കൽപ്പാത്തി ക്ഷേത്രത്തിൽ നടൻ വിനായകൻ രാത്രി എത്തിയതുമായി ബന്ധപ്പെട്ട് തർക്കം; വിവാദം

Follow Us :

പാലക്കാട് കൽപ്പാത്തി ക്ഷേത്രത്തിൽ നടൻ വിനായകൻ രാത്രി എത്തിയതുമായി ബന്ധപ്പെട്ട വിവാദം. രാത്രി 11 മണിക്ക് ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന വിനായകന്‍റെ ആവശ്യം തള്ളിയെന്നും നാട്ടുകാരും വിനായകനും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നുമാണ് വിവരം. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി 11 മണിക്കാണ് സംഭവം.

ക്ഷേത്രത്തിന്റെ നട അടച്ച ശേഷമാണ് താരം കല്‍പ്പാത്തിയില്‍ എത്തിയത്. ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന് വിനായകൻ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, നാട്ടുകാര്‍ തടഞ്ഞു. പൊലീസ് ഇടപെട്ട് വിനായകനെ തിരിച്ചയക്കുകയായിരുന്നു. സംഭാവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരങ്ങള്‍ പുറത്ത് വന്നത്.

ജാതി വിവേചനം കാരണമാണ് വിനായകനെ ക്ഷേത്രത്തിൽ കയറ്റാത്തതെന്നാണ് ഒരു വിഭാഗം ആക്ഷേപമുന്നയിക്കുന്നത്. എന്നാൽ ഇത്തരം വാർത്തകൾ വ്യാജമെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി. രാത്രി പതിനൊന്നു മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചതാണെന്നും മറ്റു തർക്കങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി.