Film News

ആ സീനിൽ ‘ഒരു സൈക്കോ അച്ഛനായി ഒരു നിമിഷം മാറി’ ; ‘ആർഡിഎക്സി’നെപ്പറ്റി ബേസിൽ ജോസഫ്

ഷെയ്ൻ നി​ഗം, നീരജ് മാധവ്, ആന്റണി വർ​ഗീസ് എന്നിവർ ടൈറ്റിൽ റോളിലെത്തി ഏറ്റവും ശ്രദ്ധിക്കപ്പെട്ടൊരു സിനിമയാണ് ആർഡിഎക്സ്. അടുത്തിടെ തിയേറ്ററുകളിൽ എത്തിയ പുത്തൻ റിലീസായ ദുൽഖർ സൽമാൻ നായകൻ ആയ   കൊത്തയടക്കമുള്ള ബി​ഗ് ബജറ്റ് സിനിമകളെ വരെ സൈഡാക്കിയാണ് കലക്ഷൻ റെക്കോർഡിൽ ആർഡിഎക്സ് മുന്നിട്ട് നിന്നത്. ഓഗസ്റ്റ് 25ന് ഓണം റിലീസായി പ്രദർശനത്തിനെത്തിയ സിനിമ ശേഷം ഒടിടിയിലും മികച്ച സ്വീകാര്യത നേടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം തിയേറ്റിൽ ഹിറ്റായ ഒരു ഷെയ്ൻ നി​ഗം ചിത്രം കൂടിയായിരുന്നു ആർഡിഎക്സ്. ഒട്ടനവധി വിവാ​ദങ്ങൾ സിനിമയുടെ പ്രീപ്രൊഡക്ഷൻ സമയം മുതലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയില്ലാതെയാണ് ആളുകൾ തിയേറ്ററുകളിലേക്ക് പോയത്. പക്ഷെ കാത്തിരുന്നത് മികച്ചൊരു അനുഭവം തന്നെയായിരുന്നു. തുടക്കം മുതൽ അവസാനം വരെ ഒരു അടിപടം ആയതുകൊണ്ട് തന്നെ യൂത്താണ് സിനിമ കൂടുതൽ‌ ഏറ്റെടുത്തത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് മിന്നൽ മുരളി സിനിമ അടക്കം തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനും നടനുമായ ബേസിൽ ജോസഫ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ചിത്രത്തിൽ ഏറ്റവും ഹൃദയത്തിൽ തട്ടിയൊരു സീനായിരുന്നു ആന്റണി വർ​ഗീസ് പെപ്പെയുടെ കഥാപാത്രമായ ഡോണിയുടെ കുഞ്ഞിന്റെ മാല വില്ലന്മാർ പൊട്ടിക്കുന്ന സീൻ. ഒരു നിമിഷം ശ്വാസം അടക്കം പിടിച്ച് മാത്രമെ ആ സീൻ കാണാൻ സാധിക്കുകയുള്ളു. ആ സീൻ തിയേറ്ററിൽ കണ്ടപ്പോൾ തന്റെ ഉള്ളിലെ സൈക്കോ അച്ഛൻ ഉണർന്നുവെന്നും വില്ലന്മാരെ കലി തീരും വരെ അടിക്കാൻ തോന്നിയെന്നുമാണ് ബേസിൽ പറയുന്നത്. കുഞ്ഞിന്റെ മാല പൊട്ടിച്ച വില്ലന് കൊടുത്ത അടി കുറഞ്ഞു പോയതായി തോന്നിയെന്നും ബേസിൽ പറഞ്ഞു. ഫിലിം കംപാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിലാണ് ഒരു പ്രേക്ഷകൻ എന്ന നിലയിൽ‌ ആർ‍ഡിഎക്സ് കണ്ടപ്പോൾ തന്റെ ഉള്ളിലുണ്ടായ വികാരങ്ങളെ കുറിച്ച് ബേസിൽ വെളിപ്പെടുത്തിയത്. ‘ആർഡിഎക്സിൽ കുഞ്ഞിന്റെ മാല പൊട്ടിച്ച വില്ലനെ ഡോണി പിന്നീട് പോയി അടിച്ചപ്പോൾ‌ അത് കുറഞ്ഞു പോയതായി എനിക്ക് തോന്നി.’


ആ സീൻ കണ്ടു കൊണ്ടിരുന്നപ്പോൾ പ്രേക്ഷകൻ എന്ന രീതിയിൽ എന്റെ ഉള്ളിലെ അച്ഛൻ ഉണർന്നു. ആ വില്ലനെ പിടിച്ച് റോഡിലിട്ട് ഉരച്ച് ചവിട്ടി തൂക്കി എറിയാനാണ് തോന്നിയത്. ഒരു സൈക്കോ അച്ഛനായി ഒരു നിമിഷം മാറി. ആന്റണിയുടെ ഡോണി പക്ഷെ ആ വില്ലനെ കുറച്ച് ഇടിച്ചിട്ട് വിട്ട് കളഞ്ഞു’, എന്നാണ് ബേസിൽ പറഞ്ഞത്. ബേസിലിന്റെ വീഡിയോ വൈറലായതോടെ പ്രേക്ഷകരും അനുകൂലിച്ച് എത്തി. കുഞ്ഞിനെ ഉപദ്രവിച്ച വില്ലന് നൽകിയ ശിക്ഷ കുറഞ്ഞുപോയി എന്നാണ് സിനിമ കണ്ടവരും അഭിപ്രായപ്പെട്ടു. ഒരേ സമയം അച്ഛനായും ഒരു ഡയറക്ടറായും ബേസിൽ ചിന്തിച്ചുവെന്നാണ് മറ്റ് ചിലർ കുറി‍ച്ചത്. ജനങ്ങളുടെ പൾസ് മനസിലാക്കുന്ന സംവിധായകനായതുകൊണ്ടാണ് ബേസിലിന്റെ സിനിമകൾക്ക് സ്വീകാര്യത ലഭിക്കുന്നതെന്നും കമന്റുകളുണ്ട്. ബേസിൽ അടുത്തിടെയാണ് ഒരു പെൺകുഞ്ഞിന്റെ അച്ഛനായത്. ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് മകൾക്ക് താരം പേരിട്ടിരിക്കുന്നത്. ഫാലിമിയാണ് ബേസിലിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. ജഗദീഷും മഞ്ജു പിള്ളയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ട്രാവല്‍ കോമഡി ഡ്രാമയായ ഫാലിമി നവംബര്‍ 17 ന് റിലീസ് ചെയ്യും. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസില്‍ തന്റെ അടുത്ത ഹിറ്റ് നല്‍കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ഒരു കുടുംബത്തിന്റെ വാരണാസിയിലേക്കുള്ള യാത്രയെ കേന്ദ്രീകരിച്ചുള്ള കഥയാണ് സിനിമ പറയുന്നത്. നവാഗതനായ നിതിഷ് സഹദേവ് സംവിധാനം ചെയ്തിരിക്കുന്നു.

Sreekumar R