‘അന്നൊന്നും ഒട്ടും സീരിയസ് ആയിരുന്നില്ല, എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുന്ന സമയം’; 30 വർഷത്തെ സിനിമ ജീവിതം പറഞ്ഞ് ബിജു മേനോൻ

Follow Us :

സ്വന്തം വീട്ടിലെ ഒരു അം​ഗത്തെ പോലെയാണ് ബിജു മേനോനെ മലയാളികൾ കാണുന്നത്. നായകനായും വില്ലനായും സഹനടനായുമെല്ലാം വന്നപ്പോഴെല്ലാം താരത്തെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർത്തുവച്ചു. ഇപ്പോൾ സിനിമ ജീവിതം തുടങ്ങിയിട്ട് മുപ്പത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ബിജു മേനോൻ. 1994 ൽ പുറത്തിറങ്ങിയ പുത്രൻ എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോൻ സിനിമയിൽ തുടക്കം കുറിച്ചത്.

ഒട്ടും പ്രതീക്ഷിക്കാതെ തുടങ്ങിയതാണ് തന്റെ ഈ യാത്രയെന്നും ഒരുപാട് സന്തോഷമുണ്ടെന്നുമാണ് ഈ അവസരത്തിൽ താരം പറയുന്നത്. തന്റെ പുതിയ ചിത്രമായ തലവന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ബിജു മേനോൻ. “ഒരുപാട് സന്തോഷമുണ്ട് ഇവിടെ വരെയെത്തിയതിൽ. മുപ്പത് വർഷത്തെ യാത്ര ഒട്ടും പ്രതീക്ഷിക്കാതെ തുടങ്ങിയതാണ്. അന്നൊന്നും ഒട്ടും സീരിയസ് ആയിരുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുന്ന സമയത്താണ് സിനിമയിലെത്തിയത്. സിനിമയിൽ വന്ന് കുറേ കാലം കഴിഞ്ഞ് നമ്മുടെ ജീവിത മാർഗം ഇതാണെന്ന് തിരിച്ചറിഞ്ഞു. കുറച്ചു കൂടി സിനിമയെ സീരിയസായി കാണാനും സ്നേഹിക്കാനും തുടങ്ങി. വളരെ സന്തോഷം, എല്ലാം ഒരു ഭാഗ്യമായി കരുതുന്നു”- ബിജു മേനോൻ പറഞ്ഞു.

കരിയറിൽ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 150 ലധികം സിനിമകളിൽ ബിജു അഭിനയിച്ചിട്ടുണ്ട്. ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ ഈ മാസം 24 നാണ് തിയറ്ററുകളിലെത്തുക. ബിജു മേനോനൊപ്പം ആസിഫ് അലിയും ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരായാണ് ഇരുവരും ചിത്രത്തിലെത്തുക.