സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇനി ബാങ്കിങ് സേവനം, ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരവും എറണാകുളവും

ഇനി റേഷന്‍കടകളിലും ബാങ്കിങ് നടത്താന്‍ അവസരമൊരുങ്ങുന്നു. സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി ബാങ്കിങ് സേവനം ആരംഭിക്കാന്‍ പ്രാരംഭ നടപടി ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും. എസ് ബി ഐ, എച്ച്‌ ഡി എഫ് സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്‌സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങള്‍. ഇവരുമായി ഉടന്‍ ധാരണയിലെത്തും. ഇ-പോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാര്‍ അധിഷ്ഠിതമായാണ് സേവനങ്ങള്‍ നല്‍കുക. പണം സ്വീകരിക്കല്‍, നിക്ഷേപിക്കല്‍, അക്കൗണ്ടില്‍നിന്ന് മറ്റ്

അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റം എന്നിവക്കുപുറമെ ഫോണ്‍ റീച്ചാര്‍ജിങ്ങിനും വിവിധ ബില്ലുകള്‍ അടയ്ക്കാനും റേഷന്‍ കടകള്‍ വഴി സൗകര്യമൊരുക്കും. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഇന്ന് ഉന്നത സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം ലാന്‍ഡ് റവന്യൂ ഹാളില്‍ യോഗം ചേരും.

എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍, താലൂക്ക്-സിറ്റി റേഷനിങ് ഓഫീസര്‍മാര്‍, റേഷന്‍ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.  ഒരാഴ്ച മുൻപ് ആറ്‌ മാസത്തിനുള്ളില്‍ ഇ-റേഷന്‍ കാര്‍ഡ്‌ സംവിധാനം ആരംഭിക്കാനുള്ള  നീക്കവും സിവിൽ സപ്ലൈ വകുപ്പ് തീരുമാനിച്ചിരുന്നു .

ഇതിനുള്ള ശുപാര്‍ശ ഒക്ടോബറില്‍ സിവില്‍ സപ്ലൈസ്‌ വിഭാഗം സര്‍ക്കാരിന്‌ നല്‍കി. അനുമതി ലഭിക്കുന്നതോടെ ആറ്‌ മാസത്തിനകം ഇ-കാര്‍ഡ്‌ നല്‍കി തുടങ്ങുമെന്ന്‌ സിവില്‍ സപ്ലൈസ്‌ ഡയറക്ടര്‍ ഡോ നരസിംഹുഗരി ടി എല്‍ റെഡ്ഡി പറഞ്ഞു. പുതിയ റേഷന്‍ കാര്‍ഡിനായി സപ്ലൈ ഓഫീസുകളില്‍ കയറിയിറങ്ങുകയും വേണ്ട. അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ കാര്‍ഡ്‌ പ്രിന്റ്‌ ചെയ്‌ത്‌ കൈയിലെത്തും. അന്ത്യോദയ, മുന്‍ഗണന, പൊതുവിഭാഗങ്ങളിലായി നാല്‌ നിറങ്ങളില്‍ 22 പേജുകളില്‍ പുസ്‌തക രൂപത്തിലാണ്‌ ഇപ്പോള്‍ റേഷന്‍ കാര്‍ഡ്‌. ഇത്‌ ആധാര്‍ മാതൃകയില്‍ ഒറ്റ കാര്‍ഡായി മാറ്റും. പുതിയ

അപേക്ഷകര്‍ക്ക്‌ ഇ-കാര്‍ഡ്‌ നല്‍കും. പുസ്‌തക രൂപത്തിലുള്ള കാര്‍ഡ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ വേണമെങ്കില്‍ ഇ-കാര്‍ഡാക്കി മാറ്റാനും അവസരമുണ്ട്‌. സപ്ലൈ ഓഫീസുകളില്‍ ക്യൂ നില്‍ക്കാതെ സമീപത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍നിന്ന്‌ കാര്‍ഡ്‌ പ്രിന്റ്‌ ചെയ്‌ത്‌ കിട്ടും. കുടുംബാംഗങ്ങളുടെ പേരുള്‍പ്പെടെയുള്ള അത്യാവശ്യ വിവരങ്ങള്‍ കാര്‍ഡിന്റെ രണ്ട്‌ പുറങ്ങളിലായി രേഖപ്പെടുത്തും. ഭാവിയില്‍ ചിപ്പ്‌ ഘടിപ്പിച്ച്‌ സ്‌മാര്‍ട്ട്‌ കാര്‍ഡായി മാറ്റാനും ആലോചനയുണ്ട്‌.

Krithika Kannan