പഴവർഗങ്ങൾ കൊടുത്തു വയറിളക്കും, വിഴുങ്ങിയ കൊക്കെയ്ൻ പുറത്തെടുക്കുന്നു, കൊച്ചിയിൽ അറസ്റ്റിലായത് 2 പേർ

Follow Us :

കൊച്ചി: രാജ്യാന്തര മാ‍ർക്കറ്റിൽ 30 കോടി രൂപ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുമായ കൊക്കെയിനുമായി രണ്ട് പേർ കൊച്ചിയിൽ പിടിയിൽ. ടാൻസാനിയൻ പൗരൻമാരായ രണ്ടു പേരെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് റവന്യൂ ഇന്‍റലിജൻസ് അറസ്റ്റ് ചെയ്തത്. ക്യാപ്സ്യൂളുകളാക്കിയാണ് കൊക്കെയിൻ കൊണ്ടുവന്നത്. ടാൻസാനിയയിൽ നിന്നുളള ഒരു പുരുഷനും സ്ത്രീയുമാണ് പിടിയിലായത്.

കോടികള്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ ഗുളിക രൂപത്തില്‍ പ്ലാസ്റ്റിക് ആവരണത്തിലാക്കി വിഴുങ്ങിയാണ് കൊണ്ട് വന്നത്. ടാന്‍സാനിയന്‍ സ്വദേശികളായ ഒമരി അതുമാനി ജോങ്കോ, വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) യൂണിറ്റ് പിടികൂടിയത്. നൂറോളം ഗുളികകളുടെ രൂപത്തില്‍ 1.945 കിലോ കൊക്കെയിനാണ് ഒമരി അതുമാനി ജോങ്കോയുടെ ശരീരത്തില്‍നിന്നു കണ്ടെടുത്തത്. 19 കോടി രൂപ വില വരും. വെറോനിക്കയുടെ ശരീരത്തിലും രണ്ട് കിലോയോളം കൊക്കെയിന്‍ ഉണ്ടെന്നാണ് സൂചന. ഇതുവരെ 1.8 കിലോ പുറത്തെടുത്തെന്നാണ് വിവരം.

16-ന് എത്യോപ്യയില്‍നിന്ന് ദോഹ വഴി ബിസിനസ് വിസയിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും മയക്കുമരുന്ന് കണ്ടെത്താനായില്ല. ആശുപത്രിയിലെത്തിച്ച് എക്‌സ്റേ പരിശോധന നടത്തിയപ്പോഴാണ് കൊക്കെയ്ൻ കണ്ടെത്തിയത്. മരിയുടെ ശരീരത്തില്‍നിന്ന് കൊക്കെയിന്‍ പൂര്‍ണമായും പുറത്തെടുക്കാൻ ഒരാഴ്ചയെടുത്തു. ഗുളികകളെല്ലാം പുറത്തെടുത്ത് തീരാത്തതിനാല്‍ വെറോനിക്ക ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്. പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിപ്പിച്ച് വയറിളക്കിയാണ് ഇവര്‍ പുറത്തെടുക്കുന്നത്.