പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

Follow Us :

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ വിഴിഞ്ഞം പോര്‍ട്ട് എംഡി ദിവ്യ എസ് അയ്യര്‍ യാത്രയാക്കുന്ന ചിത്രമാണ് സോഷ്യലിടം ഏറ്റെടുത്തിരിക്കുന്നത്.

രാധാകൃഷ്ണനെ കെട്ടിപിടിച്ച് യാത്രയാകുന്ന ചിത്രമാണ് വൈറലാകുന്നത്. ഒരാള്‍ ആരെന്നറിയാന്‍ ഇതിലും വലിയ അടയാളപ്പെടുത്തല്‍ വേറെയില്ല എന്നു പറഞ്ഞാണ് ഫോട്ടോ പ്രചരിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം രാധാകൃഷ്ണനെന്ന വ്യക്തിയോടുള്ള സ്‌നേഹവും ആദരവുമാണ് ദിവ്യ എസ് അയ്യര്‍ പ്രകടിപ്പിക്കുന്നത്.

പത്തനംതിട്ട കലക്ടറായിരിക്കുമ്പോള്‍ ദിവ്യയും മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണനൊപ്പം ആദിവാസി മേഖലകളില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ചിരുന്നു. അക്കാലത്താണ് അദ്ദേഹം ഒരു പച്ചമനുഷ്യനാണെന്ന് മനസിലായതെന്നു ദിവ്യ പറയുന്നു. മന്ത്രി സ്ഥാനത്തുനിന്നു രാധാകൃഷ്ണന്‍ രാജിവച്ച ദിവസം ദിവ്യ ഭര്‍ത്താവ് കെ.എസ് ശബരീനാഥനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മന്ത്രിവസതിയില്‍ എത്തിയപ്പോഴായിരുന്നു ഈ സ്‌നേഹപ്രകടനം. മലയാളി സ്ത്രീകള്‍ക്ക് ഏറെ ബഹുമാനം തോന്നുന്ന പുരുഷനെ ആശ്ലേഷിക്കാന്‍ പറ്റാറില്ല, ഈ ചിത്രം കണ്ടപ്പോള്‍ ഏറെ സന്തോഷമായെന്നാണ് പ്രതികരണങ്ങളേറെയും.

ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് കെ രാധാകൃഷ്ണന്‍ രാജി വച്ചത്. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇടത് എംപിയാണ് രാധാകൃഷ്ണന്‍.