ദീപ നായര്‍ക്ക് മക്കളുടെ വക സര്‍പ്രൈസ്!!! സന്തോഷം പങ്കുവച്ച് പ്രിയം നായിക

കുഞ്ചാക്കോ ബോബനും ദീപാ നായരും ഒന്നിച്ചെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ്
‘പ്രിയം’. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് റൊമാന്റിക് ചിത്രങ്ങളുടെ കൂട്ടത്തില്‍ പ്രിയവും ഉണ്ടാകും. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ നായികയാണ് ദീപ നായര്‍. ഒരേയൊരു ചിത്രത്തിലൂടെ ഇത്രയധികം ആരാധകരെ നേടിയ മറ്റൊരു നായികയുമുണ്ടാകില്ല.

ഇപ്പോഴിതാ മാതൃദിനത്തില്‍ തനിക്ക് മക്കള്‍ സമ്മാനിച്ച സര്‍പ്രൈസ് സമ്മാനമാണ് ദീപ പങ്കുവച്ചിരിക്കുന്നത്. രണ്ട് പെണ്‍മക്കളാണ് താരത്തിന്. ശ്രദ്ധയും മാധവിയും.
മക്കളും ഭര്‍ത്താവ് രാജീവും ചേര്‍ന്നാണ് താരത്തിന് സര്‍പ്രൈസ് ഒരുക്കിയത്.

വിവിധ തരത്തിലുള്ള ഭക്ഷണ വിഭവങ്ങള്‍ ഒരുക്കി അതില്‍ ‘അമ്മ’ എന്നെഴുതിയാണ് മക്കള്‍ ദീപയെ ഞെട്ടിച്ചിരിക്കുന്നത്. ഏറെ പ്രയത്‌നിച്ചാണ് മക്കള്‍ ഇതെല്ലാം ഒരുക്കിയതെന്നും ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍ അറിയിക്കുന്നുവെന്നും ദീപ കുറിച്ചു.

‘പ്രിയം’ എന്ന സിനിമയ്ക്ക് ശേഷം പൂര്‍ണമായും സിനിമയോട് ബൈ പറഞ്ഞിരിക്കുകയാണ് ദീപ. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ദീപ. എല്ലാ വിശേഷങ്ങളും പങ്കുവച്ച് എത്താറുണ്ട് താരം. ഭര്‍ത്താവിന്റെയും മക്കളുടെയുമെല്ലാം ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

എന്‍ജിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ദീപ പ്രിയം സിനിമയിലേക്ക് എത്തിയത്. സിനിമ കഴിഞ്ഞതോടെ വീണ്ടും പഠനത്തിരക്കിലേക്ക് പോയി. ശേഷം ദീപയ്ക്ക് ഇന്‍ഫോസിസില്‍ ജോലി ലഭിച്ചു. ഇപ്പോള്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് ദീപ കുടുംബസമേതം താമസിക്കുന്നത്. 2000ലാണ് പ്രിയം റിലീസ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ് ദീപാ നായര്‍.

Anu