Film News

പണ്ട് കാമറയുണ്ടായിരുന്നെങ്കില്‍ പല മഹാന്മാരും തുറന്നുകാട്ടപ്പെടുമായിരുന്നു-ചിന്മയി ശ്രീപദ

പ്രശസ്ത പാക് ഖവാലി ഗായകന്‍ റാഹത്ത് ഫത്തേ അലി ഖാന്‍ തന്റെ ശിഷ്യനെ ചെരിപ്പൂരി അടിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. കുപ്പി എവിടെയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ക്രൂര മര്‍ദ്ദനം. അറിയില്ലെന്ന് അയാള്‍ പറഞ്ഞിട്ടും ഗായകന്‍ വിടുന്നില്ല. മുടിയില്‍ കുത്തിപ്പിടിച്ചും കുനിച്ച് നിര്‍ത്തിയും ചെരുപ്പ് കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനമേറ്റയാള്‍ നിസ്സഹായനായി നിലത്തിരിക്കുന്നുണ്ട്. ചിലര്‍ ഗായകനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, വീഡിയോയില്‍ പ്രതികരിച്ചിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. സാമൂഹിക വിഷയത്തിലെല്ലാം പ്രതികരിക്കുന്ന താരമാണ് ചിന്മയി. പണ്ട് കാമറകളുണ്ടായിരുന്നെങ്കില്‍ മഹാന്മാര്‍ എന്നു വിളിക്കുന്നവര്‍ തുറന്നുകാട്ടപ്പെടുമായിരുന്നു എന്നാണ് ചിന്മയി സോഷ്യലിടത്ത് കുറിച്ചത്.

ഇവരില്‍ ചിലര്‍ പൊതുസ്ഥലത്ത് വളരെ സൗമ്യരും മൃദുവായി സംസാരിക്കുന്ന ആത്മാക്കളെപ്പോലെയുമാണ് പെരുമാറുന്നത്. അവരില്‍ നിന്നും ഒരിക്കലും മനുഷ്യത്വരഹിതമായ പെരുമാറ്റം ആരും പ്രതീക്ഷിക്കില്ല.
നേരത്തെ കാമറകള്‍ ഉണ്ടായിരുന്നെങ്കില്‍ – മഹാന്മാര്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ കൂടുതല്‍ പേരും തുറന്നുകാട്ടപ്പെടുമായിരുന്നു, എന്നാണ് ചിന്മയി കുറിച്ചത്.

യുവാവിനെ മര്‍ദിക്കുന്ന രഹത് ഫത്തേ അലി ഖാന്റെ വീഡിയോ വൈറലായതോടെ അദ്ദേഹം വിശദീകരണവുമായി എത്തിയിരുന്നു. ഒരു ഉസ്താദും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണെന്നും വിദ്യാര്‍ത്ഥികള്‍ തെറ്റ് ചെയ്താല്‍ അധ്യാപകര്‍ ശിക്ഷിക്കുമെന്നും നല്ലത് ചെയ്താല്‍ അവരെ സ്നേഹം കൊണ്ടും പ്രശംസ കൊണ്ടും വീര്‍പ്പുമുട്ടിക്കുമെന്നായിരുന്നു വിശദീകരണം.

അതിനെതിരെയും ചിന്മയി പ്രതികരിക്കുന്നുണ്ട്. ഗുരുക്കന്മാര്‍ക്ക് ദൈവത്വം കല്‍പ്പിച്ച് നല്‍കി സംരക്ഷിക്കുകയാണെന്നും അവര്‍ ചെയ്യുന്ന അക്രമങ്ങളും ലൈംഗിക ദുരുപയോഗങ്ങളുമെല്ലാം അവരുടെ പ്രതിഭയുടേയും കലാവൈഭവത്തിന്റേയും പേരില്‍ ക്ഷമിക്കപ്പെടുകയാണ് എന്നാണ് കുറിച്ചത്. ഇത് അവസാനിപ്പിക്കണമെന്നും ചിന്മയി പറയുന്നു.

Anu