്കാന്‍ ഇടയില്ല. കാരണം മലയാളികളെ മാത്രമല്ല, സൈന്യത്തെ ഉള്‍പ്പെടെ മുള്‍ മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ആ രക്ഷാ പ്രവര്‍ത്തനം അത്രവേഗം കണ്‍ മുന്നില്‍ നിന്നും മായാന്‍ ഇടയില്ല എന്നതു തന്നെ. മാധ്യമങ്ങളിലൂടെയാണ് നാം കണ്ടതെങ്കില്‍ പോലും നമുക്കെന്നല്ല, മാലോകര്‍ക്കു മുഴുവന്‍ ഒരുപക്ഷേ ഇത് ഒരു ആദ്യ സംഭവമാകും.

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ സൈന്യത്തിന്റെ സഹായത്തേടെ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയ ബാബു എന്ന ചെറുപ്പക്കാരന്‍ വീണ്ടും വിവാദത്തില്‍. ലഹരിക്ക് അടിമപ്പെട്ട് അസഭ്യം വിളിച്ചു പറയുന്ന ബാബുവിന്റേത് എന്ന് സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

കേരളം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യങ്ങളില്‍ ഒന്നായിരുന്നു ബാബുവിന്റേത്. പാലക്കാട് ചെറാട് മലയില്‍ ട്രക്കിങിന് ഇടയില്‍ കുടുങ്ങിയ ബാബുവിനെ 46 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷിക്കാനായത്. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യം നേരിട്ട് എത്തിയതോടെ വാര്‍ത്ത ദേശിയ തലത്തില്‍ ശ്രദ്ധ നേടി. 50 ലക്ഷത്തോളം രൂപ രക്ഷാ പ്രവര്‍ത്തനത്തിന് ചിലവായതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അപകടം തരണം ചെയ്ത 23 കാരനായ ബാബുവിന് വലിയ പ്രോത്സാഹനവുമായി വിദേശ മലയാളികള്‍ അടക്കം രംഗത്തെത്തി. ഹിമാലയം അടക്കം കീഴടക്കുന്നതിന് ബാബുവിന് സ്‌പോണ്‍സര്‍ഷിപ്പുമായി പ്രമുഖര്‍ രംഗത്തെത്തി. എന്നാല്‍ ബാബു ലഹരിക്ക് അടിമയാണെന്നും, ലഹരിയുടെ പിന്‍ബലത്തില്‍ മല കയറുകയും, ലഹരി വിട്ടപ്പോള്‍ സ്ഥല കാല ബോധം തിരിച്ചു കിട്ടിയ യുവാവ് മലയിടുക്കില്‍ അഭയം പ്രാപിക്കുകയായിരുന്നു എന്നും സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷവും ബാബുവിന് ഒപ്പമായിരുന്നു.

ഇപ്പോഴിതാ ബാബുവിന്റേത് എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ മറ്റൊരു വീഡിയോ പ്രചരിക്കുകയാണ്. ലഹരിക്ക് അടിമപ്പെട്ട് മറ്റുള്ളവരെ അസഭ്യം പറയുന്നു യുവാവിന്റെ തലയില്‍ വെള്ളമൊഴിച്ച് സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന സുഹൃത്തുക്കളെയും വീഡിയോയില്‍ കാണാം. കടുത്ത അസഭ്യവര്‍ഷം ചൊരിയുന്ന ഇയാള്‍ക്ക് വേണ്ടിയാണോ നമ്മുടെ നികുതിപ്പണം കൊടുത്ത് സൈന്യം ഇയാളെ രക്ഷപ്പെടുത്തിയത്’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

Vishnu