ചെനാബ് ആര്‍ച്ച് ബ്രിഡ്ജിലൂടെയുള്ള ട്രെയിന്‍ സര്‍വീസ് നോര്‍ത്തേണ്‍ റെയില്‍വേ ഉടന്‍ ആരംഭിക്കുന്നു

Follow Us :

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പാലമായ ചെനാബ് ഇന്ത്യയിലെ ജമ്മു ആൻഡ് കാശ്മീർ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ റെയില്‍പ്പാലത്തിലൂടെ തീവണ്ടിയില്‍ സഞ്ചരിക്കാനുള്ള അവസരമൊരുങ്ങുകയാണ് ഇപ്പോൾ. ചെനാബ് ആര്‍ച്ച് ബ്രിഡ്ജിലൂടെയുള്ള ട്രെയിന്‍ സര്‍വീസ് നോര്‍ത്തേണ്‍ റെയില്‍വേ ഉടന്‍ ആരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഈയൊരു പദ്ധതി പൂർത്തിയാകുമ്പോൾ രംബാനില്‍ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ റെയില്‍പ്പാലത്തിലൂടെ കടന്നു പോകുക. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആര്‍ച്ച് ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്. ജമ്മു ആൻഡ് കശ്മീരിലൂടെയും പിന്നീട് പാക് പഞ്ചാബിലൂടെയും ഒഴുകുന്ന ചെനാബ് ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍, സ്പിതി ജില്ലകളിലെ അപ്പര്‍ ഹിമാലയത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്.

28,000 കോടി ചെലവില്‍ പണിയുന്ന ഉധംപുര്‍- ശ്രീനഗര്‍- ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഉത്തര റെയില്‍വേയ്ക്ക് വേണ്ടി അഫ്കോണ്‍സ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലം പണിതത്. കമാനാകൃതിയുള്ള പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് കൊല്ലം മുമ്പാണ് ആരംഭിച്ചത്. ചെനാബ് നദിയ്ക്ക് കുറുകെ നിര്‍മിച്ച പാലത്തിന് രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി കശ്മീരിനെ ബന്ധിപ്പിക്കാന്‍ സഹായിക്കും. കമാനത്തിന് 467 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കശ്മീര്‍ റെയില്‍വെ പദ്ധതിയില്‍ പെടുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാകും ചെനാബ് പാലം. 2017 നവംബറില്‍ നിര്‍മാണം ആരംഭിച്ച പാലത്തിന് 1250 കോടി രൂപയാണ് നിര്‍മാണ ചെലവ്. പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ നദിയില്‍ നിന്നും 35 മീറ്റര്‍ ഉയരമുണ്ട് ഈ പാലത്തിന്. പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ്. 17 തൂണുകള്‍ പാലത്തിനെ താങ്ങി നിര്‍ത്തുന്നു. റിക്ടര്‍ സ്‌കെയിലില്‍ എട്ട് വരെയുള്ള ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷി പാലത്തിനുണ്ടെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ ശക്തിയേറിയ സ്ഫോടനങ്ങളെ അതിജീവിക്കാനും പാലത്തിന് ശേഷിയുണ്ട്. ഭീകരാക്രമണത്തേയും ഭൂചലനത്തേയും പ്രതിരോധിക്കാന്‍ സഹായകമായ സുരക്ഷാസംവിധാനവും പാലത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

ആധുനിക ലോകത്തെ എഞ്ചിനീയറിംഗ് വിസ്മയമാണ് ഇതെന്ന് റിയാസി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ വിശേഷ് മഹാജൻ പറഞ്ഞു. തീവണ്ടി റിയാസിയിലെത്തുന്ന ദിവസം ജില്ലയെ സംബന്ധിച്ചിടത്തോളം മാറ്റി മറിക്കുന്ന ദിവസമായിരിക്കും. ഞങ്ങളുടെ എഞ്ചിനീയർമാർ ഒരു അത്ഭുതം സൃഷ്ടിച്ചതിനാൽ ഇത് ഞങ്ങൾക്ക് അഭിമാന നിമിഷമാണ്. ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണിത്. പാലവും കാറ്റിൻ്റെ വേഗതയും അതിൻ്റെ ശക്തിയും അതിശയകരമാണ്. കൃത്യമായ തീയതി പറയാൻ കഴിയില്ല, പക്ഷേ ആ ദിവസം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. റംബാൻ ജില്ലയിലെ സംഗൽദാനിനും റിയാസിക്കുമിടയിൽ പുതുതായി നിർമ്മിച്ച റെയിൽവേ ലൈനിലും സ്റ്റേഷനുകളിലും റെയിൽവേ ഉദ്യോഗസ്ഥർ അടുത്തിടെ വിപുലമായ പരിശോധന നടത്തിയിരുന്നു അതിൻപ്രകാരം ഈയൊരു പദ്ധതി വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് കൊങ്കൺ റെയിൽവേ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സുജയ് കുമാറും പറഞ്ഞു. “ഈ പദ്ധതിയാൽ ബാധിക്കപ്പെട്ട ആളുകൾ എല്ലാവരും വളരെ സന്തുഷ്ടരാണ്. എല്ലാം ഉടൻ പൂർത്തിയാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, കന്യാകുമാരി മുതൽ കത്ര വരെയുള്ള റെയിൽവേ ലൈനിലാണ് ഈയൊരു സർവീസ് പ്രവർത്തിക്കുന്നത്, അതേസമയം ബാരാമുള്ളയിൽ നിന്ന് കശ്മീർ താഴ്‌വരയിലെ സങ്കൽദനിലേക്കും സർവീസ് നടത്തുന്നുണ്ട്.