മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

Follow Us :

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്… ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ ഒരുപാട് പേരാണ്. പക്ഷേ, കാപ്പി അമിതമായി കുടിക്കുന്നത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കാപ്പിക്ക് അഡിക്റ്റ് ആയി പോയാൽ കഫീനിസം എന്നാണ് പറയുന്നത്. ഇത് നാഡീവ്യൂഹത്തെ പല തരത്തിൽ ബാധിക്കുകയും ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു. കാപ്പി അമിതമായി കുടിക്കുന്നത് മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് വരെ കാരണമായേക്കാമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മുന്നറിയിപ്പ്.

എപ്പോഴും വിയർപ്പ് ഉണ്ടാകുക, അസ്വസ്ഥതയും ഉത്കണ്ഠയും അനുഭവപ്പെടുക, കാപ്പി കിട്ടാതെ വരുമ്പോൾ ദേഷ്യം തോന്നു‌ക, തലവേദന എന്നിങ്ങനെയാണ് കാപ്പി അമിതമായി കുടിക്കുന്നതിന്റെ ലക്ഷണങ്ങൾ. ഒരു ദിവസം രണ്ട് കപ്പിലധികം കാപ്പി കുടിക്കുന്നത് രക്താതിമർദ്ദമുള്ളവരിൽ ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കുമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നത്. കഫീൻ ശരീരത്തിലെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കും.

അമിതമായ കഫീൻ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സൂചിപ്പിക്കുന്നു. കാപ്പിക്ക് ഉയർന്ന അളവിൽ കഴിക്കുന്നത് അസിഡിറ്റിയ്ക്ക് ഇടയാക്കും. ആസിഡ് റിഫ്ലക്സ് ഒഴിവാക്കാൻ കാപ്പി ഉപഭോഗം കുറയ്ക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും ഉറക്കമില്ലായ്മയ്ക്ക് കാരണമാകുമെന്നും ജേണൽ ഓഫ് ക്ലിനിക്കൽ സ്ലീപ്പ് മെഡിസിൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.