ഇനി ഡോ:അഞ്ജു ടാപ്പിംഗ് തൊഴിലാളിയായ അച്ഛന്‍ തങ്കയ്യന്റെ ആഗ്രഹം സഫലമാക്കിയ മകൾ !

തിരുവനന്തപുരം ജില്ലയിലെ കോട്ടൂര്‍ കാപ്പുകാട് റോഡരികത്ത് വീട്ടില്‍ തങ്കയ്യന്‍ ഉഷ ദമ്പതികളുടെ മകള്‍ അഞ്ജു ആണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി തന്റെ പിതാവിന്റെ ആഗ്രഹം സഫലമാക്കിയത്.2016 ല്‍ ആള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതി ആദ്യ അലോട്ട്‌മെന്റില്‍ തന്നെ മെറിറ്റ് അടിസ്ഥാനത്തില്‍ മലപ്പുറം മഞ്ചേരി ഗവ:മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭ്യമാക്കിയ അഞ്ജു ഈ വര്‍ഷം ആണ് എംബിബിഎസ് പൂര്‍ത്തിയത്.

ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് അഞ്ജു. രണ്ടു പതിറ്റാണ്ടിലേറെയായി കോട്ടൂര്‍ പ്രദേശത്തു റബ്ബര്‍ ടാപ്പിങ് നടത്തി വരികയാണ് അച്ഛൻ തങ്കയ്യന്‍. അതില്‍ നിന്നും കിട്ടുന്ന വരുമാനത്തിലാണ് തന്റെ മകള്‍ അഞ്ജുവിനെ പഠിപ്പിച്ചത്. കോട്ടൂര്‍ സര്‍ക്കാര്‍ യൂ. പി.സ്‌കൂളില്‍ ഒന്ന് മുതല്‍ ഏഴുവരെയും ,എട്ട് മുതല്‍ പത്താം ക്ലാസ്സ് വരെ കുറ്റിച്ചല്‍ പരുത്തിപ്പള്ളി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ മലയാളം മീഡിയത്തിലുമായിരുന്നു അഞ്ജുവിന്റെ പഠനം. തുടര്‍ന്ന് കാട്ടാക്കട കുളത്തുമ്മല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. ഡോ:അഞ്ജുവിന് എല്ലാവിധ ആശംസകളും നേരുന്നു.

Rahul