‘ഞങ്ങളുടെ രാജ്ഞി കങ്കണയ്ക്ക് വേണ്ടി…’; തെരഞ്ഞെടുപ്പ് ചൂടിൽ താരം തിരക്കിൽ; ‘എമർജൻസി’ റിലീസ് മാറ്റി

Follow Us :

കങ്കണ റണാവത്ത് അഭിനയിച്ച എമർജൻസി ചിത്രത്തിന്റെ റിലീസ് മാറ്റിയതായി റിപ്പോർട്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് ഈ ചിത്രത്തിൽ കങ്കണ അഭിനയിക്കുന്നത്. കങ്കണയുടെ നിർമ്മാണ കമ്പനിയായ മണികർണിക ഫിലിംസ് സോഷ്യൽ മീഡിയയിൽ റിലീസ് മാറ്റിയതായുള്ള വിവരം പങ്കുവെച്ചു. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും പ്രൊഡക്ഷൻ ഹൗസ് അറിയിക്കുന്നുണ്ട്.

“ഞങ്ങളുടെ രാജ്ഞി കങ്കണയ്ക്ക് വേണ്ടി. രാജ്യത്തോടുള്ള കടമയ്ക്കും രാജ്യത്തെ സേവിക്കാനുള്ള അവളുടെ പ്രതിബദ്ധതയ്ക്കും കങ്കണ മുൻഗണന നൽകുന്നതിനാൽ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘എമർജൻസി’യുടെ റിലീസ് തീയതി മാറ്റിവച്ചിരിക്കുന്നു. ഒരു പുതിയ റിലീസ് തീയതി ഉടൻ അപ്‌ഡേറ്റ് ചെയ്യും . നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി” – എന്നാണ് മണികർണിക ഫിലിംസ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചിട്ടുള്ളത്.

ബിജെപി സ്ഥാനാർത്ഥിയായി കങ്കണ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭ മണ്ഡലത്തിലാണ് താരം മത്സരിക്കുന്നത്. രാഷ്ട്രീയപരമായ കാര്യങ്ങളാലാണ് സിനിമയുടെ റിലീസ് മാറ്റിവെച്ചത് എന്നാണ് റിപ്പോർട്ട്. കങ്കണ തെരഞ്ഞെടുപ്പ് പ്രചാരണ രം​ഗത്ത് തിരക്കിലുമാണ്. എഴുത്തുകാരിയായും സംവിധായികയായും നിർമ്മാതാവായും കങ്കണ എത്തുന്ന പ്രൊജക്റ്റാണ് ‘എമർജൻസി’. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.