‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമ്മാതാക്കൾക്കെതിരെ നടപടികൾക്ക് സ്റ്റേയുമായി കോടതി

Follow Us :

മലയാളത്തിന്റെ തലവര തന്നെ മാറ്റിയ ബമ്പർ ഹിറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമ്മാതാക്കൾക്കെതിരെ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചു നൽകിയ കേസിൽ തുടർ നടപടികൾക്ക് സ്‌റ്റേയുമായി കോടതി. കേസിലെ മൂന്നാം പ്രതിയും പറവ നിർമാണ കമ്പനിയുടെ പാർട്ണറുമായ ബാബു ഷാഹിർ സമർപ്പിച്ച ഹർജി പരി​ഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവിട്ടത്.

കേസിലെ ആരോപണ വിധേയരായ സൗബിന്റേയും ഷോൺ ആന്റണിയുടേയും അറസ്റ്റ് നേരത്തെ കോടതി തടയുകയും ചെയ്തിരുന്നു. സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്ന് ആരോപിച്ച് സിറാജ് വലിയതറയാണ് പരാതി നൽകിയത്. സിറാജ് വലിയതറ എന്ന പരാതിക്കാരൻ സിനിമക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നൽകാതിരിക്കുകയും, അത് മൂലം കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നും ആയിരുന്നു കുറ്റാരോപിതരുടെ വാദം.

കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാൽ ഷൂട്ട് ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിംഗ് നീണ്ടു പോകുകയും ചെയ്‌തെന്നും അവർ കോടതിയെ അറിയിക്കുകയും ചെയ്തു. . ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്‌സ്’ ഇരുന്നൂറ് കോടിയോളം രൂപ നേടി ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയ ചിത്രമാണ്.