അത്യുഗ്രൻ സിനിമാനുഭവം, ‘മാളികപ്പുറ’ത്തെ പ്രശംസിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്

നവാഗതനായ വിഷ്ണു ശശി ശങ്കർ ഉണ്ണി മുകുന്ദൻ നായകനായി സംവിധാനം ചെയ്ത സിനിമയാണ് ‘മാളികപ്പുറം’. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകൾ നേടി നിറഞ്ഞ സദസ്സിൽ സിനിമ മുന്നേറുകയാണ്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്് ചെയ്യുന്നത്.ഇപ്പോഴിതാ മാളികപ്പുറം സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്.

ജൂഡ് ആന്തണി ജോസഫ് ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് ”മാളികപ്പുറം കണ്ടു. അത്യുഗ്രൻ സിനിമാനുഭവം . അഭിലാഷ് പിള്ളയുടെ മികച്ച തിരക്കഥ, വിഷ്ണു ശശിശങ്കർ എന്ന സംവിധായകന്റെ മികച്ച തുടക്കം. അഭിനേതാക്കൾ എല്ലാവരും മികച്ചു നിന്നെങ്കിലും ഏറ്റവും ഇഷ്ടായത് കല്ലുവിനെ അവതരിപ്പിച്ച ദേവനന്ദയെയും ഉണ്ണിയെയുമാണ്. വേണു സാറിനും പ്രിയ ചേച്ചിക്കും ആന്റോ ചേട്ടനും നീത ചേച്ചിക്കും മാളികപ്പുറത്തെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.”

ഡിസംബർ 30ന് പ്രദർശനത്തിനെത്തിയ സിനിമയാണ് മാളികപ്പുറം. മാളികപ്പുറത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും ചേർന്നാണ് മാളികപ്പുറം നിർമ്മിക്കുന്നത്.

Aiswarya Aishu