ടോക് പിസിൻ ഭാഷയിൽ പപ്പുവ ന്യൂ ഗിനിയായുമായി സഹകരിച്ച് ഡോ. ബിജുവിൻറെ പുതിയ ചിത്രം; പാ രഞ്ജിത്ത് നിർമ്മാണ പങ്കാളി

Follow Us :

പപ്പുവ ന്യൂ ഗിനിയായുമായി സഹകരിച്ച് നിർമ്മിക്കുന്ന തൻറെ പതിനഞ്ചാമത്തെ ചലച്ചിത്രം പ്രഖ്യാപിച്ച് ഡോ.ബിജു. പപ്പാ ബുക്ക എന്നാണ് ചിത്രത്തിന് പേര് നൽകിയിട്ടുള്ളത്. പപ്പുവ ന്യൂ ഗിനിയയിലെ ഭാഷ ആയ ടോക് പിസിനിലാണ് ചിത്രം എടുക്കുന്നത്. 2024 ജൂലൈയിൽ ഷൂട്ടിം​ഗ് ആരംഭിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഡോ. ബിജു അറിയിച്ചു. പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസിന്റെ ബാനറുമായി സഹകരിച്ചാണ് സിനിമ ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഡോ. ബിജുവിൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം

എന്റെ പതിനഞ്ചാമത്തെ സിനിമ ആണ് പപ്പാ ബുക്ക . 2005 ൽ “സൈറ”യിൽ തുടങ്ങി 2024 ആകുമ്പോഴേക്കും 19 വർഷങ്ങൾ , പതിനഞ്ചാമത്തെ സിനിമയിലേക്ക് . ഇതിൽ നാല് ചിത്രങ്ങൾ മറ്റു ഭാഷകളിൽ ആണ് . “സൗണ്ട് ഓഫ് സൈലൻസ്” ഹിന്ദി പഹാരി ടിബറ്റൻ ഭാഷകളിൽ , ഇംഗ്ലീഷ് ഭാഷയിലുള്ള “പെയിന്റിങ് ലൈഫ്” , തെലുങ്ക് ഭാഷയിലുള്ള “സ്ഥലം” , ഇപ്പോൾ പപ്പുവ ന്യൂ ഗിനിയയിലെ ഭാഷ ആയ ടോക് പിസിൻ, ഹിന്ദി , ഇംഗ്ളീഷ് ഭാഷകളിൽ “പപ്പാ ബുക്ക” .

പപ്പുവ ന്യൂ ഗിനിയായും ആയുള്ള ഈ കോ പ്രൊഡക്ഷൻ പ്രോജക്റ്റ് 2019 മുതൽ ചർച്ചകൾ നടക്കുന്നത് ആണ് . പപ്പുവ ന്യൂ ഗിനിയയിലെ പ്രൊഡക്ഷൻ കമ്പനി ആയ NAFA യുമായി ദീർഘമായ ചർച്ചകൾ . രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ആയതു കൊണ്ട് തന്നെ ഒരു പ്രോപ്പർ സ്ക്രിപ്റ്റിൽ എത്താൻ ഒട്ടേറെ സമയം എടുത്തു . ആദ്യം എഴുതിയ രണ്ടു സ്ക്രിപ്റ്റുകൾ വേണ്ടെന്നു വെച്ച ശേഷം ആണ് മൂന്നാമത് ഒരു സ്ക്രിപ്റ്റ് ഫൈനലൈസ് ചെയ്തത് . പിന്നീട് നിരവധി പ്രീ പ്രൊഡക്ഷൻ ചർച്ചകൾ , ഇന്റർനാഷണൽ കോ പ്രൊഡക്ഷൻ എഗ്രിമെന്റ് ഡ്രാഫ്റ്റിങ് , അങ്ങനെ ഒട്ടേറെ കടമ്പകൾ . ഒടുവിൽ എല്ലാം പൂർത്തിയാക്കി 2024 ജൂലായ് മാസത്തിൽ ഷൂട്ടിങ്ങിലേക്ക് .

