Malayalam Article

കടയ്ക്കുള്ളിലേക്ക് കാര്‍ ഇടിച്ചു കയറി; അമ്പരപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ബ്രേക്കിനുപകരം ആക്സിലറേറ്റര്‍ ചവിട്ടി, നിയന്ത്രണം വിട്ട കാര്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്കേറ്റു. യുഎസിലെ ടെംപേയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

കടയ്ക്കുള്ളില്‍ രണ്ട് പേര്‍ സംസാരിച്ചു നില്‍ക്കുന്നതും വെള്ളനിറത്തിലുള്ള സെഡാന്‍ ഇടിച്ചുകയറുന്നതും ദൃശ്യങ്ങളില്‍ കാണാം. സംസാരിച്ചു നിന്നവരേയും ഇടിച്ചശേഷം കടയില്‍ നിരത്തി വെച്ചിരിക്കുന്ന സാധനങ്ങള്‍ തട്ടിത്തകര്‍ത്ത് മുന്നോട്ടുനീങ്ങുന്നതും വിഡിയോയിലുണ്ട്. 25 അടിയോളം കാര്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറിയ ശേഷം, പിന്നീട് പിറകിലേക്കെടുക്കുന്നതും കാണാം. തിരക്കിനിടയില്‍ ഡ്രൈവര്‍ ബ്രേക്കിന് പകരം ആക്സിലറേറ്ററില്‍ കാലമര്‍ത്തിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. അപകടത്തില്‍ കടയിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കുകളേയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അറ്റകുറ്റപ്പണികള്‍ക്കായി സ്റ്റോര്‍ ഒരാഴ്ചയോളം അടച്ചിടേണ്ടി വരുമെന്ന് സ്റ്റോര്‍ ഉടമ പ്രതികരിച്ചു. എന്നാല്‍ ജീവനക്കാര്‍ അപകടത്തില്‍ നിന്നും അതിജീവിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Gargi