News

അങ്ങേയറ്റം ഹൃദയഭേദകം!! ദു:ഖത്തില്‍ പങ്കുചേര്‍ന്ന് നികിത ഗാന്ധി

കുസാറ്റ് ക്യാമ്പസില്‍ നടന്ന ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളം. ആര്‍പ്പുവിളികളുയരേണ്ട സംഗീത നിശയില്‍ കണ്ണീര്‍ക്കടലായി മാറി. ദുരന്തത്തില്‍ നാല് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത നിശ ആരംഭിക്കാനിരിക്കേയാണ് കുസാറ്റില്‍ അപകടമുണ്ടായത്. നിലവില്‍ 31 പേര്‍ കളമശേരി മെഡിക്കല്‍ കോളേജ് വാര്‍ഡിലും 2 പേര്‍ ഐസിയുവിലും ഒരാള്‍ അത്യാഹിത വിഭാഗത്തിലുമുണ്ട്. 18 പേര്‍ കിന്‍ഡര്‍ ആശുപത്രിയിലും 2 പേര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലും ചികിത്സയിലാണ്.

കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടം. തിരക്കില്‍ നിലത്തുവീണ് ചവിട്ടേറ്റുമാണ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റത്. അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികളുള്‍പ്പെടെ നാല് പേര്‍ മരിച്ചു. നാല് ദിവസമായി തുടരുന്ന ടെക് ഫെസ്റ്റ് ‘ധിഷണ’യുടെ അവസാന ദിനമായിരുന്നു ഇന്ന്. നികിത ഗാന്ധിയുടെ സംഗീത പരിപാടിയായിരുന്നു ഇന്നലെ നടക്കേണ്ടിയിരുന്നത്.

ദാരുണ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയിരിക്കുകയാണ് ഗായിക നികിത ഗാന്ധി. വാക്കുകള്‍ ലഭിക്കുന്നില്ല. അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അവര്‍ പറഞ്ഞു.

‘കൊച്ചിയിലുണ്ടായ അപകടം അങ്ങേയറ്റം ഹൃദയഭേദകമാണ്. പരിപാടിക്കായി ഞാന്‍ വേദിയിലെത്തുന്നതിന് മുമ്പ് തന്നെ അപകടമുണ്ടായി. ഹൃദയവേദന പ്രകടിപ്പിക്കാന്‍ വാക്കുകള്‍ ലഭിക്കുന്നില്ല. അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു’, നികിത ഗാന്ധി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.

പരിപാടി നടക്കേണ്ടിയിരുന്ന ഓഡിറ്റോറിയത്തിലേക്ക് മഴ പെയ്തതിനെ തുടര്‍ന്ന് ആളുകള്‍ കൂട്ടമായി കയറിയാണ് തിക്കുംതിരക്കുമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു.

Anu B