ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

Follow Us :

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന സത്‌സംഗം പരിപാടിക്കിടെയാണ് സംഭവം ഉണ്ടായത്. ഒരു ലക്ഷത്തോളം പേരാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ടുകൾ. യുപിയിൽ കനത്ത ചൂടാണ് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. ഇതിനിടെ ഇത്രയും പേർ പങ്കെടുത്ത പരിപാടി സംഘടിപ്പിക്കുകയായിരുന്നു.

കനത്ത ചൂടിൽ കുഴഞ്ഞുവീണാണ് പലരും മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൂട് സഹിക്കാനാവാതെ പരിപാടിക്കായി ഉണ്ടാക്കിയ പന്തലിൽ നിന്ന് പലരും പുറത്ത് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് തിക്കും തിരക്കുമുണ്ടായത്. 90 പേരാണ് മരിച്ചതെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ, മരണസംഖ്യ 100 കടന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. മരിച്ചവരിൽ 23 പേർ സ്ത്രീകളാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയും സംഭവത്തിൽ
അനുശോചനം രേഖപ്പെടുത്തി. ദുരന്ത വാര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെൻ്റിൽ തന്റെ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. പ്രസംഗത്തിലുടനീളം ബഹളം വെച്ച പ്രതിപക്ഷ അംഗങ്ങൾ ഹാഥ്റസ് വിഷയം പ്രധാനമന്ത്രി ഉന്നയിച്ചപ്പോൾ നിശബ്ദരായി.