പലപ്പോഴും ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്നതിന്റെ പേരിൽ മോഹൻലാലിനും പഴി കേൾക്കാറുണ്ട്

Follow Us :

ജനപ്രീയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്റെ സമാപിച്ചിരിക്കുകയാണ്. ഫൈനൽ ഫൈവിൽ നിന്നും ജിന്റോയാണ് സീസൺ ആറിന്റെ ടൈറ്റിൽ വിജയിയായത്. ഇതുവരെയുള്ള ആറ് സീസണുകളിലും അവതാരകനായി എത്തിയത് മലയാളത്തിന്റെ അഭിമാനമായ നടൻ മോഹൻലാലാണ്. എന്നാൽ താരത്തിന്റെ ആരാധകർക്കും മലയാളികളിൽ ഭൂരിഭാഗത്തിനും അദ്ദേഹം ബിഗ് ബോസ് ഷോ ഹോസ്റ്റ് ചെയ്യുന്നതിനോട് എതിർപ്പാണ്. ഓരോ സീസണുകളിലും ആ സീസണിലെ മത്സരാർത്ഥികൾ മാത്രമല്ല മോഹൻലാലും ഷോയിലെ ചില തീരുമാനങ്ങളുടെയും നടപടികളുടെയും മറ്റും പേരിൽ വിമർശിക്കപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ബിഗ് ബോസ് ഷോ ഹോസ്റ്റ് ചെയ്യാൻ താൻ തീരുമാനിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. ഗ്രാന്റ് ഫിനാലെ വേദിയിൽ സംസാരിക്കുമ്പോഴായിരുന്നു അവതാരകൻ ആയെത്താനുള്ള കാരണം മോഹൻലാൽ തുറന്നു പറഞ്ഞത്.

bigg boss grand finale
bigg boss grand finale

ബിഗ് ബോസ് മലയാളം സീസൺ ആറ് മുൻപത്തെ സീസണുകളെക്കാളും പല പല രീതിയിൽ വളരെ വ്യത്യസ്തമായ സീസണായിരുന്നു. ബിഗ് ബോസ് വീടിന് അകത്തും പുറത്തും പ്രേക്ഷകർക്കിടയിലും ഒരുപാട് ഊഹാപോഹങ്ങളും പൊട്ടത്തെറികളുമൊക്കെ സൃഷ്ടിച്ച ഒരു സീസൺ ഇതിന് മുമ്പ് മലയാളത്തിൽ ഉണ്ടായിട്ടില്ല. അതുപോലെ തനിക്കും ഇത്തവണ അവതാരകൻ എന്ന നിലയിൽ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു എന്നാണ് മോഹൻലാൽ വെളിപ്പെടുത്തുന്നത്. ഈ ഷോ ചെയ്യുന്നത് എന്തിനാണ് എന്നൊക്കെ പലരും തന്നോട് ചോദിക്കുമായിരുന്നു എന്നും നടൻ പറയുന്നു. താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നിങ്ങളെ എന്റർടെയ്ൻ ചെയ്യിക്കാനാണ് എന്നതാണ് പ്രേക്ഷകരോട് മോഹൻലാൽ പറയുന്നത്. കഴിഞ്ഞ 47 വർഷങ്ങളായി സിനിമകളിലൂടെ താൻ അത് തുടരുന്നു. ബിഗ് ബോസ് ഷോ എല്ലാ ദിവസവും നിങ്ങൾക്ക് എന്റർടെയ്ൻമെന്റ് നൽകുന്ന ഒരു ഷോയാണ്. ഈ ഷോയുടെ എന്റർടെയ്ൻമെന്റ് എന്ന ഘടകമാണ് തന്നെ ഈ ഷോയിലേക്ക് ആകർഷിച്ചത്. അത് തന്നെയാണ് ഞാൻ ഈ ഷോ ചെയ്യാനുള്ള കാരണവും എന്നാണ് മോഹൻലാൽ പറയുന്നത്.