സിനിമയുടെ വലിയ ഒരു പ്രതിസന്ധി ഇന്ത്യയിൽ നിന്നുമുള്ള പ്രൊഡക്ഷൻ പാർട്ണർഷിപ് ലഭിക്കുക എന്നായിരുന്നു . മറ്റൊരു രാജ്യവുമായുള്ള കോ പ്രൊഡക്ഷൻ സിനിമയുടെ സാധ്യതകൾ മനസ്സിലാകുന്ന ഒരു പ്രൊഡക്ഷൻ കമ്പനിയെ ഇവിടെ നിന്നും ലഭിക്കുക എന്നത് എളുപ്പം ആയിരുന്നില്ല . നടനും സുഹൃത്തുമായ പ്രകാശ് ബാരെയുടെ നിർമാണ കമ്പനി ആയ സിലിക്കൺ മീഡിയ ഒരു പ്രൊഡക്ഷൻ പാർട്ണർ ആകാമെന്ന് ആദ്യമേ ഉറപ്പു നൽകിയത് ആണ് പ്രോജക്ട് മുന്നോട്ടു കൊണ്ടുപോകാൻ വലിയ ധൈര്യം തന്നത് . പക്ഷേ പ്രധാന പ്രൊഡക്ഷൻ പാർട്ണർ ആയി ഒരു നിർമാണ കമ്പനി കൂടി ഇന്ത്യയിൽ നിന്നും ലഭിച്ചാലേ പ്രോജക്റ്റ് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമായിരുന്നുള്ളൂ . പ്രിയപ്പെട്ട സഹോദരൻ പ്രശസ്ത സംവിധായകൻ പാ രഞ്ജിത്തുമായി ഒരു ദിവസം ചെന്നൈയിൽ വെച്ച് ഈ സിനിമയുടെ കാര്യം സംസാരിക്കാൻ ഒരു അവസരം ലഭിച്ചു . പാ രഞ്ജിത് ഈ സിനിമയുടെ നിർമാണ പങ്കാളിയാകാൻ തയ്യാറായി .

പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസിന്റെ ബാനറുമായി ഒന്നിച്ചൊരു സിനിമ ചെയ്യുക എന്നത് തീർച്ചയായും വലിയ ഒരു കാര്യമാണ് . ഞാൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ പ്രധാന നിർമാണ പങ്കാളി ആയി പാ രഞ്ജിത് എത്തുന്നു എന്നതിന് സാമൂഹ്യപരമായും ചരിത്രപരമായും ഒരു പ്രാധാന്യം ഉണ്ട് എന്ന് കൂടി ഞാൻ വിശ്വസിക്കുന്നു . ഇന്ത്യയിൽ നിന്നും പാ രഞ്ജിത്ത് , പ്രകാശ് ബാരെ , പപ്പുവ ന്യൂ ഗിനിയയിൽ നിന്നും NAFA നിർമാണ കമ്പനിയെ പ്രതിനിധീകരിച്ചു മിസ് കാത്തി സൈക് എന്നിവരാണ് “പപ്പാ ബുക്ക” നിർമിക്കുന്നത് .

സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട് . പപ്പുവ ന്യൂ ഗിനിയയിലെ നാഷണൽ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ ഈ സിനിമയുടെ ഷൂട്ടിങ് പ്രോസസ്സിൽ പങ്കു ചേരുന്നുണ്ട് . സംവിധാനം , ക്യാമറ , സിങ്ക് സൗണ്ട് , എഡിറ്റിങ് , പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയ സാങ്കേതിക മേഖലകളിൽ ഇവർക്ക് പ്രാക്ടിക്കൽ പരിശീലനം ഷൂട്ടിനൊപ്പം ലഭിക്കുന്നു . ഇൻഡ്യാ പപ്പുവാ ന്യൂ ഗിനിയാ സിനിമാറ്റിക് കൾച്ചറൽ എക്സ്ചേഞ്ചിന്റെ ഭാഗമായി ആണിത് .

