തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ പോയി ആരാധകരെ സൃഷ്ടിക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധ്യമായൊരു കാരണമാണ്. അത്തരത്തിൽ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച് താരമൂല്യം ഉയർത്തി മുന്നേറുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ മകൻ എന്നതിലുപരിയായി ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന നടൻ കൂടിയാണ് ദുൽഖർ സൽമാൻ. മലയാളികൾക്കിടയിൽ മാത്രമല്ല ദുൽഖർ സുപരിചിതനാകുന്നത് മലയാളത്തിന്റെ കുഞ്ഞിക്കയെ അറിയാത്ത നോർത്ത് ഇന്ത്യക്കാർ കുറവായിരിക്കും ഇപ്പോൾ. സീതാരാമം, ചുപ് തുടങ്ങിയ സിനിമകൾ ഇറങ്ങിയതിനു ശേഷമാണ് ദുൽഖറിന് നോർത്ത് ഇന്ത്യയിലും ആരാധകർ വർധിച്ചത്. മമ്മൂട്ടിയുടെ രണ്ട് മക്കളിൽ പിതാവിന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയത് ദുൽഖർ സൽമാൻ മാത്രമാണ്. താരത്തിന്റെ മൂത്ത മകൾ സുറുമിക്ക് ചിത്രരചനയോടും വായനയോടുമെല്ലാമാണ് താൽപര്യം. സഹോദരങ്ങൾ എന്നതിലുപരി സുഹൃത്തുക്കളെപ്പോലെയാണ് ദുൽഖറും സുറുമിയും പെരുമാറാറുള്ളത്. ഇത്തയെ കുറിച്ച് പറയാനും എഴുതാനും എപ്പോഴും സമയം കണ്ടെത്താറുമുണ്ട് ദുൽഖർ. സുറുമിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ദുൽഖറിന്റെ പിറന്നാൾ ആശംസകൾക്കായാണ്. ഇപ്പോഴിതാ പിതാവിനെപോലെ ഫോട്ടോഗ്രഫിയിൽ സുറുമിക്കുള്ള കമ്പം വ്യക്തമാക്കുന്ന ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.
ഇത്ത പകർത്തിയ തന്റെ കാൻഡിഡ് ചിത്രമാണ് ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ദുൽഖറിനൊപ്പമുള്ള വ്യക്തി സുറുമിയുടെ ഭർത്താവ് ഡോ. റെയ്ഹാനാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. അളിയനൊപ്പം ഫോർമൽ ഡ്രസ്സിൽ ക്ലാസിലുക്കിൽ സ്റ്റൈലിഷ് ചിരിയുമായാണ് ഫോട്ടോയിൽ ദുൽഖർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കാൻഡിഡ് ക്യാപ്ചർ എന്നാണ് സുറുമി പകർത്തിയ ചിത്രത്തിന് ദുൽഖർ സൽമാൻ നൽകിയിരിക്കുന്നു ക്യാപ്ഷൻ. മൈ വൺ ആന്റ് ഓൺലി, സിബ്ലിങ് ക്ലിക്ക്, ബെസ്റ്റ്, കാൻഡിഡ് ഫോട്ടോസ്, സ്പെഷ്യൽ സമ്മിറ്റ്, ഇൻവെസ്റ്റർമീറ്റ്, ക്ലിനീങ് അപ്പ്, ബിസിനസ്മാൻ എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് ദുൽഖർ സൽമാൻ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പെങ്ങൾ പകർത്തിയ സഹോദരന്റെ ഫോട്ടോ അതിവേഗത്തിൽ തന്നെ എന്തായാലും ആരാധകർക്കിടയിൽ ശ്രദ്ധനേടിയിട്ടുണ്ട്. അളിയന്റെ മുഖം കൂടി ക്ലിയറാകുന്ന തരത്തിലുള്ള ഫോട്ടോ പങ്കിടാമായിരുന്നുവെന്നാണ് ചിലർ കമന്റായി കുറിച്ചത്.അതുപോലെ അച്ഛന്റെ പാത പിന്തുടർന്നു മകൾ എന്നും ആരാധകർ പറയുന്നു.