സിനിമകളിൽ ഓരോ കഥാപാത്രങ്ങളായിട്ടാണ് നിങ്ങളെ എന്റർടെയ്ൻ ചെയ്യിക്കുന്നതെങ്കിൽ ഇവിടെ മോഹൻലാൽ ആയിട്ടാണ് താൻ നിങ്ങളോട് ഇടപഴകുന്നത്. ബിഗ് ബോസ് എപ്പോഴും അൺപ്രഡിക്ടബിൾ ആയിട്ടുള്ള കാര്യങ്ങളുടെ വിസ്മയ കാഴ്ചയാണ്. യഥാർത്ഥ ജീവിത രഹസ്യങ്ങൾ ഇവിടെ ലോകവുമായി പങ്കുവെക്കപ്പെടുകയാണ്. എല്ലാറ്റിനും ഉപരി ആഴ്ചതോറും ഇവിടെ വന്ന് നിങ്ങളോട് സംസാരിക്കാനും നിങ്ങളെ കേൾക്കാനും തനിക്ക് കിട്ടുന്ന സമയം കൂടിയാണിത് എന്നും മോഹൻലാൽ വെളിപ്പെടുത്തുന്നു. ബിഗ് ബോസ് വീട് എന്നും തന്നെ അത്ഭുതപ്പെടുത്തുന്ന ഒരിടമാണ് എന്നാണ് വിമർശനങ്ങളോട് പ്രതികരിച്ച് മോഹൻലാൽ പറഞ്ഞത്. അതേസമയം ബിഗ് ബോസ് വീക്കെന്റ് എപ്പിസോഡുകളിൽ എത്തുന്ന ലാലേട്ടനെ കാണാൻ മാത്രമായി ഷോ കാണുന്നവരും നിരവധിയാണ്. 100 ദിവസത്തെ ബിഗ് ബോസ് ഷോയിൽ മോഹൻലാലിന്റെ പ്രതിഫലം ഏകദേശം 20 കോടിയോളം രൂപയാണെന്നാണ് റിപ്പോർട്ടുകൾ. അതിൽ മോഹൻലാൽ പങ്കെടുക്കുന്നത് 12 ദിവസങ്ങൾ മാത്രമാണ്. നൂറ് ദിവസത്തിനിടെ പന്ത്രണ്ട് വീക്കെന്റ് എപ്പിസോഡുകൾ മാത്രമെയുള്ളു. ആ 12 ദിവസത്തെ മോഹൻലാലിന്റെ വിലയാണ് 20 കോടി രൂപ.

ഏകദേശം ഒരു ദിവസം 1.5 കോടിക്ക് മുകളിൽ വരും അത്. എന്റർ‌ടെയ്ൻമെന്റ് മേഖലയിൽ ഇന്നും മോഹൻലാലിന് മുകളിൽ ഒരു ബ്രാന്റ് മലയാളത്തിലില്ലെന്ന് തന്നെ ഇതിലൂടെ മനസിലാക്കാം. ഈ സീസണിലും മോഹൻലാലും മത്സരാർത്ഥികളെ പോലെ തന്നെ ഏറെ വിമർശനം ഏറ്റു വാങ്ങിയിരുന്നു. മത്‌സരാർത്ഥികൾക്കിടയിൽ ഉണ്ടായ പ്രേശ്നങ്ങൾക്കുൾപ്പെടെ മോഹൻലാലിനെ കുറ്റപ്പെടുത്തിയവരും ഏറെയാണ്. അസി റോക്കി സിജോയെ ഇടിച്ചത് വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ പറഞ്ഞ ചില വാക്കുകളുടെ പേരിലാണ് എന്ന് പറഞ്ഞാണ് ഈ സീസണിൽ മോഹൻലാൽ ഏറ്റവും കൂടുതൽ വിമർശനം കേട്ടത്. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനോടെ എത്തിയ മലയാളം ബിഗ്‌ബോസ് സീസൺ ആറിന്റെ ഫിനാലെ ദിനവും വേറിട്ട രീതിയിലാണ് ബിഗ് ബോസ് ഒരുക്കിയത്. ജിന്റോ, അർജുൻ, ജാസ്മിൻ, അഭിഷേക്, റിഷി എന്നിവരാണ് ഫൈനലിൽ എത്തിയ മത്സരാർത്ഥികൾ.