Film News

പൂര്‍ണമായി കടലില്‍ ചിത്രീകരിച്ച സര്‍വൈവല്‍ ത്രില്ലര്‍ ബോട്ട് ടീസര്‍!!

യോഗി ബാബു, ഗൗരി ജി കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘ബോട്ട്’. പൂര്‍ണമായും കടലില്‍ ചിത്രീകരിച്ച ചിത്രമെന്ന പ്രത്യേകതയോടെയാണ് ബോട്ട് എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പാന്‍ ഇന്ത്യന്‍ ചിത്രം മാലി ആന്‍ഡ് മാന്‍വി മൂവി മേക്കേഴ്സിന്റെ ബാനറില്‍ പ്രഭ പ്രേംകുമാറാണ് നിര്‍മ്മിക്കുന്നത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തും. 1940-ല്‍ ജപ്പാന്‍ ചെന്നൈയില്‍ ബോംബ് സ്ഫോടനം നടത്തുന്നു. ബോട്ടില്‍ സഞ്ചരിക്കുന്ന 10 പേര്‍ ജീവന്‍ ഭയന്ന് ബോട്ടില്‍ നിന്ന് കടലില്‍ ചാടുന്നു. ബോട്ടിലെ ദ്വാരത്തിലൂടെ വെള്ളം കയറുകയും പതുക്കെ മുങ്ങുകയും ചെയ്യുന്നു. ഒരു വലിയ സ്രാവ് ബോട്ടിനെ വളയുന്നു. ബോട്ടിലുള്ളവരുടെ അതിജീവനമാണ് ചിത്രം പറയുന്നത്.

ജിബ്രാന്‍ സംഗീതം പകരുന്ന ‘ബോട്ട്’ന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് മധേഷ് മാണിക്കമാണ്. ചിത്രസംയോജനം ദിനേശനും കലാസംവിധാനം ടി സന്താനവും കൈകാര്യം ചെയ്യും. പിആര്‍ഒ: ശബരി

വടിവേലു നായകനായെത്തിയ ബ്ലോക്ക്ബസ്റ്റര്‍ ‘ഇംസൈ അരസന്‍ 23ാം പുലികേശി’ എന്ന തമിഴ് സിനിമയൊരുക്കിയാണ് ചിമ്പു ദേവന്റെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. പ്രകാശ് രാജ്, സന്താനം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അരൈ എന്‍ 305ല്‍ കടവുള്‍’ , വിജയ്, ശ്രീദേവി, കിച്ച സുധീപ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ‘പുലി’ രാഘവ ലോറന്‍സ് നായകനായ ‘ഇരുമ്പുകോട്ടൈ മുരട്ടു സിങ്കം’ , ‘കസട തപാര’ തുടങ്ങിയവയെല്ലാം ചിമ്പു ദേവന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.

Anu