ഇളയരാജയാകാന്‍ ഒരുങ്ങി ധനുഷ്!!

ഇന്ത്യയിലെ തന്നെ മികച്ച സംഗീതജ്ഞനാണ് ഇസൈജ്ഞാനി ഇളയരാജ. തമിഴിലും മലയാളത്തിലും തെലുങ്കിലും മാത്രമല്ല വിവിധ ഭാഷകളിലെ സിനിമകളില്‍ മാന്ത്രിക സംഗീത മഴയൊരുക്കിയ പ്രതിഭ. ഇപ്പോഴിതാ ഇളയരാജയുടെ ഇതിഹാസ ജീവിതം സിനിമയാകുന്നെന്ന് റിപ്പോര്‍ട്ടാണ് വരുന്നത്.

കോളിവുഡിന്റെ സൂപ്പര്‍ഹീറോ ധനുഷാണ് ഇളയരാജയാകുന്നത്. മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകയും നിരൂപകയുമായ ലത ശ്രീനിവാസനാണ് ഈ വാര്‍ത്ത എക്‌സിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ചിത്രീകരണം 2024 ല്‍ ആരംഭിക്കുമെന്നും 2025 ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ കണക്ട് മീഡിയ ആയിരിക്കും ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് സിനിമാലോകം.

ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ശങ്കര്‍ രാജ ധനുഷ് അച്ഛന്റെ ബയോപിക് ചെയ്താല്‍ നന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാപ്രേമികളെ ആകാംക്ഷയിലാക്കി ബയോപിക് ഒരുങ്ങുന്നതായി സൂചന പുറത്തുവന്നിരിക്കുന്നന്.

അതേസമയം, അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റന്‍ മില്ലര്‍’ ആണ് ധനുഷിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രം. ക്യാപ്റ്റന്‍ മില്ലര്‍ 2023 ഡിസംബര്‍ 15 നാണ് തിയേറ്ററുകളിലെത്തുന്നത്.

Anu