എന്റെ കഴിഞ്ഞ സിനിമ ആയ അദൃശ്യ ജാലകങ്ങളിൽ സംഗീതം ഒരുക്കിയ ലോക പ്രശസ്ത സംഗീതജ്ഞനും മൂന്ന് തവണ ഗ്രാമി പുരസ്‌കാര ജേതാവുമായ റിക്കി കേജ്‌ ആണ് പപ്പാ ബുക്കയുടെയും സംഗീതം ഒരുക്കുന്നത് . പ്രയപ്പെട്ട എം ജെ രാധാകൃഷ്ണൻ ചേട്ടന്റെ മകൻ കൂടിയായ യെദു രാധാകൃഷ്ണൻ സ്വതന്ത്ര ഛായാഗ്രാഹകൻ ആകുന്നത് എന്റെ ഓറഞ്ച് മരങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് . ഞങ്ങൾ ഒരു മിച്ചു ചെയ്യുന്ന അഞ്ചാമത്തെ സിനിമ ആണ് പപ്പാ ബുക്ക .

എഡിറ്റർ ഡേവിസ് മാനുവലുമായി ഒന്നിക്കുന്ന എട്ടാമത്തെ ചിത്രം . കലാസംവിധായകൻ എന്ന നിലയിൽ ദിലീപ് ദാസ് എന്നോടൊത്തു ചെയ്യുന്ന രണ്ടാമത്തെ സിനിമ . ഡിസൈനർ എന്ന നിലയിൽ ദിലീപിന്റെ എന്നോടൊത്തുള്ള ഏഴാമത്തെ സിനിമയും . കോസ്റ്റിയൂം ഡിസൈനർ എന്ന നിലയിൽ അരവിന്ദ് എന്നോടൊപ്പം പ്രവർത്തിക്കുന്ന പതിമൂന്നാമത്തെ ചിത്രം ആണ് . വീട്ടിലേക്കുള്ള വഴിയിൽ തുടങ്ങിയ സഹകരണം ആണ് .

പൂർണ്ണമായും പപ്പുവ ന്യൂ ഗിനിയയിൽ ചിത്രീകരിക്കുന്ന പപ്പാ ബുക്കയിൽ ഇന്ത്യയിൽ നിന്നും രണ്ടു അഭിനേതാക്കളെ ഉള്ളൂ . ബാക്കി അഭിനേതാക്കൾ എല്ലാം പപ്പുവായിൽ നിന്നും ഉള്ളവർ ആണ് . പ്രകാശ് ബാരെയും ബംഗാളി /ഹിന്ദി താരം റിതാഭാരി ചക്രബർത്തിയും ആണ് ഇന്ത്യയിൽ നിന്നുള്ള അഭിനേതാക്കൾ . പ്രധാന വേഷങ്ങളും ഗസ്റ്റ് അപ്പീയറൻസും ഉൾപ്പെടെ ഞാനും പ്രകാശ് ബാരെയും ഒത്തുള്ള ഏഴാമത്തെ സിനിമയാണ് ഇത് . റിതാഭാരി യുമൊത്തു ഞാൻ ഇതിനു മുൻപ് പെയിന്റിങ് ലൈഫ് എന്ന സിനിമ ചെയ്തിട്ടുണ്ട് .

ഇത്തവണ എല്ലാവരും ഒത്തു ചേരുന്നത് ഒരു ഇന്റർ നാഷണൽ സിനിമയ്ക്ക് വേണ്ടിയാണ് . 2025 ലാണ് സിനിമ ചലച്ചിത്ര മേളകളിലേക്കും തുടർന്ന് വിവിധ രാജ്യങ്ങളിലെ തിയറ്ററുകളിലേക്കും ഓ ടി ടി കളിലേക്കും ഒക്കെ എത്തുന്നത് . ഇന്ത്യയും പപ്പുവ ന്യൂ ഗിനിയായും ആയുള്ള ആദ്യത്തെ കോ പ്രൊഡക്ഷൻ സിനിമ രണ്ടു രാജ്യങ്ങളും തമ്മിലുള്ള കൾച്ചറൽ എക്സ്ചേഞ്ചിൽ ഒരു നിർണ്ണായക തുടക്കം കുറിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു .