‘ബിബിന്‍ ജോര്‍ജിന്റെയും കൂട്ടാളികളയുടെയും സെന്റി സീനുകളൊന്നും വര്‍ക്ക് ഔട്ട് ആയില്ല’

തിരക്കഥാകൃത്തുക്കളും കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെച്ച ചിത്രമാണ് ‘വെടിക്കെട്ട്’. ബാദുഷാ സിനിമാസിന്റേയും ഗോകുലം മൂവീസിന്റേയും ബാനറുകളില്‍ ഗോകുലം ഗോപാലന്‍, എന്‍. എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘ഞങ്ങള് കഥയെഴുതും, ഞങ്ങള് സംവിധാനം ചെയ്യും, ഞങ്ങള്തന്നെ അഭിനയിക്കും,ആരാടാ ഇവിടെ ചോദിക്കാന്‍”
അങ്ങനെയായാല്‍, ഇങ്ങനെയിരിക്കും.
90 കളുടെ സ്‌റ്റൈല്‍ സിനിമകളുടെ ഒരാരാധകനാണ് ഞാന്‍. പക്ഷേ കാസ്റ്റിംഗ് പാളിപ്പോയാലോ, അതാണിവിടെ സംഭവിച്ചത്. ആദ്യ പകുതി വളരെ നല്ല രീതിയില്‍ പോയ പടം, പക്ഷേ സെക്കന്റ് ഹാഫിലെ സെന്റി സീനുകള്‍ വന്നപ്പോള്‍ പുതുമുഖങ്ങളുടെ പരിമിതികള്‍ പുറത്തുവന്നു.
ഞാന്‍ പല ഗ്രൂപ്പുകളിലും പോയി ഈ സിനിമക്കെതിരെ ഡീഗ്രേഡിംഗ് നടക്കുന്നത്‌കൊണ്ടാണ് പടത്തിന് ആളില്ലാത്തത് എന്ന് പറഞ്ഞ് പോസ്റ്റൊട്ടിച്ചോണ്ടിരിക്കുവായിരുന്നു. കണ്ടപ്പൊഴല്ലേ മനസിലായത് അതൊന്നും അല്ല പ്രശ്‌നം എന്ന്.
ബിബിന്‍ ജോര്‍ജിന്റെയും കൂട്ടാളികളയുടെയും സെന്റി സീനുകളൊന്നും വര്‍ക്ക് ഔട്ട് ആയില്ല. വിഷ്ണുവിന്റെ അച്ഛനായി വന്ന കഥാപാത്രമൊക്കെ കട്ട ശോകം ആയിരുന്നു. ഇഷ്ടപ്പെട്ട സീനുകള്‍ വളരെ കുറച്ചേ ഉണ്ടായുള്ളൂ, എടുത്ത് പറയേണ്ടത് സിനിമയിലെ നാടന്‍ പാട്ടുകളാണ്. പൊതുവേ ആവറേജില്‍ ഒതുങ്ങി വെടിക്കെട്ട്.
നന്ദി പറയേണ്ടത് പൂക്കോട്ടുംപാടം ഗ്യാലക്‌സി തീയേറ്ററുകാരോടാണ്. പ്രതീക്ഷയോടെ സിനിമകാണാന്‍ വന്ന അഞ്ചാളേയും നിരാശരാക്കാതെ സിനിമ ഇട്ടുതന്നതിനെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും ഇവര്‍ തന്നെയാണ്. പുതുമുഖ താരം ഐശ്യര്യ അനില്‍കുമാറാണ് നായിക. ഇവര്‍ക്ക് പുറമെ ഇരുന്നൂറോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നാളിതുവരെ നാം കണ്ടതില്‍ വച്ച് തികച്ചും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍, ജിയോ ജോസഫ്, ഹന്നാന്‍ മാരമുറ്റം എന്നിവരാണ് സഹനിര്‍മ്മാണം. ശ്രീ ഗോകുലം മൂവീസാണ് കേളത്തിലെ 130ഓളം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജോണ്‍കുട്ടിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന്‍ ദേവസി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് ശ്യം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫിന്റെതാണ് പശ്ചാത്തല സംഗീതം. കൃഷ്ണമൂര്‍ത്തി, മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

Gargi