ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറിയുടെ റിവ്യൂവുമായി സജിൽ ശ്രീധർ!

ഏറെ ശ്രദ്ധേയനായ എഴുത്തുകാരനും മംഗളം വാരിക, കന്യക എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ഇൻ ചാർജ്ജുമായ ശ്രീ.സജിൽ ശ്രീധർ ‘ based on a ട്രൂ സ്റ്റോറി ‘ യുടെ ആദ്യ രണ്ടു ഭാഗങ്ങൾ വായിച്ച് എഴുതിയ പ്രോത്സാഹജനകമായ കുറിപ്പ് വായിക്കാം,

സമുജ്ജ്വലമായ വായനാനുഭവം പ്രമുഖ മാധ്യമപ്രവര്‍ത്തകനും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ. മനോജ് ഭാരതിയുടെ ഏറ്റവും പുതിയ നോവല്‍ മാതൃഭൂമി ഓണ്‍ലൈനില്‍ വായിക്കാനിടയായി. സമുജ്ജ്വലം എന്നാണ് ഒറ്റവാക്കില്‍ പറയാനുളളത്. ഒരു ചാനല്‍റൂം കേന്ദ്രീകരിച്ചാണ് നോവല്‍ തുടങ്ങുന്നത്. യുദ്ധസന്നദ്ധമായ അതിര്‍ത്തിയിലെ പട്ടാളജീവിതത്തെക്കുറിച്ച് ചാനല്‍ചര്‍ച്ച നടക്കുന്നു. ചരിത്രവും രാജ്യസുരക്ഷയും പട്ടാളജീവിതവുമെല്ലാം അതില്‍ പ്രതിപാദ്യവിഷയമാകുന്നുണ്ട്. വളരെ ഗൗരവപൂര്‍ണ്ണമായ ജീവിതം പറയുമ്പോഴുംപാരായണക്ഷമത നിലനിര്‍ത്തുന്നതില്‍ നോവലിസ്റ്റ് പുലര്‍ത്തുന്ന ജാഗ്രത പ്രശംസനീയമാണ്. ഇരുരാജ്യങ്ങള്‍ തമ്മിലുളള വൈരത്തെയും തദനുന്ധിയായ മനോഭാവങ്ങളെക്കുറിച്ചു പറയുന്നതിനിടയില്‍ മനോജ് ഭാരതി നടത്തുന്ന ഒരു നിരീക്ഷണം വളരെ യുണീക്ക് ആയി തോന്നി. അത് രാജ്യങ്ങള്‍ തമ്മില്‍ മാത്രമല്ല മനുഷ്യര്‍ തമ്മിലുളള ബന്ധങ്ങളിലും മനുഷ്യമനോഭാവങ്ങളിലും ഏറെ പ്രസക്തമായ ഒരു യാഥാര്‍ത്ഥ്യമാണ്. ആ വരികള്‍ ഇപ്രകാരമാണ്. ‘വിശ്വാസ്യതയുടെ മേലാവരണത്തില്‍ അമര്‍ത്തിവച്ചിരിക്കുന്നത് ചതിയുടെ കുഴിബോംബുകളാണെങ്കിലോ? വിശ്വസിക്കുന്നവനെ വീഴ്ത്തിയാണ്, ഒറ്റിയാണ് വെട്ടിപ്പിടിക്കുന്നതിന്റെ വീര്യം പലപ്പോഴും വ്യക്തികളും പ്രസ്ഥാനങ്ങളും രാജ്യങ്ങളുമൊക്കെ നിലനിര്‍ത്തിയിട്ടുളളത്. അതിരറ്റ വളര്‍ച്ചയിലേക്കുളള അടിവളം അതാണ്. ലഡാക്കില്‍ അതിരടയാളങ്ങള്‍ മാറ്റിവരയ്ക്കാനുളള നീക്കത്തെയും ആ നിലയ്ക്ക് കാണണം’ അധിശത്വം സ്ഥാപിക്കാനുളള മനുഷ്യവ്യഗ്രതയില്‍ കീഴ്‌പെട്ടു പോകുന്ന ദുര്‍ബലന്റെ നിസഹായതയെ കലാത്മകമായും സാന്ദര്‍ഭികമായും അഭിവ്യഞ്ജിപ്പിക്കാന്‍ നോവലിസ്റ്റിന് കഴിയുന്നു.

നിരവധിയായ അടരുകള്‍ കൊണ്ട് സമ്പന്നമാണ് ഈ നോവല്‍ എന്ന് തുടക്കത്തില്‍ തന്നെ വെളിപ്പെടുന്നു. ബന്ധങ്ങളെക്കുറിച്ചുളള മറ്റൊരു നിരീക്ഷണവും ഏറെ കൗതുകകരമായി തോന്നി. ‘ഓരോരുത്തരും ഓരോരുത്തരോടും ഉണ്ടാക്കുന്ന ബന്ധങ്ങള്‍ക്ക് ഓരോരോ വിതാനമാണുളളത്. ചിലത് ചിലന്തിവല പോലെയായിരിക്കും. വലപ്പശിമകളിലൊട്ടി നില്‍ക്കുന്നതേതാണോ ആ ബന്ധങ്ങള്‍ സുദൃഢമാകുന്നു’ മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുള്ള ഈ പരാമര്‍ശത്തിനും സാര്‍വജനീനമായ ഒരു തലമുണ്ട്. തുടക്കം തന്നെ ഈ കൃതി ഏറെ പ്രതീക്ഷ നല്‍കുന്നു. തുടര്‍ന്നു വായിക്കാന്‍ പ്രേരിപ്പിക്കുന്നു. നവമാധ്യമപ്രവര്‍ത്തനത്തിന്റെ സൂക്ഷ്മതലങ്ങളിലൂടെ സഞ്ചരിക്കുകയും അതിന്റെ സ്പന്ദനങ്ങള്‍ കൃത്യമായി ഒപ്പിയടുത്ത് ആലേഖനം ചെയ്യുക എന്ന ദൗത്യവും ഈ നോവല്‍ നിര്‍വഹിക്കുന്നുണ്ട്. ശ്രീ.മനോജ് ഭാരതിയുടെ കൃതികള്‍ മുന്‍പ് പുസ്തകരൂപത്തില്‍ ഇറങ്ങിയ ഘട്ടത്തിലും വായിച്ചിരുന്നു. വേറിട്ട പ്രമേയങ്ങളും കഥാഭൂമികയും കണ്ടെത്തുന്നതിലും ഓജസ്സും ആര്‍ജ്ജവവുമുള്ള ഭാഷയില്‍ ആഖ്യാനം നിര്‍വഹിക്കുന്നതിലും അദ്ദേഹത്തിനുളള സവിശേഷമായ ചാതുര്യം ഈ നോവലിലും പ്രകടമാണ്. പഠനകൃതികളും ഫിക്ഷനും ഒരുപോലെ കൈകാര്യം ചെയ്യുന്ന എഴുത്തുകാര്‍ താരതമ്യേന വിരളമാണ്. ശ്രീ.മനോജിന് രണ്ടും കരതലാമലകം പോലെ വഴങ്ങുന്നു. പ്രതിഭാധനനായ അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

 

Sreekumar R